Kerala

ശബരിമല സ്വര്‍ണക്കൊള്ള: അന്വേഷണം ആരംഭിച്ചിട്ട് ഒരു വര്‍ഷം; കുറ്റപത്രം വൈകുന്നു

Published by
ജന്മഭൂമി ഓണ്‍ലൈന്‍

പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ളയില്‍ അന്വേഷണമാരംഭിച്ച് ഒരു വര്‍ഷമായിട്ടും കുറ്റപത്രം സമര്‍പ്പിക്കാനാകാതെ എസ്‌ഐടി.

കട്ടിളപ്പാളിക്കേസില്‍ ഈ 22ന് കുറ്റപത്രം സമര്‍പ്പിക്കണമെന്നാണ് ഹൈക്കോടതി നിര്‍ദേശം. എന്നാല്‍ സര്‍ക്കാര്‍ പ്രോസിക്യൂഷന്‍ അനുമതി പോലും തേടിയിട്ടില്ല. പഴുതടച്ച കുറ്റപത്രം പൂര്‍ത്തിയായിട്ടില്ല. 15 പ്രതികളില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റുമാരായ എ. പദ്മകുമാര്‍, എന്‍. വാസു, ദേവസ്വം ഉദ്യോഗസ്ഥര്‍ എന്നിവരടക്കമുള്ള 13 പ്രതികള്‍ക്കുള്ള കുറ്റപത്രം സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ പ്രോസിക്യൂഷന്‍ അനുമതി വേണം. മുന്നോടിയായി രേഖകള്‍ ദേവസ്വം, ആഭ്യന്തര, നിയമ വകുപ്പുകള്‍ പരിശോധിച്ച് സര്‍ക്കാരിന് കൈമാറണം. രേഖകളില്‍ പിഴവുണ്ടെങ്കില്‍ അനുമതി വൈകും.

പ്രധാന പ്രതികളായ ചെന്നൈ സ്മാര്‍ട്ട് ക്രിയേഷന്‍സ് സിഇഒ പങ്കജ് ഭണ്ഡാരിയുടെയും ഗോവര്‍ദ്ധന്റെയും പങ്ക് കൃത്യമായി തെളിവുസഹിതം സമര്‍പ്പിക്കുന്നതാണ് പ്രശ്‌നം. കട്ടിളപ്പാളികളില്‍ സ്വര്‍ണം പൂശാന്‍ നിര്‍ദേശിച്ചത് ബോര്‍ഡാണ്. എന്നാല്‍ ഇതിനുള്ള സ്വര്‍ണം ബോര്‍ഡ് ഉണ്ണികൃഷ്ണന്‍ പോറ്റി വഴി കമ്പനിക്കു നല്‍കിയിട്ടില്ല. പാളികളിലെ സ്വര്‍ണം വേര്‍തിരിച്ച് അതില്‍ ഒരുഭാഗമെടുത്താണ് പൂശിയത്. ബാക്കി സ്വര്‍ണം പോറ്റിക്കു തിരികെ നല്‍കിയതായി പറയുന്നു. ഭണ്ഡാരിയെ പ്രതി ചേര്‍ക്കാന്‍ മതിയായ രേഖകള്‍ ലഭിച്ചിട്ടില്ലത്രേ.

ഒന്നാം പ്രതി പോറ്റി, ബോര്‍ഡ് പ്രസിഡന്റുമാര്‍, അംഗങ്ങള്‍, ജീവനക്കാര്‍ എന്നിവര്‍ക്കെതിരേയുള്ള തെളിവുകള്‍ ലഭിച്ചു.
പാളികളിലെ സ്വര്‍ണമുപയോഗിച്ച് പല ക്ഷേത്രങ്ങളിലും സ്മാര്‍ട്ട് ക്രിയേഷന്‍സ് സ്വര്‍ണം പൂശിയെന്നാണ് എസ്‌ഐടി പറയുന്നത്. എന്നാല്‍ ഇതിന് തെളിവില്ല. കുറ്റപത്രം വൈകുന്നതിന്റെ കാരണം ഈ മാസം 22ന് കോടതിയെ അറിയിക്കാന്‍ എസ്‌ഐടി ബാധ്യസ്ഥരാണ്. ദ്വാരപാലകപ്പാളിക്കേസിലും കുറ്റപത്രം വൈകാം.

 

Recent Posts