Kerala

അറബിക്കടലില്‍ പുതിയ ഈല്‍ മത്സ്യത്തെ കണ്ടെത്തി

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കൊച്ചി: അറബിക്കടലില്‍ നിന്ന് പുതിയ ഇനം ഈല്‍ മത്സ്യത്തെ കണ്ടെത്തി, സിഎംഎഫ്ആര്‍ഐയുടെ പേരില്‍ അറിയപ്പെടും. കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ സ്ഥാപനത്തിലെ(സിഎംഎഫ്ആര്‍ഐ) ഗവേഷകര്‍ കൊല്ലം തീരത്തുനിന്ന് ഏകദേശം 300 മീറ്റര്‍ ആഴക്കടലില്‍ നിന്നാണ് മീനിനെ കണ്ടെത്തിയത്. കഴിഞ്ഞ ജനുവരിയില്‍ ലഭിച്ച മത്സ്യം ശാസ്ത്രീയ പരിശോധനയില്‍ പുതിയ ഇനം ഈല്‍ മത്സ്യമാണെന്ന് സിഎംഎഫ്ആര്‍ഐയിലെ ഗവേഷകര്‍ തിരിച്ചറിയുകയായിരുന്നു.

സിഎംഎഫ്ആര്‍ഐയുടെ 80-ാം വാര്‍ഷികത്തിന്റെ ഭാഗമായി മീനിന് അരിയോസോമ സിഎംഎഫ്ആര്‍ഐയന്‍സെ എന്ന് നാമകരണം ചെയ്തു. ഭാരതത്തിലെ ആഴക്കടല്‍ ഗവേഷണ മേഖലയ്‌ക്ക് ഏറെ ഗുണകരമാകുന്നതാണ് ഈ ഗവേഷണ നേട്ടമെന്ന് ഡയറക്ടര്‍ ഡോ. ഗ്രിന്‍സണ്‍ ജോര്‍ജ് പറഞ്ഞു.

മീനിന്റെ അടിഭാഗത്ത് കാണപ്പെടുന്ന കറുത്ത പുള്ളികളാണ് പ്രധാന ആകര്‍ഷണം. ഇതേ വര്‍ഗത്തില്‍പെട്ട മറ്റ് ഈല്‍ മത്സ്യങ്ങളില്‍ നിന്ന് വ്യത്യസ്തമായി നിരവധി പ്രത്യേകതകള്‍ ശാസ്ത്രീയ പരിശോധനയില്‍ വ്യക്തമായതോടെയാണ് പുതിയ ഇനം മീനാണെന്ന് ഗവേഷകര്‍ തിരിച്ചറിഞ്ഞത്.

കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയത്തിന്റെ ആഴക്കടല്‍ ദൗത്യത്തിന്റെ ഭാഗമായി സിഎംഎഫ്ആര്‍ഐ നടപ്പാക്കുന്ന ഗവേഷണത്തിലാണ് പുതിയ മീനിനെ തിരിച്ചറിഞ്ഞത്. ഇവയുടെ വാണിജ്യപരമായ സാധ്യതകള്‍ പഠനം നടത്തി മാത്രമേ പറയാനാകൂവെന്ന് ഗവേഷണ പദ്ധതിക്ക് നേതൃത്വം നല്‍കുന്ന സിഎംഎഫ്ആര്‍ഐ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ. രേഖ ജെ. നായര്‍ പറഞ്ഞു.