ദുബായ്: ടെല്‍ അവീവിലേക്ക് പറന്ന ഫ്‌ലൈദുബായ് വിമാനത്തില്‍ പൈലറ്റുമാര്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടെ ഒരാള്‍ വിമാനം തകര്‍ക്കാന്‍ ശ്രമിച്ചു. ദുബായിയില്‍ നിന്ന് ടെല്‍ അവീവിലേക്ക് പുറപ്പെട്ട എഫ്ഇസഡ്1073 വിമാനമാണ് സംഭവത്തെ തുടര്‍ന്ന് സൗദി അറേബ്യയിലെ തബൂക്ക് വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കിയത്. വിമാനത്തിലുണ്ടായിരുന്ന മുഴുവന്‍ യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്ന് ഫ്‌ലൈദുബായ് അറിയിച്ചു.
കോക്പിറ്റില്‍ രണ്ട് പൈലറ്റുമാര്‍ തമ്മില്‍ രൂക്ഷമായ ഏറ്റുമുട്ടലുണ്ടായതിനേത്തുടര്‍ന്ന് ഒരാള്‍ മറ്റൊരാളെ കത്തികൊണ്ട് ആക്രമിച്ചു. യാത്രക്കാരും മറ്റ് ജീവനക്കാരും ഇടപെട്ടാണ് അക്രമം നിയന്ത്രിച്ചത്. സംഭവത്തിനിടെ വിമാനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുന്ന സാഹചര്യമുണ്ടായി. വിമാനം ഏകദേശം 34,000 അടി ഉയരത്തില്‍ നിന്ന് വളരെ വേഗത്തില്‍ താഴേക്ക് പതിച്ചതായി ഫ്‌ലൈറ്റ് ട്രാക്കിങ് വിവരങ്ങള്‍ വ്യക്തമാക്കുന്നു.
വിമാനം ആദ്യം അടിയന്തരാവസ്ഥ സൂചിപ്പിക്കുന്ന 7700 കോഡ് നല്‍കി. മിനിറ്റുകള്‍ക്കകം അനധികൃത ഇടപെടല്‍ അഥവാ ഹൈജാക്ക് സൂചിപ്പിക്കുന്ന 7500 കോഡും നല്‍കി. ഇതോടെയാണ് ഇസ്രയേല്‍ സുരക്ഷാ സംവിധാനങ്ങള്‍ അതീവ ജാഗ്രതയിലായത്. ഇസ്രയേല്‍ വ്യോമസേന യുദ്ധവിമാനങ്ങള്‍ അയച്ച് വിമാനത്തെ നിരീക്ഷിച്ചു.
സംഭവത്തെക്കുറിച്ചുള്ള പ്രാഥമിക അന്വേഷണത്തില്‍ ഒരു പൈലറ്റ് വിമാനം നിലത്തിടിക്കാന്‍ ശ്രമിച്ചെന്ന സംശയം ഉയര്‍ന്നിട്ടുണ്ട്. കോക്പിറ്റിലെ ഏറ്റുമുട്ടലും വിമാനത്തിന്റെ പെട്ടെന്നുള്ള വലിയ ഉയരനഷ്ടവും കണക്കിലെടുത്താണ് ഈ സംശയം ഉയര്‍ന്നതെന്ന് ഇസ്രയേലി സുരക്ഷാ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പറയുന്നു. ചില റിപ്പോര്‍ട്ടുകളില്‍ സംഭവത്തെ ആത്മഹത്യാശ്രമവുമായി ബന്ധപ്പെടുത്തിയിട്ടുണ്ട്.
എന്നാല്‍ ഇസ്രയേല്‍ പ്രധാനമന്ത്രിയുടെ ഓഫീസ് സംഭവം ഹൈജാക്കിങ് അല്ലായെന്നാണ് വ്യക്തമാക്കിയത്. സംഭവത്തിന്റെ കൃത്യമായ കാരണം കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണ്.












