അഗര്‍ത്തല: 2011ല്‍ കാണാതായ ത്രിപുരയിലെ അദ്ധ്യാപകനും തടി വ്യാപാരിയുമായ ആശിഷ് സോമിന്റെ തിരോധാനക്കേസില്‍ 15 വര്‍ഷത്തിന് ശേഷം നിര്‍ണായക വഴിത്തിരിവ്. ആസാമിലെ ശ്രീഭൂമി ജില്ലയില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് സംസ്‌കരിച്ച മൂന്ന് അജ്ഞാത മൃതദേഹങ്ങളുടെ അവശിഷ്ടങ്ങളാണ് അന്വേഷണത്തിന്റെ ഭാഗമായി പുറത്തെടുത്തത്. അവശിഷ്ടങ്ങളില്‍ ഡിഎന്‍എ പരിശോധന നടത്തും.
അഗര്‍ത്തല സ്വദേശിയായ ആശിഷ് സോമിനെ 2011 മെയിലാണ് കാണാതായത്. അന്ന് അദ്ദേഹത്തിന് ഏകദേശം 40 വയസായിരുന്നു. ഏറെക്കാലമായി തുടരുന്ന അന്വേഷണത്തില്‍ പുതിയ സൂചന ലഭിച്ചതോടെയാണ് ആസാമിലെ പഴയ കുഴിമാടങ്ങള്‍ പരിശോധിക്കാന്‍ അന്വേഷണസംഘം തീരുമാനിച്ചത്. തിരിച്ചറിയപ്പെടാതെ സംസ്‌കരിച്ച മൂന്ന് മൃതദേഹങ്ങളാണ് ഇപ്പോള്‍ പുറത്തെടുത്തിരിക്കുന്നത്. പുറത്തെടുത്ത അവശിഷ്ടങ്ങളുടെ ഡിഎന്‍എ സാമ്പിളുകള്‍ ശേഖരിച്ച് ആശിഷ് സോമിന്റെ കുടുംബാംഗങ്ങളുടെ സാമ്പിളുകളുമായി താരതമ്യം ചെയ്യാനാണ് നീക്കം. പരിശോധനാഫലം ലഭിച്ച ശേഷമേ അവശിഷ്ടങ്ങള്‍ ആശിഷ് സോമിന്റേതാണോ എന്ന് സ്ഥിരീകരിക്കാനാകൂ. 15 വര്‍ഷം പഴക്കമുള്ള കേസില്‍ പുതിയ തെളിവുകള്‍ ലഭിച്ചതോടെ അന്വേഷണത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് നീങ്ങുകയാണ് അധികൃതര്‍. തിരോധാനത്തിന്റെ സാഹചര്യങ്ങളും ആസാമില്‍ കണ്ടെത്തിയ മൃതദേഹങ്ങളുമായുള്ള ബന്ധവും അന്വേഷണസംഘം പരിശോധിച്ചുവരുന്നു.











