തിരുവനന്തപുരം: കേരളത്തിന്റെ സാംസ്‌കാരിക ജീവിതത്തിന് നിസ്തുലവും നിര്‍ണായകവുമായ സംഭാവന നല്‍കിയ നിശബ്ദസേവകനാണ് എം.എ. സാര്‍ എന്നറിയപ്പെട്ട എം.എ. കൃഷ്ണനെന്ന് ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ ആര്‍. സഞ്ജയന്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. കേരളത്തിലെ പല തലമുറകളില്‍പ്പെട്ട ആയിരക്കണക്കിന് ബാലികാ ബാലന്മാരുടെ സംസ്‌കാരത്തെയും ജീവിതവീക്ഷണത്തെയും സ്വാധീനിച്ച ബാലഗോകുലം എന്ന പ്രസ്ഥാനത്തിന്റെ മുഖ്യശില്പിയാണ് എം.എ. കൃഷ്ണന്‍.
ദേശീയ വീക്ഷണം പുലര്‍ത്തുന്ന കലാകാരന്മാരുടെയും സാഹിത്യകാരന്മാരുടെയും കൂട്ടായ്‌മയായ തപസ്യ കലാസാഹിത്യവേദിയുടെ ഉപജ്ഞാതാവും മുഖ്യ മാര്‍ഗദര്‍ശിയും അദ്ദേഹമായിരുന്നു. ബാലഗോകുലത്തോട് അനുബന്ധിച്ച് ബാലസംസ്‌കാരകേന്ദ്രം, ബാലസാഹിതി പ്രകാശന്‍, ബാലാവകാശ സംരക്ഷണ രംഗത്ത് പ്രവര്‍ത്തിക്കുന്ന സൗരക്ഷിക, അമൃതഭാരതി വിദ്യാപീഠം, ജന്മാഷ്ടമി പുരസ്‌കാരം, അന്താരാഷ്‌ട്ര ശ്രീകൃഷ്ണകേന്ദ്രം തുടങ്ങി നിരവധി സംരംഭങ്ങള്‍ക്ക് തുടക്കം കുറിച്ച എം.എ. കൃഷ്ണന്‍ ഒരു അനുപമ സംഘാടകനായിരുന്നു. ഈ സംരംഭങ്ങള്‍ക്കു വേണ്ടി യോഗ്യരായ കാര്യകര്‍ത്താകളെ കണ്ടെത്തി വളര്‍ത്തുന്നതില്‍ അദ്ദേഹം അസാധാരണ സാമര്‍ത്ഥ്യം പ്രകടമാക്കിയിരുന്നു. 1954ല്‍ ആര്‍എസ്എസ് പ്രചാരകനായി പൊതുജീവിതം ആരംഭിച്ച അദ്ദേഹം, തിരുവനന്തപുരം സംസ്‌കൃത കോളജില്‍ പഠിച്ചിരുന്ന കാലത്താണ് ആദ്യമായി സംഘശാഖയില്‍ പോകാന്‍ ആരംഭിച്ചത്. ഇതേ കാലത്തു തന്നെയാണ് പി. പരമേശ്വര്‍ജിയും യൂണിവേഴ്‌സിറ്റി കോളജില്‍ വിദ്യാര്‍ത്ഥിയായിരുന്നത്. അവര്‍ തമ്മിലുള്ള സൗഹൃദം അന്ന് മുതല്‍ തുടങ്ങിയതാണ്. തര്‍ക്ക ശാസ്ത്രത്തില്‍ മഹോപാദ്ധ്യായ ബിരുദം നേടിയ ശേഷം എം.എ. സാര്‍ സ്വമേധയാ തന്റെ ജീവിതം രാഷ്‌ട്രസേവനത്തിനായി സമര്‍പ്പിച്ചു. അന്നത്തെ ആര്‍എസ്എസ് പ്രാന്ത പ്രചാരക് ഭാസ്‌കര്‍ റാവുജിയുടെ നിര്‍ദേശപ്രകാരം വാഴൂര്‍ ഹൈസ്‌കൂളില്‍ ഒരു വര്‍ഷം അദ്ധ്യാപകനായി പ്രവര്‍ത്തിച്ചെങ്കിലും, അന്നത്തെ ആ പ്രവാസ ജീവിതം പ്രചാരക ജീവിതമായി വികസിക്കുകയായിരുന്നു. 1964 മുതല്‍ കോഴിക്കോട് നിന്ന് പ്രസിദ്ധീകരിക്കുന്ന കേസരി വാരികയുടെ പത്രാധിപരായി. നിരവധി പുതിയ എഴുത്തുകാരെ പ്രോത്സാഹിപ്പിച്ചു. പ്രമുഖരായ നിരവധി സാഹിത്യകാരന്മാരെയും സാംസ്‌കാരിക പ്രവര്‍ത്തകരെയും ദേശീയ ചിന്തധാരലേക്ക് ആകര്‍ഷിക്കാനും അദ്ദേഹത്തിന് കഴിഞ്ഞു. കെ. കേളപ്പന്‍, വി.ടി. ഭട്ടതിരിപ്പാട്, എന്‍.എന്‍. കക്കാട്, അക്കിത്തം, എം.വി. ദേവന്‍, കുട്ടികൃഷ്ണമാരാര്‍, തിക്കോടിയന്‍, എം.ജി.എസ്. നാരായണന്‍ തുടങ്ങിയവര്‍ അക്കൂട്ടത്തില്‍പെടും. കേരളത്തിന്റെ സംസ്‌കാരത്തെയും പൈതൃകത്തെയും പരിസ്ഥിതിയെയും സംരക്ഷിക്കുന്നതില്‍ അദ്ദേഹം ഏറെ ജാഗ്രത പുര്‍ലത്തി.
1973ല്‍ കേസരി പുറത്തിറക്കിയ നിളയുടെ ഇതിഹാസം എന്ന വിശേഷാല്‍ പതിപ്പ് അദ്ദേഹത്തിന്റെ ദീര്‍ഘവീക്ഷണത്തിന്റെ അടയാളമായിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് അധികാരികളുടെ നോട്ടപ്പുള്ളിയായിരുന്ന അദ്ദേഹം, സംഘനിര്‍ദേശമനുസരിച്ച് രഹസ്യാത്മകപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു. പ്രചാരണ സാഹിത്യങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുക, എഴുത്തുകാരെയും സാംസ്‌കാരിക പ്രവര്‍ത്തകരെയും സമ്പര്‍ക്കം ചെയ്യുക. എന്നതൊക്കെയായിരുന്നു അദ്ദേഹത്തിന്റെ ചുമതല. ജയില്‍വാസം പോലെ കഠിനമായിരുന്നു അന്നത്തെ രഹസ്യ പ്രവര്‍ത്തനവും.
പ്രഭാഷകന്‍, എഴുത്തുകാരന്‍ എന്നീ നിലകളില്‍ അദ്ദേഹം അധികം അറിയപ്പെട്ടില്ല. എന്നാല്‍ തന്റെ ഏഴുപതാണ്ട് നീണ്ട പ്രചാരക ജീവിതത്തിനിടയില്‍ അദ്ദേഹം നിരവധി തലമുറകള്‍ക്ക് പ്രേരണയും കാഴ്ചപ്പാടും മാര്‍ഗദര്‍ശനവും നല്‍കി. ആ പുണ്യശ്ലോകന്റെ സ്മരണയ്‌ക്ക് മുന്നില്‍ ഭാരതീയവിചാരകേന്ദ്രത്തിന്റെ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.
















