
ന്യൂദൽഹി: വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പുനരവലോകന (എസ്‌ഐആർ) നടപടികളെക്കുറിച്ച് ചർച്ച ചെയ്യാനെന്ന പേരിൽ ഇൻഡി സഖ്യം നടത്തിയ യോഗം, ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ പുനരവതരിപ്പിക്കാനുള്ള (റീലോഞ്ച്) കോൺഗ്രസിന്റെ മറ്റൊരു ശ്രമമായെന്ന് ബിജെപി കുറ്റപ്പെടുത്തി.
എസ്‌ഐആർ നടപടികൾ, തെരഞ്ഞെടുപ്പ് കമ്മീഷന്റെ (ഇസിഐ) പ്രവർത്തനരീതിയിലുള്ള ആശങ്കകൾ, മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ജ്ഞാനേഷ് കുമാറിനെ നീക്കം ചെയ്യണമെന്ന ആവശ്യം എന്നിവ ചർച്ച ചെയ്യാൻ ന്യൂദൽഹി കോൺസ്റ്റിറ്റിയൂഷൻ ക്ലബ്ബിൽ പ്രതിപക്ഷ പാർട്ടികൾ യോഗം ചേർന്ന സാഹചര്യത്തിലാണ് ബിജെപിയുടെ ഈ വിമർശനം.
രാഹുൽ ഗാന്ധിയെ വ്യത്യസ്ത രീതികളിൽ വീണ്ടും വീണ്ടും അവതരിപ്പിക്കാൻ കോൺഗ്രസിന് ശ്രമിക്കാമെങ്കിലും, ജനങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയെത്തന്നെ തെരഞ്ഞെടുക്കുമെന്ന് ബിജെപി ദേശീയ വക്താവ് പ്രദീപ് ഭണ്ഡാരി പറഞ്ഞു.
സഖ്യത്തിനുള്ളിലെ സീറ്റ് വിഭജനത്തെച്ചൊല്ലി ഉത്തർപ്രദേശിൽ സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവുമായി രാഹുൽ ഗാന്ധി തർക്കത്തിലാണെന്നും ഭണ്ഡാരി എക്‌സിലെ പോസ്റ്റിൽ ചൂണ്ടിക്കാട്ടി.
എസ്‌ഐആർ വിഷയത്തിൽ ‘പ്രതിപക്ഷ ഐക്യം’ എന്ന കോൺഗ്രസിന്റെ ആഹ്വാനത്തിന്റെ പൊള്ളത്തരം വെളിപ്പെടുത്തുന്നതായിരുന്നു യോഗത്തിൽ നിന്ന് ആം ആദ്മി പാർട്ടിയുടെയും (എഎപി) സമാജ്‌വാദി പാർട്ടിയുടെയും (എസ്പി) വിട്ടുനിൽക്കലെന്നും അദ്ദേഹം പറഞ്ഞു.
‘എസ്‌ഐആർ എന്നത് വെറുമൊരു ഒഴികഴിവ് മാത്രമാണ്; മുമ്പ് അത് ‘ഇവിഎം’ (വോട്ടിംഗ് മെഷീൻ) ആയിരുന്നു, നാളെ അത് മറ്റെന്തെങ്കിലുമാകും. രാഹുലിനെ വീണ്ടും വീണ്ടും അവതരിപ്പിക്കാൻ കോൺഗ്രസിന് നൂറ് വ്യത്യസ്ത വഴികൾ പരീക്ഷിക്കാം: എന്നാൽ 2029ൽ ഇന്ത്യയിലെ ജനങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയെത്തന്നെ തെരഞ്ഞെടുക്കും,’ ഭണ്ഡാരി പറഞ്ഞു.
പ്രതിപക്ഷ ഐക്യത്തെ ചോദ്യം ചെയ്ത് ശിവരാജ് ചൗഹാൻ
‘ഇൻഡി’ സഖ്യത്തിലെ പാർട്ടികളും നേതാക്കളും രാഹുൽ ഗാന്ധിയെ തങ്ങളുടെ നേതാവായി അംഗീകരിക്കാൻ തയ്യാറല്ലെന്ന് കേന്ദ്ര കൃഷിമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ നേരത്തെ പറഞ്ഞിരുന്നു.
വാർത്താ ഏജൻസിയായ ഐഎഎൻഎസിനോട് സംസാരിക്കവെ, യോഗം തുടങ്ങുന്നതിന് മുമ്പുതന്നെ പ്രതിപക്ഷ സഖ്യം ഫലത്തിൽ തകർന്നിരുന്നുവെന്ന് ചൗഹാൻ പറഞ്ഞു.
‘യോഗം തുടങ്ങുന്നതിന് മുമ്പ് തന്നെ ഇൻഡി സഖ്യം തകർന്നു. ഡിഎംകെ യോഗത്തിൽ പങ്കെടുക്കുന്നില്ല. അഖിലേഷ് യാദവ് മറ്റെവിടെയോ തിരക്കിലാണ്. ആം ആദ്മി പാർട്ടി നേരത്തെതന്നെ വിട്ടുനിന്നു. ഉദ്ധവ് താക്കറെ നേരിട്ട് പങ്കെടുക്കുന്നില്ല, പകരം ഓൺലൈനായാണ് പങ്കെടുക്കുന്നത്. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്?’ അദ്ദേഹം ചോദിച്ചു.