
തിരുവനന്തപുരം: മോട്ടോർ ഡ്രൈവിംഗ് ലൈസൻസിൽ മൊബൈൽ നമ്പർ ലിങ്ക് ചെയ്തില്ലെങ്കിൽ ലൈസൻസ് റദ്ദാക്കുമെന്ന തരത്തിൽ സോഷ്യൽ മീഡിയകളിൽ പ്രചരിക്കുന്ന വാർത്തകൾ തികച്ചും വ്യാജമാണെന്ന് മോട്ടോർ വാഹന വകുപ്പ്. 2026 സെപ്റ്റംബർ 25-നകം നമ്പർ അപ്‌ഡേറ്റ് ചെയ്യണമെന്ന തരത്തിലാണ് തെറ്റായ സന്ദേശങ്ങൾ പ്രചരിക്കുന്നത്.
മോട്ടോര്‍ വാഹന വകുപ്പിന്റെ സേവനങ്ങള്‍ തടസ്സമില്ലാതെ ലഭിക്കുന്നതിന് ലൈസന്‍സുമായി സ്വന്തം മൊബൈല്‍ നമ്പര്‍ ബന്ധിപ്പിക്കേണ്ടത് അത്യാവശ്യമാണെങ്കിലും ഇതിനായി യാതൊരുവിധ അവസാന തീയതിയോ സമയപരിധിയോ നിശ്ചയിച്ചിട്ടില്ലെന്നും അതിനാല്‍ ഇത്തരം പ്രചരണങ്ങളില്‍ പൊതുജനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.
sarathi.parivahan.gov.in എന്ന ഔദ്യോഗിക പോർട്ടൽ വഴി ‘Others’ എന്ന ലിങ്കിലെ ‘Update Mobile Number’ ഓപ്ഷൻ ഉപയോഗിച്ച് പൊതുജനങ്ങൾ സ്വയം മൊബൈൽ നമ്പർ അപ്‌ഡേറ്റ് ചെയ്യാവുന്നതാണ്. ഓൺലൈനായി ചെയ്യാൻ കഴിയാത്തവർ മാത്രം ഓഫീസുകൾ സന്ദർശിച്ചാൽ മതിയാകും. ഔദ്യോഗിക വിവരങ്ങള്‍ക്കായി ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജുകളിലെ അറിയിപ്പുകള്‍ ശ്രദ്ധിക്കണമെന്നും മോട്ടോര്‍ വാഹന വകുപ്പ് അഭ്യര്‍ത്ഥിച്ചു.