‘ഭാരതമെന്നുകേട്ടാല്‍ അഭിമാനപൂരിതമാകണം
അന്തരംഗം’ എന്ന് മഹാകവി പാടി. അതെ, ആത്മാഭിമാനംകൊണ്ടു നമ്മുടെ ചോര തിളയ്‌ക്കുന്ന എത്രയെത്ര ധീരകഥകളാണ് നമുക്ക് ഓര്‍മ്മിയ്‌ക്കുവാനുള്ളത്. സ്വാതന്ത്ര്യത്തിനുവേണ്ടി അവിശ്വസനീയമാംവിധം യുദ്ധക്കളത്തിലിറങ്ങിയ വീരവനിതയായ ഝാന്‍സി റാണി ലക്ഷ്മീബായി, താന്തിയാത്തോപ്പി തുടങ്ങി എത്രയോ പേര്‍.! ഉദ്ധൃതമായ ദേശസ്‌നേഹവും ഉല്‍ക്കടമായ സ്വാഭിമാനവുമുള്ളവനേ പുളകോദ്ഗമകാരിയായ സ്വാതന്ത്ര്യത്തിന്റെ വിലയറിയൂ. നാം അനുഭവിയ്‌ക്കുന്ന ഈ സ്വാതന്ത്ര്യം എത്രയോ മഹാത്മാക്കളുടെ ത്യാഗപൂര്‍ണ്ണമായ ജീവിതകഥയാണെന്ന് ഓരോനിമിഷവും ഓര്‍ത്തുവേണം നാം പ്രവര്‍ത്തിയ്‌ക്കുവാന്‍.
പഞ്ചാബിലെ ല്യാല്‍പൂരിലുള്ള ബങ്കാഗ്രാമത്തില്‍ നിന്നും വെറും പന്ത്രണ്ടു വയസ്സുള്ള ഒരു ബാലന്‍ ചരിത്ര പ്രസിദ്ധമായ അമൃതസറിലെ സുവര്‍ണ്ണക്ഷേത്രം സ്ഥിതിചെയ്യുന്ന മഹാനഗരത്തിന്റെ രാജപാതയിലൂടെ ഏകനായി, അതിലുപരി വികാരവിക്ഷുബ്ധനായി നടന്നുവരികയാണ്.
പാതയുടെ പാര്‍ശ്വങ്ങളിലായി പലയിടത്തും എന്തിനും തയ്യാറായി നിലകൊള്ളുന്ന പട്ടാളക്കാരെയൊന്നും ആ അപരിചിതനായ ബാലന്‍ ശ്രദ്ധിയ്‌ക്കുന്നേയില്ല. ആ നഗരത്തിന്റെ മറ്റൊരുഭാഗത്തു സ്ഥിതിചെയ്യുന്ന ജാലിയന്‍ വാലാബാഗാണ് അവന്റെ മനസ്സ് മുഴുവന്‍. അതെ, ഏതാനും നാള്‍മുമ്പ് പതിനായിരക്കണക്കിന് ഭാരതീയരായ ദേശസ്‌നേഹികളുടെ രക്തം തളംകെട്ടിയ സ്ഥലം. ബ്രിട്ടീഷുകാരുടെ ക്രൂരതയുടെഫലമായി കൂട്ടക്കുരുതി നടന്ന സ്ഥലം! ജനറല്‍ ഒ. ഡയര്‍ ബ്രിട്ടീഷ് പട്ടാളവുമായിചേര്‍ന്നു ചെയ്ത ആ ക്രൂരതയെത്തുടര്‍ന്ന് ഭാരതത്തിന്റെ വീരസന്തതികളായ ജനങ്ങള്‍ പട്ടാളവുമായി ഏറ്റുമുട്ടി. വഴിയോരങ്ങളില്‍ തൂണുകളില്‍ കെട്ടിയിട്ടും കയറുകൊണ്ട് ബന്ധിച്ചു വലിച്ചിഴച്ചും പട്ടാളം അവരെ അതികഠിനമായി വേദനിപ്പിച്ചുനശിപ്പിച്ചു. ഒഴിഞ്ഞ യുദ്ധക്കളംപോലെ ഭീതിദമായ ഏകാന്തതയുടെ നടുവില്‍ എങ്ങും ചോരപ്പാടകള്‍, നഷ്ടപ്പെട്ട വസ്ത്രങ്ങള്‍, മാംസഭാഗങ്ങള്‍….!
ആ ബാലന്‍ വിങ്ങുന്ന ഹൃദയത്തോടെ അവിടെ സ്തബ്ധനായി നിന്നു. അവന്റെ കണ്ണുകള്‍ രോഷാഗ്‌നിയാല്‍ ചുവന്നു. അതില്‍നിന്നും ജലകണികകള്‍ ഭാരതീയരായ തന്റെ സ്വന്തം മിത്രങ്ങളുടെ ദീനരോദനം പടര്‍ന്നൊഴുകിയ ആ മണ്ണിലേക്ക് നിപതിച്ചു. ആ പിഞ്ചുബാലന്റെ മുഖമാകെ ചുവന്നുതുടുത്തു .
പിന്നീട് അവനവിടെ കുമ്പിട്ടിരുന്നു. തന്റെ ഉടുപ്പിന്റെ അറയില്‍ നിന്നും ഒരു ചെറിയ കുപ്പിയെടുത്തു. അടുത്തനിമിഷം ,ആവേശത്തോടെ ദേശാഭിമാനത്തിന്റെ വീര്യമുണര്‍ത്തുന്ന ആ ചോരപുരണ്ട ഒരുപിടി മണ്ണ് ആ കുപ്പിയിലാക്കി. വിറയ്‌ക്കുന്ന കൈയ് വിതുമ്പുന്ന ഹൃദയത്തോട് ചേര്‍ത്തുപിടിച്ചു. അപ്പോഴേക്കും അവനു സങ്കടമൊതുക്കാന്‍ കഴിഞ്ഞില്ല. അവന്‍ പൊട്ടിക്കരഞ്ഞുപോയി !
അതുമായുള്ള അവന്റെ യാത്രയില്‍ ആ കുഞ്ഞുമനസ്സു തേങ്ങിക്കൊണ്ടേയിരുന്നു. തന്‍ കൈയ്യില്‍ കരുതിവെച്ച കുപ്പിയുമായി ആ ബാലന്‍ അവന്റെ വീട്ടിലെത്തി. അത് ഒരു അമൂല്യനിധിപോലെ അവിടെ സൂക്ഷിച്ചുവെച്ചു. അപ്പോഴും, തനിയ്‌ക്കും സമൂഹത്തിനും വേണ്ടി ജീവന്‍ത്യജിച്ച ദേശസ്‌നേഹികളെയോര്‍ത്ത് ആ ബാലന്റെ കണ്ണുകള്‍ തോര്‍ന്നിരുന്നില്ല. പിന്നീടുള്ള ഓരോദിവസവും ഓരോ നിമിഷവും ആ മണ്ണുനിറച്ച കുപ്പികാണുമ്പോള്‍ ആ കുഞ്ഞിന്റെ രക്തം തിളച്ചുകൊണ്ടേയിരുന്നു. തന്റെ മാതൃരാജ്യത്തോട് ബ്രിട്ടീഷ്ഭരണഭീകരത കാണിയ്‌ക്കുന്ന കൊടുംക്രൂരതയോടുള്ള അവന്റെ അമര്‍ഷം അനുനിമിഷം തിളച്ചുമറിഞ്ഞു. ബ്രിട്ടീഷ് ഭരണാതിക്രമത്തെ ഭാരതത്തില്‍ നിന്നും തൂത്തെറിയുമെന്ന് അവന്‍ ശപഥം ചെയ്തു !
വെറും പന്ത്രണ്ടുവയസ്സുകാരനായ ആ ധീരബാലനാണ് ലോകം ഇന്നും, എന്നും അത്ഭുതാദരങ്ങളോടെകാണുന്ന ഭാരതത്തിന്റെ പൊന്നോമനപ്പുത്രനായ ധീരദേശാഭിമാനി വീര ഭഗത് സിങ് ! ആ മഹാനായ ഭാരതപുത്രനെ ബ്രിട്ടീഷ്ഭരണകൂടം രാജ്യദ്രോഹക്കുറ്റം ചുമത്തി തൂക്കിലേറ്റുകയാണുണ്ടായത് !
നമ്മുടെ സ്വാതന്ത്ര്യസമരത്തില്‍ പുളകിതമായ ഒരേടാണ് വീരഭഗത് സിങ്. നിറമിഴികളോടുകൂടിയേ ആ സ്വദേശാഭിമാനിയെ ആര്‍ക്കും എക്കാലത്തും സ്മരിയ്‌ക്കാന്‍ കഴിയൂ. എന്നും അങ്ങനെയുള്ളവരാകട്ടെ. ഈ സ്വതന്ത്രജന്മഭൂമി എന്നും പവിത്രമാണെന്നോര്‍ക്കുക. അതിനെ നാം പരമപവിത്രമായി സൂക്ഷിയ്‌ക്കുക. ഭഗത്സിങ്ങിനെപ്പോലുള്ള ഭാരതപുത്രന്മാരോട് നാം എന്നും കടപ്പെട്ടവരാവണം.
















