
തപസ്യ പഠന ശിബിരം സംസ്ഥാന അധ്യക്ഷന്‍ പി. വിജയകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു
അടൂര്‍: മാനവ സംസ്‌കാരത്തിന്റെ ഉറവിടം ഭാഷയില്‍ അധിഷ്ഠിതമാണെന്നും പ്രകൃതിയുടെ വെളിച്ചത്തിലെന്നതിനേക്കാള്‍ വാക്കും ഭാഷയുമേകുന്ന അറിവില്‍ മുന്നേറാനാകുമെന്നും തപസ്യ കലാ സാഹിത്യ വേദി സംസ്ഥാന ഉപാദ്ധ്യക്ഷന്‍ ആര്‍. പ്രസന്നകുമാര്‍. തപസ്യ സംസ്ഥാന പഠന ശിബിരത്തിലെ സമാരംഭ സഭയില്‍ ഭാഷയുടെ സാംസ്‌കാരിക ദൗത്യം എന്ന മുഖ്യ വിഷയത്തെ ആസ്പദമാക്കി സംസാരിക്കുകയായിരുന്നു അദ്ദേഹം.
അടൂര്‍ പഴകുളം പാസ് കാമ്പസിലാണ് ദ്വിദിന പഠന ശിബിരം നടക്കുന്നത്. ആശയവിനിമയത്തിനപ്പുറം അനന്തമായ ബോധസമുദ്രത്തെ ഉള്‍ക്കൊള്ളുന്ന ജീവന്റെ സഹജസിദ്ധിയാണ് ഭാഷയെന്നും മാനുഷിക നിര്‍മ്മിതിക്കപ്പുറം മനസിന്റെ ആന്തരിക ജ്ഞാനം ഉള്‍ക്കൊണ്ട് ഉരുത്തിരിഞ്ഞു വരുന്നതാണ് ഭാഷ എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വിവര വിനിമയത്തിനും വിജ്ഞാന വിനിമയത്തിനുമപ്പുറം വൈകാരികതലത്തില്‍ ഭാഷ നമുക്ക് ഉള്‍ക്കരുത്ത് പകര്‍ന്ന് നല്‍കുന്നു. മാതൃഭാഷ മാന്യ ഭാഷയാണ്. അദൃശ്യമായ ജൈവബന്ധം നമ്മെ ഭാഷയുമായി കൂട്ടിയിണക്കുന്നു. ഈശ്വരതുല്യമായിട്ടാണ് ഭാരതീയര്‍ ഭാഷയെ കാണുന്നത്.
നിത്യനിദാനത്തിലും സംസാരത്തിലും ബോധപൂര്‍വ്വം മലയാളത്തെ ഉള്‍ക്കൊള്ളണമെന്നും ആചാരഭാഷ മലയാളമാക്കണമെന്നും പൊതുസഭയില്‍ അഭിപ്രായം ഉയര്‍ന്നു. ഉപകാലാംശത്തില്‍ കവി കെ. രാജഗോപാല്‍ പുതുകാല ഭാഷയുടെ ആശങ്കയെക്കുറിച്ചും പ്രത്യാശയെക്കുറിച്ചും വിഷയാവതരണം നടത്തി. ഉച്ചയ്‌ക്കുശേഷം നടന്ന കാലാംശത്തില്‍ മോഹനകൃഷ്ണന്‍ കാലടി ഭാഷയുടെ സര്‍ഗാത്മകത എന്ന വിഷയത്തെ ആസ്പദമാക്കി ക്ലാസ് നയിച്ചു. വൈകിട്ട് 5.30 നടന്ന സംഘടന കാലാംശത്തിന് സംസ്ഥാന ഉപാദ്ധ്യക്ഷന്‍ എം. ശ്രീഹര്‍ഷന്‍, ജനറല്‍ സെക്രട്ടറി എം. സതീശന്‍ എന്നിവര്‍ നേതൃത്വം നല്‍കി. രാത്രി 7 മുതല്‍ കവിയൂര്‍ ശ്രീഭദ്ര പടയണി സംഘത്തിന്റെ പടയണിയും നടന്നു.
തെരഞ്ഞെടുത്ത 250 പ്രതിനിധികളാണ് പഠന ശിബിരത്തില്‍ പങ്കെടുക്കുന്നത്. വിവിധ കാലാംശങ്ങളില്‍ സംസ്ഥാന അധ്യക്ഷന്‍ പി. വിജയകൃഷ്ണന്‍, കാര്യാധ്യക്ഷന്‍ പ്രൊഫ. പി.ജി ഹരിദാസ്, ഉപാധ്യക്ഷന്‍ കല്ലറ അജയന്‍ എന്നിവരും സംസാരിച്ചു.
നദികളിലെയും കായലുകളിലെയും ജലവും മണ്ണും; അപൂര്‍വ ചിത്രങ്ങളുമായി പ്രദര്‍ശിനി
തപസ്യ പഠന ശിബിരത്തില്‍ അറിവു പകര്‍ന്നു പ്രദര്‍ശിനിയും. ജലാശയങ്ങളെ മലിനപ്പെടുത്തരുതെന്ന് ഒര്‍മ്മിപ്പിച്ച് കേരളത്തിലെ 44 നദികളിലെയും 31 കായലുകളിലെയും ജലവും മണ്ണും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
പ്രകൃതിയുടെ സംഗീതം എന്ന പേരില്‍ അപൂര്‍വ ഫോട്ടോ പ്രദര്‍ശനവും ആറന്മുള ക്ഷേത്രമാഹാത്മ്യത്തെക്കുറിച്ചുള്ള പുരാതനമായ തിരുനിഴല്‍ മാല എന്ന ഗ്രന്ഥം രചിച്ച അയിരൂര്‍ കോവിന്ദ കവി, ആശ്ചര്യചൂഡാമണിയുടെ കര്‍ത്താവായ കൊടുമണ്‍ ശക്തിഭദ്രന്‍, കണ്ണശ്ശ രാമായണത്തിന്റെ രചയിതാവ് കണ്ണശ്ശ രാമപ്പണിക്കര്‍, സരസകവി മൂലൂര്‍ പത്മനാഭപ്പണിക്കര്‍ എന്നിവരുടെ രേഖാചിത്രവും തപസ്യ കലാകാരന്മാരുടെ പെയിന്റിങ്ങുകളും പ്രദര്‍ശിനിയിലുണ്ട്.
ആറന്മുളക്കണ്ണാടിയുടെ വിപുല ശേഖരവും ഇതിന്റെ നിര്‍മ്മാണ വിവരണവുമുണ്ട്.
പഠന ശിബിരം ഇന്ന് സമാപിക്കും
തപസ്യ കലാസാഹിത്യ വേദിയുടെ ഈ വര്‍ഷത്തെ സംസ്ഥാന പഠന ശിബിരം ഇന്ന് സമാപിക്കും. രാവിലെ 8.30 ന് ആരംഭിക്കുന്ന കാലാംശത്തില്‍ ദേശപ്പെരുമ എന്ന വിഷയത്തില്‍ പ്രശസ്ത സാഹിത്യകാരന്‍ രവിവര്‍മ്മ തമ്പുരാനും അവസാന കാലാംശത്തില്‍ കലയുടെ ഭാഷ എന്ന വിഷയത്തെ ആസ്പദമാക്കി ഡോ. വി.കെ. ദീപേഷും സംസാരിക്കും. തുടര്‍ന്ന് നടക്കുന്ന സമാപന സമ്മേളനത്തില്‍ സംസ്ഥാന അധ്യക്ഷന്‍ പി. വിജയകൃഷ്ണന്‍ അധ്യക്ഷത വഹിക്കും.
സംസ്ഥാന കാര്യാധ്യക്ഷന്‍ പ്രൊഫ. പി. ജി. ഹരിദാസ് മുഖ്യപ്രഭാഷണം നടത്തും. ആര്‍എസ്എസ് ദക്ഷിണ ക്ഷേത്ര കാര്യവാഹ് എം. രാധാകൃഷ്ണന്‍ സമാരോപ് സന്ദേശം നല്‍കും. ചടങ്ങില്‍ ജന്മാഷ്ടമി പുരസ്‌കാര ജേതാവായ ഡോ. വി. സുജാത, വിദ്യാധിരാജ പുരസ്‌കാരം നേടിയ കല്ലറ അജയന്‍ എന്നിവരെ ആദരിക്കും.