Cricket

വിമര്‍ശനങ്ങളില്‍ തളരാതെ സഞ്ജു സാംസണ്‍; ഇന്ത്യക്ക്‌ ഏഴ്‌ വിക്കറ്റ്‌ ജയം

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ന്യൂദല്‍ഹി: അഫ്‌ഗാനിസ്‌ഥാനെതിരായ ട്വന്റി20 ക്രിക്കറ്റ്‌ പരമ്പരയിലെ രണ്ടാമത്തെ മത്സരത്തില്‍ ഇന്ത്യക്ക്‌ ഏഴ്‌ വിക്കറ്റ്‌ ജയം. ആദ്യം ബാറ്റ്‌ ചെയ്‌ത അഫ്‌ഗാനിസ്‌ഥാന്‍ എട്ട്‌ വിക്കറ്റിന്‌ 159 റണ്ണെടുത്തു. മറുപടി ബാറ്റ്‌ ചെയ്‌ത ഇന്ത്യ കളി തീരാന്‍ 31 പന്തുകള്‍ ശേഷിക്കേ വിജയ റണ്ണെടുത്തു. ജയത്തോടെ ഇന്ത്യ മൂന്ന്‌ ട്വന്റി20 കളുടെ പരമ്പര 2-0 ത്തിന്‌ ഉറപ്പാക്കി. ഓപ്പണറും വിക്കറ്റ്‌ കീപ്പറുമായ സഞ്‌ജു സാംസണിന്റെ ഇന്നിങ്‌സാണ്‌ (22 പന്തില്‍ നാല്‌ സിക്‌സറും ഏഴ്‌ ഫോറുമടക്കം 57) ജയം അനായാസമാക്കിയത്‌.

സമീപകാല ഫോമിന്റെ പേരിൽ ഏറെ വിമർശനങ്ങൾക്ക് വിധേയമായ സഞ്ജുവിന് ഇന്നത്തെ മത്സരം ഏറെ നിർണായകമായിരുന്നു. കൗമാര താരം വൈഭവ് സൂര്യവംശിയെ ബെഞ്ചിലിരുത്തിയാണ് സഞ്ജുവിന് രണ്ടാം മത്സരത്തിലും അവസരം നൽകിയത്. അതിനാൽ തന്നെ കരുതലോടെയാണ് സഞ്ജു തുടങ്ങിയത്.

മറുഭാഗത്ത് അഭിഷേക് ശർമ്മ പതിവുശൈലിയിൽ ബാറ്റ് വീശിയപ്പോൾ ഇന്ത്യൻ സ്കോറിംഗ് വേഗത്തിലായി. 4.4 ഓവറിൽ ടീം സ്കോർ 50ൽ എത്തി. പവർപ്ലേ പൂർത്തിയായപ്പോൾ സഞ്ജു – അഭിഷേക് സഖ്യം 82 റൺസാണ് അടിച്ചുകൂട്ടിയത്.

മുഹമ്മദ് നബിയും അസ്മത്തുള്ള ഒമർസായിയുമെല്ലാം സഞ്ജുവിന്റെയും അഭിഷേകിന്റെയും ബാറ്റിന്റെ ചൂടറിഞ്ഞു. താളം കണ്ടെത്തിയതോടെ അഭിഷേകിനേക്കാൾ അപകടകാരിയാകുന്ന സഞ്ജുവിനെയാണ് മൈതാനത്ത് കാണാൻ സാധിച്ചത്. മുഹമ്മദ് നബിയുടെ ഒരോവറിലെ അവസാന നാല് പന്തിൽ രണ്ട് സിക്സറുകളും രണ്ട് ബൗണ്ടറികളുമാണ് സഞ്ജു പറത്തിയത്.

പവർപ്ലേയ്‌ക്ക് പിന്നാലെ എത്തിയ റാഷിദ് ഖാന്റെ ആദ്യ പന്ത് തന്നെ ക്രീസിൽ നിന്ന് ഇറങ്ങി ഗ്യാലറിയിലേയ്‌ക്ക് പായിച്ച അഭിഷേകിന് തൊട്ടടുത്ത പന്തിൽ പിഴച്ചു. വീണ്ടും സിക്സറിന് ശ്രമിച്ച അഭിഷേകിന്റെ ഷോട്ട് സെദിഖുല്ലയുടെ കൈകളിൽ അവസാനിച്ചു. 19 പന്തിൽ 4 സിക്സറുകളുടെയും രണ്ട് ബൗണ്ടറികളുടെയും അകമ്പടിയോടെ 39 റൺസ് നേടിയാണ് അഭിഷേക് മടങ്ങിയത്.

ഇതേ ഓവറിൽ തന്നെ തന്റെ 7-ാം ടി20 അർധ സെഞ്ച്വറി തികച്ച സഞ്ജുവിന് പരിശീലകൻ ഗൗതം ഗംഭീറും സഹതാരങ്ങളുമെല്ലാം​ സന്തോഷത്തോടെ കയ്യടിക്കുന്ന കാഴ്ച കാണാമായിരുന്നു. 50 റൺസ് നേടാൻ സഞ്ജുവിന് വെറും 20 പന്തുകൾ മാത്രമേ വേണ്ടിവന്നുള്ളൂ. തൊട്ടടുത്ത പന്തിൽ റാഷിദ് ഖാനെതിരെ സിക്സർ നേടിയ സഞ്ജുവും അവസാന പന്തിൽ വമ്പൻ ഷോട്ടിന് ശ്രമിക്കവെ പുറത്തായി. 22 പന്തുകളിൽ നിന്ന് 7 ബൗണ്ടറികളും 4 സിക്സറുകളും സഹിതം 57 റൺസാണ് സഞ്ജു നേടിയത്.

സഞ്ജുവും അഭിഷേകും പുറത്തായതോടെ ക്രീസിലൊന്നിച്ച ഇഷാൻ കിഷൻ – ശ്രേയസ് അയ്യർ സഖ്യം കരുതലോടെയാണ് ബാറ്റ് വീശിയത്. എന്നാൽ, 11-ാം ഓവറിൽ സിക്സർ വഴങ്ങിയതിന് പിന്നാലെ ശ്രേയസിനെയും മടക്കിയയച്ച് റാഷിദ് ഖാൻ ഈ മത്സരത്തിലെ മൂന്നാം വിക്കറ്റും സ്വന്തമാക്കി. ഇഷാൻ കിഷൻ 38 റൺസുമായും തിലക് വർമ്മ 15 റൺസുമായും പുറത്താകാതെ നിന്നതോടെ ഇന്ത്യ അനായാസമായി വിജയലക്ഷ്യം മറികടന്നു.

നേരത്തെ, ടോസ് നേടിയ ഇന്ത്യ അഫ്ഗാനിസ്ഥാനെ ആദ്യം ബാറ്റിംഗിന് അയക്കുകയായിരുന്നു. നായകൻ ഇബ്രാഹിം സദ്രാൻ 37 റൺസ് നേടി ടോപ് സ്കോറായി. റാഷിദ് ഖാൻ 28 റൺസും ദർവിഷ് റസൂലി 26 റൺസും നേടി. ഇന്ത്യയ്‌ക്ക് വേണ്ടി നിതീഷ് കുമാർ റെഡ്ഡി 3 ഓവറിൽ 24 റൺസ് വഴങ്ങി 3 വിക്കറ്റുകൾ വീഴ്‌ത്തി. അർഷ്ദീപ് സിംഗ് 2ഉം ജസ്പ്രീത് ബുംറ, അക്സർ പട്ടേൽ, രവി ബിഷ്ണോയി എന്നിവർ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി. ആദ്യ മത്സരവും ജയിച്ച ഇന്ത്യ 3 മത്സരങ്ങളടങ്ങിയ പരമ്പര സ്വന്തമാക്കി കഴിഞ്ഞു.

 

Recent Posts