Kerala

രേഖകളില്‍ റിപ്പോര്‍ട്ടര്‍ ചാനല്‍ ഉടമ ഇപ്പോഴും നികേഷ്‌കുമാര്‍ തന്നെ; റിപ്പോര്‍ട്ടര്‍ കമ്പനി രൂപീകരിച്ചത് തട്ടിപ്പിന്: ഷോണ്‍

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കോട്ടയം: മെസിയെ കേരളത്തില്‍ എത്തിക്കുമെന്നു പറഞ്ഞ് റിപ്പോര്‍ട്ടര്‍ കമ്പനി നടത്തിയ തട്ടിപ്പുകള്‍, കേന്ദ്രത്തിലെ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് (എസ്എഫ്‌ഐഒ) അന്വേഷിക്കേണ്ട കേരളത്തിലെ രണ്ടാമത്തെ കേസാണെന്ന് ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷന്‍ അഡ്വ: ഷോണ്‍ ജോര്‍ജ്. രേഖകള്‍ പരിശോധിക്കുമ്പോള്‍ കമ്പനി രൂപീകരിച്ചത് പോലും തട്ടിപ്പു നടത്തുന്നതിനാണെന്ന് സംശയിക്കണം.

എം.വി. നികേഷ്‌കുമാര്‍ കൈമാറ്റം ചെയ്തതെന്ന് പറയപ്പെടുന്ന ഇന്‍ഡോ ഏഷ്യന്‍ ന്യൂസ് ചാനല്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ ഓഹരികള്‍ ഇപ്പോഴും കൈമാറ്റം ചെയ്തതായി രേഖകളിലില്ല. രേഖകളില്‍ റിപ്പോര്‍ട്ടര്‍ ചാനല്‍ ഉടമ ഇപ്പോഴും നികേഷ്‌കുമാര്‍ തന്നെയാണ്. എന്നാല്‍ ഇതിന്റെ ബിസിനസ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ പേരിലാണ്. ഇതിന് 10 ലക്ഷം രൂപ മാത്രമാണ് മൂലധനമെന്നും രേഖകളില്‍ നിന്ന് വ്യക്തമാകുന്നു. ഒരു ചാനല്‍ നടത്തണമെങ്കില്‍ കുറഞ്ഞത് 20 കോടി രൂപയുടെ മൂലധനം ഉണ്ടായിരിക്കണമെന്നാണ് നിയമം. എന്നാല്‍ റിപ്പോര്‍ട്ടര്‍ ചാനല്‍ ഇത് പാലിച്ചിട്ടില്ല.

ഈ സ്ഥാപനത്തില്‍ ഓഡിറ്റ് കൃത്യമായി നടക്കുന്നില്ലെന്ന കാരണത്താല്‍ ഇവരുടെ ഓഡിറ്റര്‍ രാജിവെച്ചു. ഇങ്ങനെയുള്ള ഒരു കമ്പനിക്ക് വിദേശത്തേക്ക് പണം കൈമാറ്റം ചെയ്യുന്നതിന് അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനും കായിക മന്ത്രിയും കായിക വകുപ്പ് സെക്രട്ടറിയും റിസര്‍വ് ബാങ്കിന് കത്തയച്ചത് ദുരൂഹമാണ്. അതിനാല്‍ പണമിടപാട്, പണത്തിന്റെ ഉറവിടം, ഇതിനു വഴിയൊരുക്കിയ മുന്‍ മുഖ്യമന്ത്രിയുടെയും കായിക മന്ത്രിയുടെയും വകുപ്പ് സെക്രട്ടറിമാരുടെ പങ്ക് എന്നിവ അന്വേഷിക്കണം.

റിപ്പോര്‍ട്ടര്‍ ചാനലിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ എംഡിയായി രേഖപ്പെടുത്തിയിരുന്നത് ആന്റോ അഗസ്റ്റിനെയാണ്. എന്നാല്‍ തട്ടിപ്പ് ചര്‍ച്ചയായതോടെ ഈ സൈറ്റ് പിന്‍വലിച്ചു. രേഖകളില്‍ ഒന്നിലും ആന്റോ അഗസ്റ്റിന്റെ പേരില്ല എന്നതുതന്നെ തട്ടിപ്പിന്റെ ഭാഗമാണ്.

എം.വി. നികേഷ്‌കുമാറാണ് സിപിഎമ്മിന്റെ പാര്‍ട്ടി ചാനലായ കൈരളിയുംപാര്‍ട്ടിയുടെ സമൂഹമാധ്യമ വിഭാഗത്തെയും ശ്രദ്ധിക്കുന്നത്. കൈരളി ചാനലിനെപ്പോലും പിന്നിലാക്കി പിണറായി വിജയനെയും സിപിഎമ്മിനെയും സംരക്ഷിക്കുന്നത് റിപ്പോര്‍ട്ടര്‍ ചാനലാണെന്നതും അതിന്റെ ഉടമസ്ഥാവകാശവും ബ്രോഡ്കാസ്റ്റിങ് ലൈസന്‍സും നികേഷ്‌കുമാറിന്റെ പേരിലാണെന്നതും വിഷയത്തെ കൂടുതല്‍ സങ്കീര്‍ണമാക്കുന്നെന്ന് ഷോണ്‍ ജോര്‍ജ് പറഞ്ഞു. പത്രസമ്മേളനത്തില്‍ ബിജെപി കോട്ടയം വെസ്റ്റ് ജില്ലാ അദ്ധ്യക്ഷന്‍ ജി. ലിജിന്‍ലാലും പങ്കെടുത്തു.

 

Recent Posts