Kerala

പെരുകുന്ന അധിനിവേശ മത്സ്യങ്ങള്‍; നാടന്‍ മത്സ്യസമ്പത്തിന് ഭീഷണി, പ്രധാന വില്ലന്‍ ആഫ്രിക്കന്‍ മുഷി

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കൊല്ലം: ജലാശയങ്ങളിലെ നാടന്‍ മത്സ്യസമ്പത്തിന് ഭീഷണിയായി അധിനിവേശ മത്സ്യങ്ങളുടെ അതിവേഗ വംശവര്‍ധന. ശുദ്ധജല സ്രോതസ്സുകള്‍ ആവാസകേന്ദ്രമാക്കുന്ന വിദേശ മത്സ്യങ്ങള്‍ അതിവേഗം പ്രജനനം നടത്തി വ്യാപിക്കുന്നതാണ് ആശങ്ക ഉയര്‍ത്തുന്നത്. നാടന്‍ മത്സ്യങ്ങളുടെ മുട്ടകളും കുഞ്ഞുങ്ങളും ഭക്ഷണമാക്കുന്നതിന് പുറമേ രോഗങ്ങള്‍ പടര്‍ത്തുന്നതും ആവാസവ്യവസ്ഥയുടെ സ്വാഭാവിക സന്തുലിതാവസ്ഥ തകര്‍ക്കുന്നതും അധിനിവേശ മത്സ്യങ്ങളുടെ വ്യാപനം ഗുരുതരമാക്കുന്നു.

2018ലെ മഹാപ്രളയത്തിന് ശേഷം സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് നടത്തിയ പഠനങ്ങളില്‍ അക്വാകള്‍ച്ചര്‍ ഫാമുകളില്‍നിന്ന് അധിനിവേശ മത്സ്യങ്ങള്‍ ജലാശയങ്ങളിലേക്ക് പുറത്തുകടക്കുന്നതായി കണ്ടെത്തിയിരുന്നു. പശ്ചിമഘട്ടത്തില്‍ രേഖപ്പെടുത്തിയ ഏഴ് വിദേശ അധിനിവേശ മത്സ്യങ്ങളില്‍ ഭൂരിഭാഗത്തിനും രാജ്യത്തേക്ക് ഇറക്കുമതി ചെയ്യാന്‍ അനുമതിയുണ്ടായിരുന്നില്ല. അലങ്കാര മത്സ്യ വ്യാപാരത്തിന്റെ മറവില്‍ നിയമവിരുദ്ധമായി എത്തിച്ചവയും ഇക്കൂട്ടത്തിലുണ്ടായിരുന്നു.

2004ല്‍ രൂപീകരിച്ച ഫിഷര്‍മാന്‍ ഇക്കോ ഡെവലപ്‌മെന്റ് കമ്മിറ്റിയുടെ (ഇഡിസി) പ്രവര്‍ത്തനങ്ങളിലൂടെ പെരിയാര്‍ തടാകത്തിലെ അധിനിവേശ മത്സ്യങ്ങളെ ഒരു പരിധിവരെ നിയന്ത്രിക്കാനും തദ്ദേശീയ ഇനങ്ങളെ സംരക്ഷിക്കാനും കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ അതിവേഗം പെരുകുന്ന ആഫ്രിക്കന്‍ മുഷി ഉള്‍പ്പെടെയുള്ള അധിനിവേശ മത്സ്യങ്ങളെ പൂര്‍ണമായി ജലാശയങ്ങളില്‍നിന്ന് ഒഴിവാക്കുക ഇപ്പോഴും വലിയ ദൗത്യമാണ്.

പ്രധാന വില്ലന്‍ ആഫ്രിക്കന്‍ മുഷി
തദ്ദേശീയ മത്സ്യങ്ങള്‍ക്ക് ഏറ്റവും വലിയ ഭീഷണികളിലൊന്നാണ് ആഫ്രിക്കന്‍ മുഷി എന്നറിയപ്പെടുന്ന ആഫ്രിക്കന്‍ ക്യാറ്റ്ഫിഷ്. പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കാനും അതിവേഗം പ്രജനനം നടത്താനും കഴിവുള്ള ഇവ ഓക്‌സിജന്‍ കുറവുള്ള മലിന ജലാശയങ്ങളിലും ദീര്‍ഘനേരം ജീവിക്കും. ഒരേസമയം 5,000 മുതല്‍ അഞ്ച് ലക്ഷം വരെ മുട്ടയിടാന്‍ കഴിയുന്നതിനാല്‍ ഇവയെ പൂര്‍ണമായി നിയന്ത്രിക്കുക വലിയ വെല്ലുവിളിയാണ്.

നാടന്‍ മത്സ്യങ്ങള്‍ക്ക് പലവിധ വെല്ലുവിളി
അധിനിവേശ മത്സ്യങ്ങളുടെ ഭീഷണിക്ക് പുറമേ ആവാസവ്യവസ്ഥയുടെ നാശം, ജലമലിനീകരണം, അണക്കെട്ടുകളുടെ നിര്‍മാണം, കാലാവസ്ഥാ വ്യതിയാനം, അമിതവും അശാസ്ത്രീയവുമായ മത്സ്യബന്ധനം തുടങ്ങിയവയും കേരളത്തിലെ നാടന്‍ മത്സ്യസമ്പത്തിന്റെ നിലനില്‍പ്പിന് വെല്ലുവിളിയാണ്. മലിനജലത്തില്‍ പോലും പെരുകാന്‍ കഴിയുന്ന അധിനിവേശ മത്സ്യങ്ങള്‍ വ്യാപിക്കുന്നതോടെ നാടന്‍ ഇനങ്ങളുടെ എണ്ണം കുറയുകയും ജലാശയങ്ങളുടെ സ്വാഭാവിക ഘടനയ്‌ക്ക് മാറ്റം സംഭവിക്കുകയും ചെയ്യുന്നു.

അധിനിവേശ മത്സ്യങ്ങള്‍
ആഫ്രിക്കന്‍ മുഷി, മൊസാമ്പിക്ക് തിലാപ്പിയ, നൈല്‍ തിലാപ്പിയ, സക്കര്‍മൗത്ത് ക്യാറ്റ്ഫിഷ്, കോമണ്‍ കാര്‍പ്പ്, ഗപ്പി, ഗാംബൂസിയ, റെഡ് ബെല്ലീഡ് തുടങ്ങിയവയാണ് കേരളത്തിലെ ജലാശയങ്ങളില്‍ ഭീഷണിയുയര്‍ത്തുന്ന പ്രധാന അധിനിവേശ മത്സ്യങ്ങള്‍.

നാടിന്റെ സ്വന്തം മത്സ്യങ്ങള്‍
കരിമീന്‍, വരാല്‍, മഞ്ഞക്കണ്ണന്‍, മഞ്ഞ ഏട്ട, കല്ലട/ആരാന്‍, വാള, കടു തുടങ്ങിയവ ഉള്‍പ്പെടെയുള്ള നാടന്‍ മത്സ്യഇനങ്ങളുടെ നിലനില്‍പ്പിനാണ് അധിനിവേശ മത്സ്യങ്ങളുടെ വ്യാപനം വെല്ലുവിളിയാകുന്നത്.

Recent Posts