
ന്യൂദല്‍ഹി: റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതിന്റെ പേരില്‍ 100 ശതമാനം തീരുവ ചുമത്താനുള്ള നീക്കത്തിനെതിരായ ശക്തമായ പ്രതിഷേധം ഭാരതം അമേരിക്കയെ നേരിട്ടറിയിക്കും. സമ്മര്‍ദത്തിനൊന്നും വഴങ്ങേണ്ടെന്നും റഷ്യന്‍ എണ്ണ വാങ്ങുന്നത് തുടരാനുമാണ് ഭാരതത്തിന്റെ നേരത്തേ മുതലുള്ള തീരുമാനം. ഐക്യരാഷ്‌ട്ര സഭയില്‍ പ്രസംഗിക്കാന്‍ അടുത്തയാഴ്ച ന്യൂയോര്‍ക്കിലെത്തുന്ന വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ യുഎസുമായുള്ള ചര്‍ച്ചയില്‍ എതിര്‍പ്പറിയിക്കും. യുഎസ് നിലപാട് രണ്ടുരാജ്യങ്ങളും തമ്മിലുള്ള ബന്ധങ്ങളെ ബാധിക്കുമെന്ന് ഭാരതം യുഎസിനോട് തുറന്നടിക്കും. അപ്പോഴത്തെ ചര്‍ച്ചകളിലും മാര്‍ക്കോ റൂബിയോയുടെ ഭാരത സന്ദര്‍ശന വേളയിലും അധിക താരിഫ് ഏര്‍പ്പെടുത്താനുള്ള അമേരിക്കന്‍ ബില്ലില്‍ കടുത്ത വിയോജിപ്പു ഭാരതമറിയിക്കും.
അതേസമയം, ഭാരതത്തിന്റെ ശക്തമായ നിലപാടുകള്‍ക്ക് പലയിടങ്ങളിലും നിന്ന് വലിയ പ്രശംസയാണ് ലഭിക്കുന്നത്. ഭാരത നിലപാടിനോട് ചൈനയും യോജിച്ചു. റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് രാജ്യമുന്‍ഗണനകള്‍ പരിഗണിച്ചാണെന്ന് ഭാരതം വ്യക്തമാക്കി. എവിടെ നിന്ന് എണ്ണ വാങ്ങണമെന്ന് മറ്റുരാജ്യങ്ങള്‍ നിര്‍ദേശിക്കേണ്ടതില്ലെന്നാണ് ചൈന പ്രതികരിച്ചത്.
റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്ന ഭാരതവും ചൈനയും അടക്കമുള്ള രാജ്യങ്ങള്‍ക്ക് 100 ശതമാനം തീരുവ ഏര്‍പ്പെടുത്താന്‍ ട്രംപിന് അധികാരമേകുന്ന ബില്‍ യുഎസ് കോണ്‍ഗ്രസ് പാസാക്കിയിരുന്നു. ബില്ലിനോട് ഭാരതം കടുത്ത അതൃപ്തി രേഖപ്പെടുത്തിക്കഴിഞ്ഞു. വിരട്ടല്‍ വേണ്ടെന്ന് ഭാരതം യുഎസിനോട് വ്യക്തമാക്കുകയും ചെയ്തു. നീക്കമുപേക്ഷിക്കാന്‍ ഭാരത വിദേശകാര്യ മന്ത്രാലയം അമേരിക്കയോട് ആവശ്യപ്പെട്ടു.