Kerala

ഇടത്താവളങ്ങളില്‍ തീര്‍ത്ഥാടകര്‍ക്ക് സൗകര്യങ്ങള്‍ ഉറപ്പാക്കേണ്ടത് ബോര്‍ഡിന്റെ കടമ: ഹൈക്കോടതി

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കൊച്ചി: എരുമേലിയിലെ അയ്യപ്പക്ഷേത്രം ഉള്‍പ്പെടെ എല്ലാ ഇടത്താവളങ്ങളിലും ശബരിമല തീര്‍ത്ഥാടകര്‍ക്ക് മതിയായ സൗകര്യങ്ങള്‍ ഉറപ്പാക്കേണ്ടത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കടമയാണെന്ന് ഹൈക്കോടതി വ്യക്തമാക്കി.

ശബരിമലയില്‍ ഭസ്മം, സിന്ദൂരം, ചന്ദനം എന്നിവ പ്രയോഗിക്കുന്നതിനായി തീര്‍ത്ഥാടകരില്‍ നിന്ന് 10 രൂപ ഫീസ് ഈടാക്കാനുള്ള അവകാശം സംബന്ധിച്ച് അയ്യപ്പ സേവാ സമാജം സംസ്ഥാന സെക്രട്ടറി മനോജ് എസ്. നായര്‍ നല്‍കിയ ഹര്‍ജി തീര്‍പ്പാക്കവെയാണ് ഹൈക്കോടതിയുടെ നിരീക്ഷണം. ജസ്റ്റിസ് രാജ വിജയരാഘവന്‍, ജസ്റ്റിസ് കെ.വി. ജയകുമാര്‍ എന്നിവരാണ് ഹര്‍ജി പരിഗണിച്ചത്. ഹര്‍ജിക്കാര്‍ക്ക് വേണ്ടി അഡ്വ. വി. സജിത്ത്കുമാര്‍ ഹാജരായി.

ശബരിമലയില്‍ ഫീസ് ഈടാക്കുന്ന പാര്‍ക്കിംഗ് കേന്ദ്രങ്ങള്‍, പാര്‍ക്കിംഗ് സൗകര്യങ്ങള്‍ക്ക് പുറമെ സുരക്ഷിതമായ കുടിവെള്ളം, മൂത്രപ്പുരകള്‍ എന്നിവയ്‌ക്കുള്ള സൗകര്യങ്ങളും ഒരുക്കണമെന്ന് ചട്ടത്തില്‍ നിഷ്‌കര്‍ഷിക്കുന്നുണ്ടെന്ന് കോടതി വ്യക്തമാക്കി. ഉയര്‍ന്ന നിരക്ക് ഈടാക്കുന്ന പാര്‍ക്കിംഗ് കേന്ദ്രങ്ങള്‍ അധിക സൗകര്യങ്ങള്‍ കൂടി ഒരുക്കണമെന്നും ചട്ടം വ്യവസ്ഥ ചെയ്യുന്നുവെന്നും കോടതി പറഞ്ഞു. ഈ സാഹചര്യത്തില്‍ സിസിടിവി നിരീക്ഷണം, റേഡിയോ ഫ്രീക്വന്‍സി ടാഗുകള്‍, ഓട്ടോമേറ്റഡ് ബൂം ബാരിയറുകള്‍, ഡിജിറ്റല്‍ പാസ് കോഡുകള്‍, ഓട്ടോമാറ്റിക് നമ്പര്‍ പ്ലേറ്റ് റെക്കഗ്നിഷന്‍ ക്യാമറകള്‍ എന്നിവ ഉപയോഗിച്ചുള്ള വാഹന പ്രവേശനം, ഇലക്ട്രിക് വാഹനങ്ങള്‍ക്കായി ലെവല്‍ 2 അല്ലെങ്കില്‍ ലെവല്‍ 3 ഡിസി ഫാസ്റ്റ്-ചാര്‍ജിംഗ് പോയിന്റുകള്‍, ഒഴിവുള്ള പാര്‍ക്കിംഗ് സ്ഥലങ്ങള്‍ തത്സമയം കാണിക്കുന്ന ഡിജിറ്റല്‍ ബോര്‍ഡുകളും ഓരോ സ്ഥലത്തും പ്രത്യേകം ലൈറ്റുകളും, കഠിനമായ വെയിലില്‍ നിന്നും മഴയില്‍ നിന്നും വാഹനങ്ങളെ സംരക്ഷിക്കുന്നതിനായി മേല്‍ക്കൂരയുള്ള കാര്‍ പോര്‍ച്ചുകളോ ഭൂഗര്‍ഭ ബേസ്‌മെന്റ് പാര്‍ക്കിംഗോ ഉണ്ടാവണം, ഉത്തരവ് പറയുന്നു. 1995-ലെ ചട്ടങ്ങളിലെ ചട്ടം 9 പ്രകാരമുള്ള പുതുക്കിയ ഫീസ് നിരക്കുകളും മറ്റ് സൗകര്യങ്ങളും ബന്ധപ്പെട്ട അധികാരികള്‍ കര്‍ശനമായി നടപ്പിലാക്കണമെന്ന് വ്യക്തമാക്കിയാണ് ഹൈക്കോടതി ഹര്‍ജി തീര്‍പ്പാക്കിയത്.

Recent Posts