കോട്ടയം: ലയണല്‍ മെസ്സിയെയും അര്‍ജന്റീനയുടെ ഫുട്‌ബോള്‍ ടീമിനെയും കേരളത്തില്‍ എത്തിക്കുമെന്നു പറഞ്ഞ് റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡ് കമ്പനി നടത്തിയ പണമിടപാടുകളും കോടികളുടെ തട്ടിപ്പും കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കണമെന്ന് ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷന്‍ അഡ്വ. ഷോണ്‍ ജോര്‍ജ്.
സംസ്ഥാന സര്‍ക്കാര്‍, ഇതന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ (എസ്‌ഐടി) പ്രഖ്യാപിച്ചത് ഇതിലെ പ്രതികളെ രക്ഷിക്കാനാണോയെന്ന് സംശയിക്കുന്നു. കേസുമായി ബന്ധപ്പെട്ട 80 ശതമാനം കുറ്റകൃത്യങ്ങളും കേന്ദ്ര എന്‍ജന്‍സികള്‍ അന്വേഷിക്കേണ്ടവയായതിനാല്‍ എസ്‌ഐടിക്ക് അന്വേഷിക്കാവുന്ന പരിധിയുടെ പുറത്താണ്. വിഷയം സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് (എസ്എഫ്‌ഐഒ) അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാരിന് പരാതി നല്‍കിയിട്ടുണ്ടെന്നും ഷോണ്‍ ജോര്‍ജ് പത്രസമ്മേളനത്തില്‍ പറഞ്ഞു.
വിദേശ സാമ്പത്തിക ഇടപാട്, അതിന്റെ ഉറവിടം, ഐജിഎസ്ടി പ്രകാരം നടന്ന ജിഎസ്ടി തട്ടിപ്പ്, ബ്രോഡ്കാസ്റ്റിങ് അതോറിറ്റിയെപ്പോലും കബളിപ്പിക്കുന്ന തരത്തില്‍ റിപ്പോര്‍ട്ടര്‍ ചാനല്‍ നല്‍കിയ വിവരങ്ങള്‍ എന്നിവയെല്ലാം കേന്ദ്ര ഏജന്‍സികളുടെ അന്വേഷണ പരിധിയില്‍ വരുന്നവയാണ്. അനധികൃത നിര്‍മാണങ്ങള്‍ മൂലം കലൂര്‍ സ്റ്റേഡിയത്തിനുണ്ടായ നാശനഷ്ടങ്ങളും അന്വേഷിക്കണം.
















