Kerala

കോട്ടയം മെഡിക്കൽ കോളേജിന്റെ ഗുരുതര പിഴവ്!; ഒരു വയസ് പ്രായമുള്ള കുട്ടിയുടെ ശരീരത്തിൽ നിന്ന് സൂചി കണ്ടെത്തി

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ പിഴവാരോപിച്ച് പരാതി. ഒരു വയസുള്ള കുട്ടിയുടെ ശരീരത്തിൽ സൂചി കണ്ടെത്തിയെന്നാണ് പരാതി. കോഴിക്കോട് സ്വദേശി അഞ്ജു വിനീഷാണ് സൂപ്രണ്ടിന് പരാതി നല്‍കിയത്. പ്രസവത്തിന് ശേഷമുള്ള ചികിത്സയില്‍ സംഭവിച്ചതാണെന്നാണ് ആരോപണം. കോഴിക്കോട് മെഡിക്കൽ കോളേജിൽ നടത്തിയ പരിശോധനയിലും തുടർന്ന് നടത്തിയ ശസ്ത്രക്രിയയിലുമാണ് സൂചി പുറത്തെടുത്തത്.

കഴിഞ്ഞ വർഷം ജൂണിൽ കോട്ടയം മെഡിക്കൽ കോളേജിലായിരുന്നു പ്രസവം. ജനനശേഷം മഞ്ഞപ്പിത്തവും പനിയും ബാധിച്ചതിനെ തുടർന്ന് എൻഐസിയുവിൽ പ്രവേശിപ്പിച്ച കുഞ്ഞിന്റെ ശരീരത്തിൽ പിന്നീട് അസ്വാഭാവിക തടിപ്പും കടുത്ത വേദനയും അനുഭവപ്പെട്ടിരുന്നു. എന്നാൽ കോട്ടയം മെഡിക്കൽ കോളേജിൽ നടത്തിയ സ്കാനിങ്ങിൽ കുഴപ്പമൊന്നുമില്ലെന്ന് പറഞ്ഞ് അധികൃതർ കുഞ്ഞിനെ മടക്കി അയക്കുകയായിരുന്നു. തടിപ്പുണ്ടായിരുന്ന ഭാഗത്ത് സ്കാനിങ് നടത്തിയിരുന്നില്ലെന്ന് പിന്നീട് കുടുംബം തിരിച്ചറിഞ്ഞു.

കഴിഞ്ഞ ദിവസം തടിപ്പ് വീണ്ടും വലുതായതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ച് നടത്തിയ പരിശോധനയിലാണ് സൂചി ശരീരത്തിൽ കുടുങ്ങിയതായി കണ്ടെത്തിയത്. സംഭവത്തിൽ ഗുരുതര വീഴ്ച ആരോപിച്ച് കുടുംബം രംഗത്തെത്തിയതോടെ, കോട്ടയം മെഡിക്കൽ കോളേജ് ഡെപ്യൂട്ടി സൂപ്രണ്ടിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Recent Posts