
ഗുല്‍മാര്‍ഗ്: മഞ്ഞുമലകളുടെ താഴ്വാരത്തെ ഗുല്‍മാര്‍ഗ് ഗോള്‍ഫ് ക്ലബ് പ്രകൃതിഭംഗിയും കായിക പാരമ്പര്യവും ഒരുമിക്കുന്ന അപൂര്‍വ ഇടമാണ്. സിനിമ, സീരിയല്‍ ഷൂട്ടിംഗിന്റെ ഇഷ്ട കേന്ദ്രം കൂടിയായ ഈ ക്ലബിന് ഒരു നൂറ്റാണ്ടിന്റെ പഴക്കമുണ്ട്.
സമുദ്രനിരപ്പില്‍ നിന്ന് ഏകദേശം 8,700 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഗുല്‍മാര്‍ഗ് ഗോള്‍ഫ് ക്ലബ് ആരംഭിക്കുന്നത് 1890ലാണ്. തുടക്കത്തില്‍ ഇവിടെ ആറ് ഹോള്‍ കോഴ്സുകളാണ് ആരംഭിച്ചത്. പിന്നീട് 1911ല്‍ ഗുല്‍മാര്‍ഗ് ഗോള്‍ഫ് ക്ലബ് ഔദ്യോഗികമായി രൂപം കൊള്ളുകയും കോഴ്‌സുകളുടെ എണ്ണവും വര്‍ദ്ധിപ്പിച്ചു. 1922-ല്‍ ആദ്യ ഗോള്‍ഫ് ചാമ്പ്യന്‍ഷിപ്പും ഇവിടെ അരങ്ങേറി. നെദോസ് കപ്പ്,, നോര്‍ത്തേണ്‍ ഇന്ത്യ കപ്പ് അടക്കം നിരവധി പ്രധാന മത്സരങ്ങള്‍ക്ക് കോഴ്സ് വേദിയായി. നിലവില്‍ 18 ഹോള്‍ കോഴ്സുകളാണ് ക്ലബ്ബില്‍ ഉള്ളത്.
വിശാലമായ കുന്നുകളും ചരിവുകളും വിശാലമായ പുല്‍മേടുകളും ചുറ്റുമുള്ള ഹിമാലയന്‍ മലനിരകളും ചേര്‍ന്നതാണ് ക്ലബ്ബിന്റെ പ്രത്യേകത. പ്രശസ്ത ഗോള്‍ഫ് കോഴ്സ് ഡിസൈനര്‍ പീറ്റര്‍ തോംസണ്‍ 1970ലാണ് ക്ലബ്ബിന്റെ നിര്‍മാണം തുടങ്ങുന്നത്. പിന്നീട് കാലാനുസൃതമായി പല നിര്‍മാണ പ്രവര്‍ത്തനങ്ങളും നടന്നെങ്കിലും പഴമ അതേപടി നിലനിര്‍ത്തി. മരങ്ങള്‍ കൊണ്ട് ഇനിയും നിരവധി വര്‍ഷത്തോളം ഈട് നില്‍ക്കുന്ന വിധത്തിലാണ് ഇതിന്റെ നിര്‍മാണം. ക്ലബ്ബിനുള്ളില്‍ ബ്രിട്ടീഷ് ഭരണകാലത്ത് സ്ഥാപിച്ച പിയാനോകളും മറ്റും ഇന്നും സംരക്ഷിക്കുന്നുണ്ട്. പഴമയുടെ ഓര്‍മകള്‍ പേറുന്ന ക്ലബ്ബിനെ കൂടുതല്‍ ആധുനിക സൗകര്യങ്ങളോടെ വികസിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങളും തുടരുകയാണ്. അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തി അന്താരാഷ്‌ട്ര നിലവാരത്തിലുള്ള ഗോള്‍ഫ് ടൂറിസം കേന്ദ്രമാക്കി ഗുല്‍മാര്‍ഗിനെ ഉയര്‍ത്തുകയാണ് ലക്ഷ്യം.