ന്യൂദല്‍ഹി: ആര്‍ജെഡി പ്രസിഡന്റ് ലാലു പ്രസാദ് യാദവ്, ഭാര്യ റാബ്റി ദേവി, മകന്‍ തേജസ്വി യാദവ് എന്നിവര്‍ക്കെതിരെ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം ദല്‍ഹി റൗസ് അവന്യൂ കോടതി കുറ്റം ചുമത്തി. ലാറ പ്രോജക്ട്‌സ്, സരള ഗുപ്ത, പ്രേം ചന്ദ് ഗുപ്ത, സുജാത ഹോട്ടല്‍സ്, വിനയ് കൊച്ചാര്‍, വിജയ് കൊച്ചാര്‍ എന്നിവര്‍ക്കെതിരെയും സമാന കുറ്റം ചുമത്തിയിട്ടുണ്ട്.
ലാലുവിന്റെ മരുമകന്‍ രാഹുല്‍ യാദവ്, ഗൗരവ് ഗുപ്ത, നാഥ് മാല്‍ കങ്കര്‍ണിയ, വിജയ് ത്രിപാഠി, ഡിഎന്‍ തുള്‍ഷ്യന്‍, രാജീവ് റെലാന്‍, അഭിഷേക് ഫിനാന്‍സ് എന്നിവരെ കേസില്‍ നിന്ന് ഒഴിവാക്കി.
ലാലു പ്രസാദ് യാദവ് റെയില്‍വേ മന്ത്രിയായിരിക്കെ, റാഞ്ചിയിലെയും പുരിയിലെയും രണ്ട് ഐആര്‍സിടിസി ഹോട്ടലുകള്‍ കൃത്രിമ ടെന്‍ഡര്‍ വഴി സുജാത ഹോട്ടല്‍സിന് പാട്ടത്തിന് നല്‍കുകയും, പകരം കോടിക്കണക്കിന് രൂപ വിലമതിക്കുന്ന ഭൂമി ലാലു കുടുംബവുമായി ബന്ധമുള്ള കമ്പനിയുടെ പേരില്‍ ചെറിയ തുകയ്‌ക്ക് വാങ്ങിയെടുക്കുകയും ചെയ്തുവെന്നാണ് കേസ്.
















