ആലത്തൂര്‍: കേരളത്തിന്റെ പച്ചപ്പില്‍ നിന്ന് ലഡാക്കിന്റെ മഞ്ഞുമലകളിലേക്ക്… വഴിയരികിലെ കാഴ്ചകള്‍ മാത്രമല്ല, ഓരോ വളവും ഓരോ കയറ്റവും ഒരു പുതിയ അനുഭവമായി മാറിയപ്പോള്‍, സ്വന്തം സ്വപ്നത്തെ പിന്തുടര്‍ന്ന് ബുള്ളറ്റില്‍ ലഡാക്കിലെത്തി തിരിച്ചെത്തിയിരിക്കുകയാണ് ആലത്തൂര്‍ പെരുങ്കുളം കാര്യോട്ട് ഗ്രാമം സോപാനം അപ്പാര്‍ട്ട്മെന്റില്‍ ഹര്‍ഷ നാരായണന്‍.
ആലത്തൂരിന്റെ നാട്ടുവഴികളില്‍ നിന്ന് ഹിമാലയത്തിന്റെ ഉയരങ്ങളിലേക്കുള്ള ഈ യാത്ര സാഹസികതയുടെ മാത്രം കഥയല്ല. ആത്മവിശ്വാസത്തിന്റെയും സ്വപ്നങ്ങളുടെയും പെണ്‍കരുത്തിന്റെയും കഥ കൂടിയാണ്. ബുള്ളറ്റ് വാങ്ങിയ ശേഷം മാത്രം ഡ്രൈവിങ് പഠിച്ച് ഒരു മാസത്തിനകം ലൈസന്‍സ് എടുത്താണ് യാത്ര ഇഷ്ടപ്പെടുന്ന ഹര്‍ഷ ലഡാക്ക് യാത്രയ്‌ക്ക് തയാറെടുപ്പ് തുടങ്ങിയത്. നാല് വര്‍ഷം യുഎസില്‍ എഡ്യുക്കേഷന്‍ തെറാപ്പിസ്റ്റായിരുന്നു. നാട്ടിലെത്തിയ തൃശൂര്‍ ടോര്‍ക് സ്‌കൂള്‍ ഓഫ് ഓട്ടോമോട്ടീവ് അക്കാദമിയില്‍ ട്രെയിനര്‍ ആല്‍ബിന്റെ കീഴില്‍ ഓഫ് റോഡ് ട്രെയിനിങ് നടത്തി. കമ്മ്യൂണിറ്റി റൈഡേഴ്സ് ഫെഡറേഷന്റെ നേതൃത്വത്തിലുള്ള സംഘത്തിനൊപ്പമാണ് ഹര്‍ഷ ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള മോട്ടോറബിള്‍ പാസ് ആയ ഉംലിങ് ലായില്‍ (19,024 അടി) എത്തിയത്.
ചിറ്റൂര്‍ സ്വദേശി സുരേഷ്, ആലുവ സ്വദേശി അരുണ്‍, ബെംഗളൂരു സ്വദേശിനി ശ്വേത, കോഴിക്കോട് സ്വദേശികളായ നവീന്‍, ശരണ്യ, മജീതുദീന്‍, സദീഖ് എന്നിവരാണ് ഹര്‍ഷയ്‌ക്കൊപ്പമുണ്ടായിരുന്നത്. ആഗസ്ത് ആറിന് തുടങ്ങിയ യാത്ര 22 ദിവസം കൊണ്ടാണ് ലഡാക്കിലെത്തിയത്. ഒരു ദിവസം 450-500 കിലോമീറ്ററാണ് സംഘം സഞ്ചരിച്ചത്.
യാത്രയിലെ ഓരോ നിമിഷവും ക്യാമറയില്‍ പകര്‍ത്തിയും അനുഭവങ്ങള്‍ ഹൃദയത്തില്‍ ചേര്‍ത്തുവച്ചും പ്രതിസന്ധികള്‍ക്ക് മുന്നില്‍ പതറാതെ യാത്ര തുടരുകയായിരുന്നു. തുര്‍തുക്കില്‍ വില്ലേജ് മുതല്‍ നുബ്രവാലി വരെ രാത്രി 8.30 മുതല്‍ 9.15 വരെ യാത്രക്കിടെ സംഘാംഗങ്ങളില്‍ നിന്ന് തെറ്റി ഏകദേശം 25 കിലോമീറ്റര്‍ ഒറ്റയ്‌ക്ക് സഞ്ചരിച്ചത് വേറിട്ട അനുഭവമായിരുന്നുവെന്ന് ഹര്‍ഷ പറഞ്ഞു.
ലഡാക്കിലേക്ക് പോവുന്നതിന് മുമ്പ് വാഗമണില്‍ ഓഫ് റോഡ് റൈഡ് നടത്തിയിരുന്നു. ശേഷം റോയല്‍ എന്‍ഫീല്‍ഡ് സപ്തംബര്‍ 20ന് നെല്ലിയാമ്പതിയിലേക്ക് നടത്തിയ 70 പേര്‍ പങ്കെടുത്ത യാത്രയിലും ഹര്‍ഷ പങ്കെടുത്തു. തിരുവനന്തരപുരത്ത് ട്രാവല്‍ ആന്‍ഡ് ഐടി ബിസിനസ് നടത്തുന്ന സായ് ഗണേശാണ് ഭര്‍ത്താവ്. ആലത്തൂരിലെ ആനസ്വാമി എന്നറിയപ്പെടുന്ന നാരായണന്റെയും ഉഷയുടെയും മകളാണ് 37 കാരിയായ ഹര്‍ഷ. ചിതലി ഭവന്‍സ് വിദ്യാമന്ദിരില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി വൈഭവ്, ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി വസുദേവ് എന്നിവരാണ് മക്കള്‍.











