Kerala

സോഷ്യൽ മീഡിയയിലൂടെ പ്രധാനമന്ത്രിയെ അവഹേളിച്ച പോലീസ് ഉദ്യോഗസ്ഥ സജിത സലീമിന് സസ്പെൻഷൻ : പെരുമാറ്റച്ചട്ടങ്ങൾ ലംഘിച്ചെന്ന്  അന്വേഷണ റിപ്പോർട്ട്

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തൊടുപുഴ : സോഷ്യൽ മീഡിയയിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പോസ്റ്റ് ഷെയർ ചെയ്ത സംസ്ഥാന പോലീസ് സേനയിലെ ഉദ്യോഗസ്ഥയ്‌ക്ക് സസ്പെൻഷൻ. തൊടുപുഴ സ്റ്റേഷനിലെ ക്രൈംബ്രാഞ്ച് വനിതാ സിവിൽ പോലീസ് ഓഫീസറായ സജിത സലീമിനെതിരെയാണ് ഇടുക്കി ജില്ലാ പോലീസ് മേധാവിയുടെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ക്രൈംബ്രാഞ്ച് ഐജി കർശന അച്ചടക്ക നടപടി സ്വീകരിച്ചത്. ഒരു സർക്കാർ ഉദ്യോഗസ്ഥയ്‌ക്ക് ചേരാത്ത രീതിയിൽ പെരുമാറ്റച്ചട്ടങ്ങൾ ലംഘിച്ചതിനാണ് ഇവർക്കെതിരെ നടപടി വന്നിരിക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അദ്ദേഹത്തിന്റെ പദവിയെയും അധിക്ഷേപിക്കുന്ന തരത്തിലുള്ള പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചു എന്ന് ചൂണ്ടിക്കാട്ടി യുവമോർച്ച ഇടുക്കി ജില്ലാ പോലീസ് മേധാവിക്ക് ഔദ്യോഗികമായി പരാതി നൽകിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ സ്പെഷ്യൽ ബ്രാഞ്ച് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ ഉദ്യോഗസ്ഥയുടെ ഭാഗത്തുനിന്നും വീഴ്ച സംഭവിച്ചതായി കണ്ടെത്തി. തുടർന്ന് സമർപ്പിച്ച അടിയന്തര റിപ്പോർട്ടിലാണ് ഇപ്പോൾ ക്രൈംബ്രാഞ്ച് ഐജിയുടെ സസ്പെൻഷൻ ഉത്തരവ് പുറത്തിറങ്ങിയിരിക്കുന്നത്.

യുവമോർച്ച നൽകിയ പരാതിയെ തുടർന്ന് ഇടുക്കി ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം സൈബർ സെല്ലും സ്പെഷ്യൽ ബ്രാഞ്ചും ഉദ്യോഗസ്ഥയുടെ ഫേസ്ബുക്ക് അക്കൗണ്ട് വിശദമായി പരിശോധിച്ചിരുന്നു. ഇവർ മനഃപൂർവ്വം തന്നെയാണ് ഈ പോസ്റ്റ് പങ്കുവെച്ചതെന്നും, ഇത് വഴി സർക്കാർ ഉദ്യോഗസ്ഥർ പാലിക്കേണ്ട നിഷ്പക്ഷതയും അച്ചടക്കവും പൂർണമായി ലംഘിക്കപ്പെട്ടതായും അന്വേഷണത്തിൽ വ്യക്തമായി.

തുടർന്നാണ് സജിത സലീമിനെ അടിയന്തിരമായി സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തുകൊണ്ട് ക്രൈംബ്രാഞ്ച് ഐജി ഉത്തരവിറക്കിയത്. സംഭവത്തിൽ കൂടുതൽ വകുപ്പുതല അന്വേഷണവും ഡിപ്പാർട്ട്മെൻ്റ്‌ നടപടികളും തുടരുകയാണ്.

Recent Posts