ന്യൂദല്‍ഹി: ‘പ്രിസണര്‍ നമ്പര്‍ 626710 ഈസ് പ്രസന്റ്’ എന്ന പേരില്‍ ലളിത് വചാനി സംവിധാനം ചെയ്ത ഡോക്യുമെന്ററിയുടെ വിവിധ ക്യാമ്പസുകളിലെയും നഗരങ്ങളിലെയും പ്രദര്‍ശനങ്ങള്‍ വിവാദങ്ങളെത്തുടര്‍ന്ന് ഉപേക്ഷിച്ചു.
2020-ലെ ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചനക്കേസില്‍ യുഎപിഎ ചുമത്തപ്പെട്ട് തീഹാര്‍ ജയിലില്‍ കഴിയുന്ന ജെ.എന്‍.യു മുന്‍ ഗവേഷക വിദ്യാര്‍ത്ഥി ഉമര്‍ ഖാലിദിന്റെ തടങ്കല്‍ ജീവിതമാണ് ഈ ഡോക്യുമെന്ററിയുടെ പ്രമേയം. ഡോക്യുമെന്ററി പ്രഖ്യാപിച്ചതുമുതല്‍ എബിവിപി പ്രദര്‍ശനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
ബെംഗളൂരുവിലെ നാഷണല്‍ ലോ സ്‌കൂള്‍ ഓഫ് ഇന്ത്യ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥി സംഘടനയായ ‘ലോ സോക്’ സെപ്റ്റംബര്‍ 14-ന് രാഷ്‌ട്രീയ തടവുകാരുടെ ദിനത്തോടനുബന്ധിച്ച് ഈ ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കാന്‍ നിശ്ചയിച്ചിരുന്നു. എന്നാല്‍ എ.ബി.വി.പി ഇതിനെതിരെ കടുത്ത പ്രതിഷേധവുമായി രംഗത്തുവന്നതിനെ തുടര്‍ന്ന് പ്രദര്‍ശനം ആദ്യം മാറ്റിവെക്കുകയും പിന്നീട് റദ്ദാക്കുകയുമായിരുന്നു. ഹൈദരാബാദ് ഐ.ഐ.ഐ.ടി വിദ്യാര്‍ത്ഥി കൂട്ടായ്‌മയുടെ നേതൃത്വത്തില്‍ നടത്താനിരുന്ന പ്രദര്‍ശനം സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ ഉന്നയിച്ച എതിര്‍പ്പുകളെ തുടര്‍ന്ന് റദ്ദാക്കി. സെന്‍സര്‍ ബോര്‍ഡിന്റെ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത ചിത്രം പരസ്യമായി പ്രദര്‍ശിപ്പിക്കുന്നത് സിനിമാട്ടോഗ്രാഫ് ആക്ടിന്റെ ലംഘനമാണെന്ന് സി.ബി.എഫ്.സി വ്യക്തമാക്കിയിരുന്നു. മുംബൈയിലെ സ്വകാര്യ വേദിയില്‍ നടത്താനിരുന്ന പ്രദര്‍ശനം പോലീസ് മുന്നറിയിപ്പിനെ തുടര്‍ന്ന് റദ്ദാക്കിയതായി സംഘാടകര്‍ അറിയിച്ചു.
ഈ സാഹചര്യത്തിലാണ് ഡോക്യുമെന്ററിയുടെ പ്രദര്‍ശനം തുടരേണ്ടതില്ലെന്ന് ‘ലോ സോക്’ തീരുമാനിച്ചത്.
















