Kerala

എന്‍ടിയു സംസ്ഥാന വനിതാ സംഗമം ‘പ്രജ്ഞ 26’ 19ന് കൊച്ചിയില്‍

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കൊച്ചി: ‘അദ്ധ്യാപനം രാഷ്‌ട്രസേവനം, വിദ്യാഭ്യാസം രാഷ്‌ട്രപുരോഗതിക്ക് ‘എന്ന ആദര്‍ശത്തില്‍ പ്രവര്‍ത്തിക്കുന്ന ദേശീയ അദ്ധ്യാപക പരിഷത്ത് (അഖില ഭാരതീയ രാഷ്‌ട്രീയ ശൈക്ഷിക് മഹാസംഘ്- കേരള ഘടകം) സംസ്ഥാന വനിതാ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ ‘പ്രജ്ഞ 26’ സംസ്ഥാന വനിതാ സംഗമം സംഘടിപ്പിക്കുന്നു.

”അമ്മ മനസ്സിന്‍ അറിവിന്‍ വഴി” എന്ന സന്ദേശമുയര്‍ത്തി നടത്തുന്ന സംഗമം 19 ന് എറണാകുളം ബിഎംഎസ് സംസ്ഥാന ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

മൂല്യച്യുതികള്‍ നിറഞ്ഞ വര്‍ത്തമാനകാലത്ത്, വരുംതലമുറയില്‍ മാതൃഹൃദയത്തിന്റെ വാത്സല്യവും ആദര്‍ശധീരതയും പകര്‍ന്നു നല്‍കി സ്വയംപ്രഭയുള്ള ഒരു ഭാരതത്തെ പടുത്തുയര്‍ത്താന്‍ അദ്ധ്യാപികമാരെ പ്രാപ്തരാക്കുകയാണ് സംഗമത്തിന്റെ ലക്ഷ്യം. ഉദ്ഘാടന സഭ, വിജ്ഞാന സഭ, വിനോദ സഭ എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളായാണ് പരിപാടികള്‍ ക്രമീകരിച്ചിരിക്കുന്നത്.

രാവിലെ 10ന് ഉദ്ഘാടന സഭ. വനിതാ സംഗമം ചെയര്‍പേഴ്‌സണ്‍ ഡിഎസ്ജി അഡ്വ. ഒ.എം. ശാലീന അധ്യക്ഷത വഹിക്കും. കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. കെ.എസ്. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. എന്‍ടിയു സംസ്ഥാന വനിതാ വിഭാഗം കണ്‍വീനര്‍ സിനി കൃഷ്ണപുരി സ്വാഗതം ആശംസിക്കും.
ശാരദ മഠം മഠാധിപതി പ്രവ്രാജിക സുമേധ പ്രാണ മാതാജി അനുഗ്രഹപ്രഭാഷണവും (അമൃതവാണി) എന്‍ടിയു സംസ്ഥാന അധ്യക്ഷ കെ. സ്മിത മുഖ്യപ്രഭാഷണവും നിര്‍വഹിക്കും. ചടങ്ങില്‍ രാമായണമാസാചരണത്തോടനുബന്ധിച്ച് സംഘടിപ്പിച്ച മത്സരങ്ങളിലെ വിജയികള്‍ക്കുള്ള ഉപഹാര സമര്‍പ്പണവും അനുമോദനവും നടക്കും. എന്‍ടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി ടി. അനൂപ് കുമാര്‍, സംസ്ഥാന ഉപാധ്യക്ഷ ബിന്ദു കെ.വി, ബിജെപി സംസ്ഥാന വക്താവ് അഡ്വ. സിന്ധുമോള്‍ ടി.പി എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കും. എറണാകുളം വനിതാ വിഭാഗം കണ്‍വീനര്‍ അംബുജം കൃതജ്ഞത രേഖപ്പെടുത്തും.

തുടര്‍ന്ന് നടക്കുന്ന വിജ്ഞാന സഭ ബി.ജെ.പി സംസ്ഥാന വക്താവ് കെ.വി.എസ്. ഹരിദാസ് ഉദ്ഘാടനം ചെയ്യുകയും മുഖ്യപ്രഭാഷണം നടത്തുകയും ചെയ്യും. സംസ്ഥാന സെക്രട്ടറി ശ്രീദേവി പി. അധ്യക്ഷത വഹിക്കും. എന്‍ടിയു സംസ്ഥാന വനിതാ വിഭാഗം ജോയിന്റ് കണ്‍വീനര്‍ ധനലക്ഷ്മി വിരിയറഴികത്ത് സ്വാഗതവും മലപ്പുറം വനിതാ വിഭാഗം കണ്‍വീനര്‍ പി. അജിത നന്ദിയും പറയും.

ഉച്ചയ്‌ക്ക് 2ന് വിവിധ കലാപരിപാടികളോടെ ‘വിനോദ സഭ’ അരങ്ങേറും. എറണാകുളം വനിതാ വിഭാഗം ജോയിന്റ് കണ്‍വീനര്‍ ഡോ. ദീപ കെ.എം കലാപരിപാടികള്‍ക്ക് നേതൃത്വം നല്‍കും.

വാര്‍ത്താസമ്മേളനത്തില്‍ എന്‍ടിയു സംസ്ഥാന വനിതാ വിഭാഗം, കണ്‍വീനര്‍, സിനി കൃഷ്ണപുരി, സംസ്ഥാന ഉപാധ്യക്ഷ ബിന്ദു കെ.വി., എറണാകുളം ജില്ലാ പ്രസിഡന്റ വെങ്കിടേഷ്, സെക്രട്ടറി സജീവ് കുമാര്‍, വനിതാ വിഭാഗം ജോയിന്റ് കണ്‍വീനര്‍ ഡോ. കെ.എം. ദീപ എന്നിവര്‍ പങ്കെടുത്തു.