Kerala

പഴയ വേണാട്ടില്‍ നിന്ന് അനന്തപുരിയിലേക്ക്; നവരാത്രി വിഗ്രഹങ്ങളുടെ എഴുന്നള്ളത്ത് ഒക്‌ടോബര്‍ 9ന്

Published by
രാജേഷ് വടക്കുംകര

നാഗര്‍കോവില്‍: നൂറ്റാണ്ടുകള്‍ പിന്നിട്ട പാരമ്പര്യത്തിന്റെ ഓര്‍മകളും രാജകീയ ആചാരങ്ങളുടെ പ്രൗഢിയും ഭക്തിയുടെ നിറവുമേന്തി പഴയ വേണാട്ടില്‍ നിന്ന് അനന്തപുരിയിലേക്കുള്ള നവരാത്രി വിഗ്രഹങ്ങളുടെ പുണ്യയാത്രയ്‌ക്ക് ഒക്ടോബര്‍ 9ന് തുടക്കമാകും.

ഒക്ടോബര്‍ 8ന് രാവിലെ ഏഴിനും എട്ടിനും മധ്യേ ശുചീന്ദ്രം ക്ഷേത്രത്തില്‍നിന്ന് മുന്‍ ഉദിത്തനങ്കദേവി പുറപ്പെടും. വഴിനീളെ ഭക്തജനങ്ങളുടെ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി ഉച്ചയോടെ ചുങ്കങ്കട വിശ്രമിക്കും. തുടര്‍ന്ന് വൈകിട്ട് കല്‍ക്കുളം നീലകണ്ഠ പെരുമാള്‍ ക്ഷേത്രത്തിലെത്തും.

ഒക്ടോബര്‍ 9ന് രാവിലെ എട്ടോടെ പത്മനാഭപുരം കൊട്ടാരത്തില്‍നിന്ന് ആചാരപൂര്‍വമായ കൈമാറ്റച്ചടങ്ങുകള്‍ക്കുശേഷമാണ് തേവാരക്കെട്ടില്‍നിന്ന് സരസ്വതിദേവിയെ ആനപ്പുറത്തും വേളിമല കുമാരസ്വാമിയെയും ശുചീന്ദ്രം മുന്‍ ഉദിത്തനങ്കദേവിയെയും പല്ലക്കുകളിലുമാണ് എഴുന്നള്ളിക്കുക. ഉച്ചയോടെ കേരളപുരം ശ്രീ മഹാദേവക്ഷേത്രത്തിലെത്തി വിശ്രമിച്ചശേഷം വൈകിട്ടോടെ ഘോഷയാത്ര കുഴിത്തുറ മഹാദേവക്ഷേത്രത്തിലെത്തും.

ഒക്ടോബര്‍ 10ന് രാവിലെ കുഴിത്തുറയില്‍നിന്ന് പുറപ്പെട്ട് രാവിലെ 11ഓടെ കേരളതമിഴ്‌നാട് അതിര്‍ത്തിയായ കളിയിക്കാവിളയിലെത്തും. തുടര്‍ന്ന് പാറശ്ശാല മഹാദേവക്ഷേത്രത്തിലെത്തി വിശ്രമിച്ചശേഷം വൈകിട്ടോടെ നെയ്യാറ്റിന്‍കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെത്തും.

ഒക്ടോബര്‍ 11ന് രാവിലെ ഏഴിന് നെയ്യാറ്റിന്‍കരയില്‍നിന്ന് യാത്ര ആരംഭിക്കും. ഉച്ചയോടെ നേമം വില്ലേജ് ഓഫീസില്‍ വിശ്രമിച്ചശേഷം വൈകിട്ട് നാലോടെ സരസ്വതിദേവിയും കുമാരസ്വാമിയും കരമന അമ്മന്‍ ക്ഷേത്രത്തിലെത്തും. ഇവിടെ കുമാരസ്വാമിയെ പല്ലക്കില്‍നിന്ന് ഇറക്കി വെള്ളിക്കുതിരപ്പുറത്ത് അലങ്കരിക്കുന്ന ചടങ്ങ് നടക്കും.
അതേസമയം, മുന്‍ ഉദിത്തനങ്കദേവി കിള്ളിപ്പാലത്തെ ഉജ്ജയിനി അമ്മന്‍ ക്ഷേത്രത്തിലെത്തും. തുടര്‍ന്ന് സരസ്വതിദേവിയും കുമാരസ്വാമിയും കരമനയില്‍നിന്ന് കിള്ളിപ്പാലത്തെത്തി മുന്‍ ഉദിത്തനങ്കദേവിയോടൊപ്പം ചേരും. ഭക്തജനങ്ങളുടെ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി മൂന്ന് ദേവസ്വരൂപങ്ങളും വൈകിട്ട് ഏഴോടെ ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന് മുന്നിലെ നവരാത്രി മണ്ഡപത്തിലെത്തും.

സരസ്വതിദേവിയെ നവരാത്രി പൂജയ്‌ക്കായി നവരാത്രി മണ്ഡപത്തില്‍ കുടിയിരുത്തും. കുമാരസ്വാമിയും മുന്‍ ഉദിത്തനങ്കദേവിയും ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന് പ്രദക്ഷിണംവച്ച് യഥാക്രമം ആര്യശാല ദേവീക്ഷേത്രത്തിലും ചെന്തിട്ട ദേവീക്ഷേത്രത്തിലും പൂജയ്‌ക്കായി കുടിയിരിക്കും.

തുടര്‍ന്ന് അനന്തപുരിയില്‍ ഒന്‍പത് രാത്രികളും പത്ത് പകലുകളും നീളുന്ന നവരാത്രി പൂജകള്‍. പഴയ വേണാട്ടിന്റെ രാജപാരമ്പര്യവും ക്ഷേത്രാചാരങ്ങളും ഭക്തിയുടെ ആഴവും സംഗമിക്കുന്ന അപൂര്‍വമായ ഈ ചടങ്ങുകള്‍ക്ക് സാക്ഷിയാകാന്‍ ആയിരങ്ങളാണ് ഓരോ വര്‍ഷവും തലസ്ഥാനത്ത് എത്തുന്നത്.

പത്താം ദിനമായ ഒക്ടോബര്‍ 21ന് രാവിലെ എട്ടിന് ആര്യശാല ദേവീക്ഷേത്രത്തില്‍നിന്ന് കുമാരസ്വാമിയെ വെള്ളിക്കുതിരയില്‍ അലങ്കരിച്ച് പൂജപ്പുര മണ്ഡപത്തിലേക്ക് വേട്ടയ്‌ക്കായി എഴുന്നള്ളിക്കും. വൈകിട്ട് നാലോടെ അവിടെനിന്ന് മടങ്ങുന്ന ഘോഷയാത്ര ചാല ഇലക്കട റോഡില്‍ ചെന്തിട്ട ദേവീക്ഷേത്രത്തില്‍നിന്ന് എത്തുന്ന മുന്‍ ഉദിത്തനങ്കദേവിയെയും കൂട്ടിച്ചേര്‍ക്കും.

വൈകിട്ട് ഏഴോടെ മൂന്ന് ദേവസ്വരൂപങ്ങളും വീണ്ടും നവരാത്രി മണ്ഡപത്തിന് മുന്നിലെത്തും. തുടര്‍ന്ന് വലിയ തമ്പുരാന്റെ കാണിക്ക സമര്‍പ്പിച്ചും മടക്കയാത്രയ്‌ക്കുള്ള അനുമതി വാങ്ങിയും ദേവസ്വരൂപങ്ങളെ അവരവരുടെ പൂജാസ്ഥലങ്ങളിലേക്ക് തിരിച്ചെത്തിക്കും.
ഒക്ടോബര്‍ 22ന് ഒരു ദിവസത്തെ നല്ലിരിപ്പിനുശേഷം, പ്രത്യേക പൂജകളൊന്നുമില്ലാത്ത ദിവസത്തിനുശേഷം, ഒക്ടോബര്‍ 23ന് രാവിലെ എട്ടോടെ പഴയ വേണാട്ടിലെ മാതൃക്ഷേത്രങ്ങളിലേക്കുള്ള മടക്കയാത്ര ആരംഭിക്കും.

Recent Posts