News

പൈലറ്റ് സ്മിത് മച്ചാറിനെ ആർഎസ്എസ് അഭിനന്ദിച്ചു: ‘യഥാർത്ഥ നായകൻ’

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ന്യൂദൽഹി: ദുബായിൽ നിന്ന് ടെൽ അവീവിലേക്കുള്ള ഫ്‌ളൈ ദുബായ് വിമാനം എഫ് സെഡ് 1073 ൽ യാത്രയ്‌ക്കിടെയുണ്ടായ പ്രതിസന്ധി ഘട്ടത്തിൽ ധീരത പ്രകടിപ്പിച്ച ഭാരത പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ രാഷ്‌ട്രീയ സ്വയംസേവക് സംഘ് (ആർഎസ്എസ്) അഭിനന്ദിച്ചു. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ മച്ചാറിന്റെ ഇടപെടൽ സഹായിച്ചുവെന്നും അദ്ദേഹമൊരു ‘യഥാർത്ഥ നായകനാണെന്നും’ ആർഎസ്എസ് വിശേഷിപ്പിച്ചു.

‘എക്‌സ്’ ലെ ഒരു പോസ്റ്റിലൂടെ ആർഎസ്എസ് അഖിലഭാരതീയ പ്രചാർ പ്രമുഖ് സുനിൽ ആംബേക്കർ പൈലറ്റിനെ അഭിനന്ദിക്കുകയും അദ്ദേഹം വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്ന് ആശംസിക്കുകയും ചെയ്തു. ‘ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ അസാധാരണമായ ധീരതയ്‌ക്ക് അഭിവാദ്യം. ഔദ്യോഗിക കൃത്യനിർവ്വഹണത്തിനപ്പുറം പോയി പ്രവർത്തിച്ച അദ്ദേഹം 170ലധികം പേരുടെ ജീവൻ രക്ഷിക്കാൻ സഹായിച്ചു. അദ്ദേഹം ഒരു യഥാർത്ഥ നായകനാണ്; അദ്ദേഹത്തിന്റെ ധീരതയിലും സമയബന്ധിതമായ ഇടപെടലിലും രാജ്യം മുഴുവൻ അഭിമാനിക്കുന്നു. അദ്ദേഹം പൂർണ്ണമായും വേഗത്തിലും സുഖം പ്രാപിക്കട്ടെ എന്ന് ആശംസിക്കുന്നു,’ ആംബേക്കർ കുറിച്ചു.

ദുബായിൽ നിന്ന് ടെൽ അവീവിലേക്ക് ബോയിംഗ് 737 വിമാനം പറത്തുന്നതിനിടെ സഹപൈലറ്റ് മച്ചാറിനെ കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു. ആക്രമണത്തെത്തുടർന്ന് വിമാനം പെട്ടെന്ന് താഴേക്ക് താഴ്‌ന്നെങ്കിലും, യാത്രക്കാരും ജീവനക്കാരും ഇടപെട്ട് സാഹചര്യം നിയന്ത്രണവിധേയമാക്കി. പിന്നീട് സൗദി അറേബ്യയിലെ തബൂക്കിൽ വിമാനം അടിയന്തരമായി ഇറക്കി; 174 യാത്രക്കാരും സുരക്ഷിതരായിരുന്നു.

ഗുരുതരമായി പരിക്കേറ്റിട്ടും കോക്പിറ്റ് വാതിൽ തുറക്കാൻ മച്ചാറിന് സാധിച്ചു, ഇത് യാത്രക്കാർക്കും ജീവനക്കാർക്കും ചേർന്ന് അക്രമിയെ കീഴ്‌പ്പെടുത്താൻ അവസരമൊരുക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും പൈലറ്റിനെ അഭിനന്ദിച്ചു. അദ്ദേഹത്തെ ഒരു ‘നായകൻ’ എന്ന് വിശേഷിപ്പിച്ച മോദി, മച്ചാറിന്റെ ധീരതയും നിശ്ചയദാർഢ്യവും ജീവൻ രക്ഷിക്കാനും വലിയൊരു ദുരന്തം ഒഴിവാക്കാനും സഹായിച്ചുവെന്ന് പറഞ്ഞു.

‘ക്യാപ്റ്റൻ സ്മിത് മച്ചാർ ഒരു നായകനാണ്. അതീവ അപകടകരമായ സാഹചര്യത്തിലും ഗുരുതരമായ പരിക്കേറ്റ അവസ്ഥയിലും മറ്റുള്ളവരുടെ ജീവൻ സംരക്ഷിക്കാൻ അദ്ദേഹം വലിയ ധീരതയും അചഞ്ചലമായ നിശ്ചയദാർഢ്യവും പ്രകടിപ്പിച്ചു. അദ്ദേഹത്തിന്റെ ധീരത നൂറുകണക്കിന് ആളുകളുടെ ജീവൻ രക്ഷിക്കാനും വലിയൊരു ദുരന്തം ഒഴിവാക്കാനും സഹായിച്ചു,’ മോദി ‘എക്‌സ്’ൽ കുറിച്ചു.

മച്ചാറിന് 9,750 മണിക്കൂറിലധികം പറക്കൽ പരിചയം

13 വർഷത്തിലേറെയായി വ്യോമയാന രംഗത്ത് പ്രവർത്തിക്കുന്ന പരിചയസമ്പന്നനായ വാണിജ്യ വിമാന പൈലറ്റാണ് മച്ചാർ. ഫ്‌ളൈ ദുബായിൽ ചേരുന്നതിന് മുമ്പ് സ്‌പൈസ് ജെറ്റിൽ ജോലി ചെയ്തിരുന്ന അദ്ദേഹം അവിടെ ‘ലൈൻ ട്രെയിനിംഗ് ക്യാപ്റ്റൻ’ ആയി സേവനമനുഷ്ഠിച്ചിട്ടുണ്ട്. പ്രധാനമായും ബോയിംഗ് 737 വിമാനങ്ങളിലായി ഏകദേശം 9,750 മണിക്കൂർ അദ്ദേഹം പറത്തിയിട്ടുണ്ട്.

കോക്ക്പിറ്റിലുണ്ടായ ആക്രമണത്തെത്തുടർന്ന് ഇക്കാര്യത്തിൽ അന്വേഷണം ആരംഭിച്ചു. അന്വേഷണം തുടരുന്നതിനിടെ, ഇസ്രയേലിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ ഫ്‌ളൈ ദുബായ് താൽക്കാലികമായി നിർത്തിവച്ചു. മച്ചാറിനെ തബൂക്കിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോർട്ട്.

Recent Posts