
മുംബൈ കേരള സമാജത്തിന്റെ ഓണാഘോഷം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യുന്നു
മുംബൈ: കേരളത്തിന്റെ പാരമ്പര്യവും മഹാരാഷ്‌ട്രയുടെ വികസനശേഷിയും കൈകോര്‍ത്തുകൊണ്ട് ദേശീയ പുരോഗതിക്ക് കൂടുതല്‍ സംഭാവന നല്‍കണമെന്ന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍. മഹാരാഷ്‌ട്രയില്‍ പതിറ്റാണ്ടുകളായി ജീവിക്കുന്ന മലയാളികള്‍ ഈ നാടിന്റെ അവിഭാജ്യഘടകമാണെന്നും ഇവിടുത്തെ വികസനം തങ്ങളുടെ സ്വന്തം വികസനമായി കണ്ട് പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. മുംബൈ കേരള സമാജത്തിന്റെ ഓണാഘോഷത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിന്റെ ഓണം എല്ലാ വിഭാഗം ജനങ്ങളും ഒരുമിച്ച് ആഘോഷിക്കുന്ന ദേശീയ ഐക്യത്തിന്റെ മാതൃകയാണ്. മഹാബലിയുടെ സ്മരണയിലൂടെ സമത്വത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും സന്ദേശമാണ് ഓണം നല്‍കുന്നത്. ഭാരതത്തിന്റെ അടിസ്ഥാന സംസ്‌കാരം ഒന്നുതന്നെയാണെങ്കിലും വിവിധ പ്രദേശങ്ങളില്‍ അതിന് വ്യത്യസ്ത രൂപങ്ങളും നിറങ്ങളുമുണ്ട്.
മഴവില്ലിലെ നിറങ്ങള്‍ ഒന്നുചേര്‍ന്ന് മനോഹരമായ ദൃശ്യമാകുന്നതുപോലെ ഭാരതത്തിന്റെ വൈവിധ്യവും ഐക്യവും രാജ്യത്തിന്റെ ശക്തിയാണെന്നും അദ്ദേഹം പറഞ്ഞു. 2047ല്‍ വികസിത ഭാരതം എന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാത്രം സ്വപ്‌നമല്ല, ഓരോ ഭാരതീയന്റെയും സ്വപ്‌നമായിരിക്കണം, ഗവര്‍ണര്‍ പറഞ്ഞു.
ആത്മനിര്‍ഭര ഭാരതം എന്ന ആശയം ജീവിതത്തില്‍ നടപ്പാക്കണം. ‘വോക്കല്‍ ഫോര്‍ ലോക്കല്‍’ മുദ്രാവാക്യത്തില്‍ ഒതുങ്ങരുത്. ഭാരതത്തില്‍ നിര്‍മിക്കുന്ന ഉത്പന്നങ്ങള്‍ക്ക് കഴിയുന്നിടത്തോളം മുന്‍ഗണന നല്‍കണം. ആദിശങ്കരാചാര്യരുടെയും ശ്രീനാരായണ ഗുരുവിന്റെയും നാടായ കേരളത്തിന്റെ സന്ദേശം ലോകമെമ്പാടും എത്തിക്കണം ഗവര്‍ണര്‍ ആഹ്വാനം ചെയ്തു.
മുംബൈ കേരള സമാജം ഭാരവാഹികളായ ഡോ. എസ്. രാജശേഖരന്‍ നായര്‍, ക്യാപ്റ്റന്‍ കെ. ദേവദാസ്, സെക്രട്ടറി എ. ആര്‍. ദേവദാസ്, ട്രഷറര്‍ എം. വി. രവി, ജോയിന്റ് സെക്രട്ടറി കെ. ശശി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.