ശ്ലോകം- 12
ഹിമശൈലകന്യ തവ ലളിതാംഗലാസ്യ രുചി –
യൊരുവേളയുപമിച്ചു കുളിരാന്‍
അരവിന്ദസംഭവനുമമരേന്ദ്രദേശികനു –
മരുതെന്നു കുഴയുന്നു കവികള്‍
മധുരാംഗിമാര്‍ വിബുധതരുണീജനങ്ങളിതു
നുകരാന്‍ കൊതിച്ചു കഴിവെന്യേ
ശിവനുള്ള ഭാഗ്യമതിലുളവാമസൂയയൊടു –
മവനാകുവാനഭിലഷിപ്പൂ!
ശ്ലോകം- 13
വൃദ്ധന്‍ മഹാതിമിരബദ്ധന്‍ വിരക്തരസ –
ശപ്തന്‍ മനുഷ്യനവിടുത്തെ
തൃക്കണ്‍വിലാസമതുതത്തിക്കളിക്കിലതി –
ചിത്രം ! വസന്തനുടെ മിത്രം
കെട്ടാതഴിഞ്ഞ മുടി, ഞെട്ടിത്തെറിച്ച മുല –
മൊട്ടില്‍ കിഴിഞ്ഞൂര്‍ന്ന പട്ടും
പൊട്ടിത്തെറിക്കുമരഞാണും, നവാംഗനക –
ളെത്തുന്നവന്നു വഴി നീളേ
ശ്ലോകം- 14
അന്‍പത്തിയാറു ഭുവനത്തില്‍, ജലത്തിലുട –
നന്‍പത്തിരണ്ടുമതുപോലേ
ധന്യന്‍ ഹുതാശനനിലറുപത്തിരണ്ടു, മനി –
ലങ്കല്‍ തദമ്പത്തുനാലും
വിണ്ണില്‍ വിളങ്ങുമെഴുപത്ത്രണ്ടു, മുള്ളിലഥ
മിന്നുന്നിതറുപത്തുനാലായ്
ചിന്നും മയൂഖഗണമെല്ലാം കടന്നുപരി –
യല്ലോ ഭവച്ചരണമമ്മേ!
















