Kerala

ബീമാപള്ളി ഉറൂസ്: ഒന്നരമാസം മുന്നേ നഗരസഭ മുന്നൊരുക്കം തുടങ്ങി; അഭിനന്ദനങ്ങളുമായി ജമാ അത്ത് കമ്മറ്റി

Published by
സുനില്‍ തളിയല്‍

തിരുവനന്തപുരം: ചരിത്രപ്രസിദ്ധമായ ബീമാപള്ളി ഉറൂസ് മഹോത്സവത്തിന്റെ വിജയകരമായ നടത്തിപ്പിനായി തിരുവനന്തപുരം നഗരസഭയുടെ നേതൃത്വത്തില്‍ വിപുലമായ ഒരുക്കങ്ങള്‍ ആരംഭിച്ചു. നവംബര്‍ 11നാണ് ഈ വര്‍ഷത്തെ ഉറൂസ്. നഗരസഭാ ഭരണസമിതിയുടെയും മേയര്‍ വി.വി. രാജേഷിന്റെയും നേതൃത്വത്തില്‍ ഒന്നരമാസം മുമ്പേ തന്നെ അവലോകന യോഗങ്ങള്‍ വിളിച്ചുചേര്‍ത്ത് മുന്നൊരുക്കങ്ങള്‍ ആരംഭിച്ചത് ജനങ്ങളുടെയും ജമാഅത്ത് കമ്മിറ്റിയുടെയും വലിയ പ്രശംസയാണ് പിടിച്ചുപറ്റിയിരിക്കുന്നത്.

രാവും പകലുമായി ആയിരക്കണക്കിന് വിശ്വാസികളാണ് ഉറൂസ് ദിവസങ്ങളില്‍ ബീമാപള്ളിയിലേക്ക് എത്തിച്ചേരുന്നത്. ഭക്തജനങ്ങള്‍ക്ക് യാതൊരുവിധ അസൗകര്യങ്ങളും ഉണ്ടാകാത്ത രീതിയില്‍ കാര്യങ്ങള്‍ ഏകോപിപ്പിക്കുന്നതിനാണ് ജമാഅത്ത് ഹാളില്‍ പ്രത്യേക അവലോകന യോഗം ചേര്‍ന്നത്. വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍, ജമാഅത്ത് ഭാരവാഹികള്‍, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാര്‍, കൗണ്‍സിലര്‍മാര്‍, കോര്‍പറേഷന്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. ഉറൂസ് ദിവസങ്ങളില്‍ ബീമാപള്ളി മേഖലയെ പവര്‍കട്ടില്‍ നിന്നും ഒഴിവാക്കണമെന്നും മേയര്‍ വി.വി. രാജേഷ് കെഎസ്ഇബിയോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

ഉത്സവം ആരംഭിക്കുന്നതു മുതല്‍ എല്ലാ ദിവസവും മേയര്‍, ഡെപ്യൂട്ടി മേയര്‍, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാര്‍ എന്നിവരില്‍ ആരെങ്കിലും ഒരാള്‍ ഉത്സവ മേഖലയില്‍ നേരിട്ടെത്തി ഏകോപന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്ന തീരുമാനം ഭരണസമിതിയുടെ ജനപക്ഷ സമീപനത്തിന്റെ മികച്ച ഉദാഹരണമാണ്. പൊതുജനങ്ങളുടെ പരാതികള്‍ക്ക് തത്സമയം പരിഹാരം കാണാനും ഉത്സവ നടത്തിപ്പ് കുറ്റമറ്റതാക്കാനും ഈ ഇടപെടല്‍ ഏറെ സഹായിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. കൂടാതെ, വൈദ്യുതി വിതരണം സുഗമമാക്കുന്നതിനായി കെഎസ്ഇബി അധികൃതരുമായി ചേര്‍ന്നും നഗരസഭ പ്രത്യേക യോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്.

ബിജെപി ഭരണസമിതിയുടെ ആദ്യ ബജറ്റില്‍ ശ്രീപത്മനാഭസ്വാമി ക്ഷേത്രം, ആറ്റുകാല്‍ ദേവി ക്ഷേത്രം, വെട്ടുകാട് പള്ളി, ബീമാപള്ളി എന്നീ ആരാധനാലയങ്ങളെ ഉള്‍പ്പെടുത്തി സ്പിരിച്വല്‍ ടൂറിസം പദ്ധതി പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഉറൂസിന് ഒന്നരമാസം മുമ്പ് തന്നെ മേയറുടെ നേതൃത്വത്തില്‍ യോഗം വിളിച്ച് മുന്നൊരുക്കങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ തീരുമാനിച്ചത്.

നഗരസഭയുടെ വേഗത്തിലുള്ള നടപടികളിലും സജീവമായ ഇടപെടലുകളിലും ജമാഅത്ത് കമ്മറ്റിയും ബീമാപള്ളി വാര്‍ഡ് കൗണ്‍സിലര്‍ ഇ. സജീന ബീവിയും നാട്ടുകാരും അങ്ങേയറ്റം സന്തുഷ്ടരാണ്. നഗരസഭയുടെയും ബിജെപി ഭരണസമിതിയുടെയും ഈ ആത്മാര്‍ത്ഥമായ ശ്രമങ്ങള്‍ക്ക് മുസ്ലിം ജമാഅത്ത് അംഗങ്ങളില്‍ നിന്നും വലിയ പിന്തുണയും കയ്യടികളുമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

മതമൈത്രിയുടെയും സാംസ്‌കാരിക പൈതൃകത്തിന്റെയും പ്രതീകമായ ബീമാപള്ളി ഉറൂസ് മഹോത്സവം യാതൊരു തടസങ്ങളുമില്ലാതെ, ഭക്തജനങ്ങള്‍ക്കെല്ലാം സുഗമമായി പങ്കെടുക്കാവുന്ന രീതിയില്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് നഗരവാസികളും ജമാഅത്ത് കമ്മിറ്റിയും.

തിരുവനന്തപുരം നഗരസഭയിലെ ബിജെപി ഭരണസമിതിയുടെയും മേയര്‍ വി.വി. രാജേഷിന്റെയും ഭരണപരമായ മികവും കാര്യക്ഷമതയുമാണ് ഈ ഒരുക്കങ്ങളിലൂടെ വീണ്ടും തെളിയുന്നത്. ജനങ്ങളുടെ സുരക്ഷയ്‌ക്കും സൗകര്യങ്ങള്‍ക്കും മുന്‍ഗണന നല്‍കിക്കൊണ്ട് ഭരണനേതൃത്വം നേരിട്ട് നടത്തുന്ന ഇടപെടലുകള്‍ നഗരജനതയുടെ അഭിനന്ദനം ഏറ്റുവാങ്ങിക്കഴിഞ്ഞു.

 

Recent Posts