
തിരുവനന്തപുരം: വിശ്വഹിന്ദു പരിഷത്ത് മുന്‍ അന്താരാഷ്‌ട്ര കാര്യദര്‍ശി അശോക് സിംഗാളിന്റെ ജന്മശതാബ്ദി സപ്തംബര്‍ 27 മുതല്‍ ഒരു വര്‍ഷക്കാലം രാജ്യവ്യാപകമായി ആചരിക്കുന്നതിന്റെ ഭാഗമായി, കേരളത്തിലും വിപുലമായ പരിപാടികള്‍ക്ക് രൂപം നല്‍കിയതായി വിഎച്ച്പി സംസ്ഥാന നേതൃത്വം അറിയിച്ചു. തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്റ് കെ.സി. നരേന്ദ്രനും ജനറല്‍ സെക്രട്ടറി അഡ്വ. അനില്‍ വിളയിലുമാണ് പ്രധാന പരിപാടികള്‍ പ്രഖ്യാപിച്ചത്.
പുതുതലമുറയിലേക്ക് അശോക് സിംഗാളിന്റെ സേവനങ്ങളും ധാര്‍മ്മിക മൂല്യങ്ങളും എത്തിക്കുക എന്ന ലക്ഷ്യത്തോടെ നിരവധി ജീവകാരുണ്യ, സാംസ്‌കാരിക പദ്ധതികളാണ് സംഘടന ആസൂത്രണം ചെയ്തിരിക്കുന്നത്.
ഒക്ടോബര്‍ 2ന് എറണാകുളത്ത് അശോക് സിംഗാള്‍ജി കുടുംബ പ്രബോധന്‍ കേന്ദ്രം, വിശ്വഹിന്ദു പരിഷത്ത് അന്താരാഷ്‌ട്ര ജോയിന്റ് ജനറല്‍ സെക്രട്ടറി കോടേശ്വര്‍ റാവു ഉദ്ഘാടനം ചെയ്യും. ഒക്ടോബര്‍ 4ന് രാവിലെ 10ന് തിരുവനന്തപുരം ചിന്മയാ പത്മനാഭം ഹാളില്‍ നടക്കുന്ന വിഭാഗ്തല പരിപാടി അന്താരാഷ്‌ട്ര ജോയിന്റ് സെക്രട്ടറി സ്വാമി വിജ്ഞാനാനന്ദ ഉദ്ഘാടനം ചെയ്യും.
ഒക്ടോബര്‍ 1 മുതല്‍ 20 ദിവസത്തെ മഹാസമ്പര്‍ക്ക യജ്ഞത്തിലൂടെ അശോക് സിംഗാളിന്റെ ജീവചരിത്രവും സേവനങ്ങളും സംസ്ഥാനത്തുടനീളം ജനങ്ങളിലേക്കെത്തിക്കും. അദ്ദേഹത്തിന്റെ സ്മരണാര്‍ത്ഥം സംസ്ഥാനത്ത് 35 തൊഴില്‍ പരിശീലന കേന്ദ്രങ്ങളും സേവാകേന്ദ്രങ്ങളും ആരംഭിക്കും. ഒപ്പം, ചെറുപ്പക്കാരുടെ ശാരീരികക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനായി ‘ബാലോപാസനാ കേന്ദ്രങ്ങള്‍’ എന്ന പേരില്‍ 15 ജിംനേഷ്യങ്ങളും തുറക്കും.
അടുത്ത വര്‍ഷം ഏപ്രില്‍ മാസത്തില്‍ കൊച്ചിയില്‍ മൂന്നു ദിവസത്തെ ഹിന്ദു കോണ്‍ക്ലേവ് സംഘടിപ്പിക്കും. സംന്യാസി സമൂഹം, വനിതകള്‍, യുവജനങ്ങള്‍ എന്നിവര്‍ക്ക് പ്രത്യേക പ്രാമുഖ്യം നല്‍കുന്നതായിരിക്കും ഈ സമ്മേളനം.
വിശ്വഹിന്ദു പരിഷത്തിന്റെ കീഴിലുള്ള 220 ക്ഷേത്രങ്ങളെ ഒരു കേന്ദ്രീകൃത വ്യവസ്ഥിതിയിലേക്ക് കൊണ്ടുവരുന്നതിനായി രജിസ്റ്റര്‍ ചെയ്ത വിശ്വഹിന്ദു ദേവസ്വത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം ഒക്ടോബറില്‍ നടക്കും. ജാതിജാതക തടസങ്ങള്‍ ഒഴിവാക്കി വിവാഹം നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്കായി പ്രത്യേക ഓണ്‍ലൈന്‍ മാട്രിമോണിയല്‍ സൈറ്റ് ഉടന്‍ പ്രവര്‍ത്തനം തുടങ്ങും. ഇതിന്റെ ഭാഗമായി സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന നിര്‍ധനരായ പെണ്‍കുട്ടികളുടെ വിവാഹം സംഘടന സൗജന്യമായി നടത്തിക്കൊടുക്കും. തൃശിവപ്പേരൂര്‍ സംന്യാസി സമൂഹത്തിന്റെ വിളംബരമനുസരിച്ച്, വിഎച്ച്പിയുടെ ഉടമസ്ഥതയിലുള്ള ക്ഷേത്രങ്ങളില്‍ പുരുഷന്മാര്‍ക്ക് ഷര്‍ട്ട് ധരിച്ച് പ്രവേശിക്കാന്‍ അനുവാദം നല്‍കും. പൂജാവിധികള്‍ പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി ചെങ്ങന്നൂരില്‍ ആരംഭിച്ച പഠനവേദിക്ക് പുറമെ, സംസ്ഥാനത്ത് രണ്ട് കേന്ദ്രങ്ങളില്‍ കൂടി പുതിയ പഠന വേദികള്‍ തുടങ്ങും.
വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന ജോയിന്റ് സെക്രട്ടറി ഉണ്ണികൃഷ്ണന്‍, മഠമന്ദിര്‍ അര്‍ച്ചക് സംയോജക് സി. ബാബുക്കുട്ടന്‍, ജില്ലാ പ്രസിഡന്റ് സനല്‍കുമാര്‍ തുടങ്ങിയവരും സംബന്ധിച്ചു.