Samskriti

ആലോചനാമൃതം: അമ്മയാണ് വരം

Published by
അമ്പലപ്പുഴ രാജഗോപാല്‍

മ്മയെന്നത് മഹത്തായ സങ്കല്‍പ്പമാണ് . അമ്മ ഉണ്മയും ജീവിതത്തിന്റെ നന്മയുമാണ് . ത്യാഗത്തിന്റെയും സഹനത്തിന്റെയും സൗമനസ്യത്തിന്റെയും ഉദാത്തമായ ചിത്രമാണ് അമ്മ.
ജന്മം തന്ന അമ്മയെ എങ്ങനെ ആദരിച്ചാല്‍ മതിയാകും! എന്ന് ചിന്തിയ്‌ക്കുന്നവരാണ് ഉത്തമ സന്തതികള്‍. സങ്കല്‍പ്പത്തിലെന്നപോലെ ജീവിതസത്യത്തിലും അമ്മ സന്മയിയാണ്. സഹനത്തിന്റെയും ത്യാഗത്തിന്റെയും മൗനാക്ഷരമാണ്.

‘അന്നംത,ന്നക്ഷരം തന്ന് ഉണ്മ തന്നുമുണര്‍ത്തിയ അമ്മയാണെന്നുമെന്നുള്ളില്‍ വാഴുന്ന കുലദേവത ‘എന്നു പാടുന്നത് അതുകൊണ്ടാണ്. ആര്‍ക്കാണ് അമ്മയെ അനാദരിക്കാനാ വുക; ആര്‍ക്കാണ് അമ്മയെ മറക്കാനാവുക?!

ജനനിയും ജന്മഭൂമിയും സ്വര്‍ഗ്ഗത്തേക്കാള്‍ വലുതാണെന്ന മഹാവാക്യം സജ്ജനമനസ്സുകളില്‍ എക്കാലവും രൂഢമൂലമാണ്. പ്രപഞ്ചംതന്നെ അമ്മയാകുന്നു. മാതൃഭൂമിയുടെ സംരക്ഷണമാണ് ജന്മ സൗഭാഗ്യംകിട്ടിയ മനുഷ്യരായ നമ്മുടെ കടമ. മാതൃത്വമെന്നത് എന്തിലും ഏതിലും മഹിതമാണ്, മനോഹരമാണ്, സുവിദിതവുമാണ്!

സാന്ദീപനി മഹര്‍ഷിയുടെ പുത്രനായ പുനര്‍ദത്തനെ ഒരുനാള്‍ കാണാതെയായി. മഹര്‍ഷിയും മറ്റും എങ്ങുമന്വേഷിച്ചു; ഒരുവിവരവുമില്ല. തന്റെ പുത്രന്‍ ഇനി തിരിച്ചുവരില്ലെന്നുപോലും മഹര്‍ഷി ധരിച്ചു .തന്റെ ഓമനയായ മകന്‍ നഷപ്പെട്ടതില്‍ അദ്ദേഹം ഏറെ ദുഃഖിതനായി. വിവരമെല്ലാം അറിഞ്ഞ ഭഗവാന്‍ ശ്രീകൃഷ്ണന്‍ പുനര്‍ദത്തനെ അന്വേഷിച്ചുകണ്ടുപിടിച്ച് ആദരപൂര്‍വ്വം തന്റെ ഗുരുനാഥന്റെ അടുത്തുകൊണ്ടുചെന്നു സമര്‍പ്പിച്ചു.

നഷ്ടപ്പെട്ടെന്നു കരുതിയ തന്റെപുത്രനെ കണ്ടുപിടിച്ച് ഇത്രവേഗം കൊണ്ടുക്കൊടുത്തതില്‍ ഗുരുനാഥനായ സാന്ദീപനിമഹര്‍ഷി ഗദ്ഗദകണ്ഠനായി ആനന്ദാതിരേകത്താല്‍ ഭഗവാനെ ആശ്ലേഷിച്ചു. അദ്ദേഹം ശ്രീകൃഷ്ണനോട് ചോദിച്ചു: ഉണ്ണീ, ഭഗവന്‍, അങ്ങ് ചെയ്തുതന്ന ഈ ഉപകാരത്തിന് ഞാനെങ്ങനെയാണ് അങ്ങയോടു പകരം വീട്ടുക? അതുകേട്ടു സുസ്‌മേരവദനനായ ശ്രീകൃഷ്ണന്‍ ഗുരുനാഥനോടു വിനയപുരസ്സരം പറഞ്ഞു: ‘പ്രഭോ, അങ്ങ് എനിയ്‌ക്ക് ഒരേഒരു വരം തന്നാല്‍ മതി…, ആകാംക്ഷയോടെ മാമുനി ശ്രീകൃഷന്റെ മൊഴികള്‍ ശ്രദ്ധിച്ചിരിയ്‌ക്കവേ അദ്ദേഹം തുടര്‍ന്ന് പറഞ്ഞു: സ്വാമിന്‍,…. ജീവിതകാലം മുഴുവന്‍ എനിയ്‌ക്ക് ‘പെറ്റമ്മയുടെ’ കൈകൊണ്ടു ഭക്ഷണം വിളമ്പിക്കിട്ടാനുള്ള ഭാഗ്യമുണ്ടാകണം. അത് നേടാനുള്ള വരം തന്നാല്‍മതി! ‘

അതുകേട്ടു സന്തുഷ്ടനായ മഹര്‍ഷി പറഞ്ഞു: ‘അങ്ങ് എന്താഗ്രഹിച്ചുവോ,അതങ്ങിനെത ന്നെ സംഭവിയ്‌ക്കട്ടെ!’ ഭഗവാന്‍ ശ്രീകൃഷ്ണന്‍ തന്റെ സ്വര്‍ഗ്ഗാരോഹണംവരെ എന്നുമെപ്പോഴും സ്വന്തം പെറ്റമ്മയെ ക്കാണാനുള്ള സൗഭാഗ്യമാണ് അതുവഴി നേടിയത്.

അമ്മയുടെ മഹത്വം അനിര്‍വ്വചനീയവും അനുഭൂതിസമ്പൂര്‍ണ്ണവുമാണ് എന്ന് അറിവുള്ളവ ര്‍ക്കെല്ലാം അറിയാം. നമ്മുടെ ചരിത്രത്തിലും പുരാണങ്ങളിലുമെല്ലാം അത് ഒന്നിനൊന്നു നിറഞ്ഞു നില്‍ക്കുന്നു.

മാതൃത്വത്തെക്കുറിച്ചുള്ള ആദരവും അറിവുമാണ് ഹൃദയശുദ്ധിയുടെ മാതൃക. ഹൃദയത്തില്‍ മാതൃമഹിമയെ ആരാധിയ്‌ക്കുന്ന മഹത്വ്യക്തിത്വങ്ങള്‍ ജീവിതചരിത്രത്തിന്റെ വിശിഷ്ടമായ ഏടുകളില്‍ എത്രയെങ്കിലുമാണ്. ക്ലേശഭൂയിഷ്ഠമായ മാതൃത്വത്തെ വാങ്മയരൂപേണ വരച്ചുകാട്ടുന്നതിലൂടെ ജഗദ്ഗുരു ആദിശങ്കരന്‍ സ്വജീവിതത്തിലൂടെ നമ്മെ പഠിപ്പിക്കുന്നതും ഓര്‍മ്മിപ്പിക്കുന്നതും അതുതന്നെയാണല്ലോ !അതറിയാതെ പോകുന്നത് ആര്‍ക്കും ഒട്ടുമേ ശരിയല്ല.അമ്മയെന്നുള്ള രണ്ടക്ഷരം എല്ലാവിശേഷണങ്ങള്‍ക്കുമപ്പുറമുള്ള ജീവിതസത്തയാണ്.

അമ്മയെവിട്ടൊരു കാര്യവുമില്ലെന്നോര്‍ക്കുക. അമ്മയുടെ ഹൃദയം നിറച്ചും കടമകളുടെ തിരത്തള്ളലാണെന്നിരിക്കെ-അത് നാമിയെയോര്‍ത്താണെന്നിരിക്കെ നമ്മുടെ ഹൃദയം നിറച്ചും അമ്മയായിരിയ്‌ക്കണമെന്നത് ഓര്‍ക്കുക; എപ്പോഴും. അമ്മയാണ് നമ്മുടെ വരം. ആ നന്മയാണ് നമ്മുടെ ജീവിതവും.