
ഭോപ്പാൽ ; സ്കൂൾ കുട്ടികളെയടക്കം മതം മാറ്റാനുള്ള ശ്രമം പൊളിച്ച് ബജ്‌രംഗ് ദൾ . മധ്യപ്രദേശിലെ സിധി ജില്ലയിലാണ് സംഭവം. ബൈപാസ് മേഖലയിലുള്ള വാടകവീട്ടിൽ ഹിന്ദുക്കളെ ഉൾപ്പെടുത്തി ക്രിസ്ത്യൻ പ്രാർത്ഥനാ യോഗം നടക്കുന്നതിനിടെയാണ് മൂന്ന് പേരെ പോലീസ് എത്തി അറസ്റ്റ് ചെയ്തത്. സംഭവസ്ഥലത്ത് നിന്ന് പ്രാർത്ഥനാ പുസ്തകങ്ങളും കവറുകളും മറ്റ് ക്രിസ്ത്യൻ മതപരമായ വസ്തുക്കളും പോലീസ് കണ്ടെടുത്തു.
പ്രാർത്ഥനാ യോഗത്തെക്കുറിച്ച് ബജ്‌രംഗ് ദൾ പ്രവർത്തകരാണ് പോലീസിന് വിവരം നൽകിയത് . ഏകദേശം ഒരാഴ്ചയായി അടച്ചിട്ട മുറിയിൽ ഈ യോഗം നടക്കുന്നുണ്ടായിരുന്നെന്ന് നാട്ടുകാർ പറഞ്ഞു. സമീപ ഗ്രാമങ്ങളിൽ നിന്ന് സ്കൂൾ കുട്ടികളടക്കമുള്ളവരെ പ്രാർത്ഥനയിൽ പങ്കെടുപ്പിക്കാൻ കൊണ്ടുവരികയും, അവരെ ക്രിസ്തുമതത്തിലേക്ക് മാറാൻ നിർബന്ധിക്കുകയും ചെയ്തിരുന്നതായി നാട്ടുകാർ വ്യക്തമാക്കി.
രാജേന്ദ്ര ബഹാദൂർ സിംഗ്, രാജ്പതി സിംഗ്, ഗിബ്സൺ തോമസ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മധ്യപ്രദേശ് മതസ്വാതന്ത്ര്യ നിയമപ്രകാരം മൂന്ന് പേർക്കുമെതിരെ കേസെടുത്തതായി പോലീസ് അറിയിച്ചു.
ആദിവാസി, ഹിന്ദു വിഭാഗങ്ങളിലുൾപ്പെടെ സമീപത്തെ പല ഗ്രാമങ്ങളിൽ നിന്നുമുള്ള ആളുകളെ പ്രാർത്ഥനാ യോഗങ്ങളിലേക്ക് ക്ഷണിച്ചിരുന്നതായി ബജ്‌രംഗ് ദൾ പ്രവർത്തകർ പറഞ്ഞു. നേരത്തെ ഹിന്ദുമതം പിന്തുടർന്നിരുന്ന പലരും ഇവിടെ ക്രിസ്തുമതത്തിലേക്ക് മാറിയിരുന്നു.സാമ്പത്തിക സഹായം, രോഗശാന്തി, മറ്റ് ആനുകൂല്യങ്ങൾ എന്നിവ വാഗ്ദാനം ചെയ്താണ് ആളുകളെ മതം മാറാൻ പ്രേരിപ്പിച്ചിരുന്നത്.