
ജുന അഘാഡ ഗുജറാത്ത് ഗോശാല ആശ്രമത്തിലെ മഹാമണ്ഡലേശ്വര്‍ രവി ശരണാനന്ദജി മഹാരാജും ചെറുകോട് ആഞ്ജനേയാശ്രമം മഠാധിപതി സ്വാമി ഹനുമല്‍പാദാനന്ദ സരസ്വതിയും കണ്ണൂര്‍ ആറാട്ട് റോഡില്‍ നടന്ന സത്സംഗത്തില്‍ പങ്കെടുക്കാനെത്തിയപ്പോള്‍
കണ്ണൂര്‍: ജുന അഘാഡ ഗുജറാത്ത് പാലന്‍പൂര്‍ ഗോശാല ആശ്രമത്തിലെ മഹാമണ്ഡലേശ്വര്‍ രവിശരണാനന്ദജി മഹാരാജ് കണ്ണൂരിലെത്തി. ഗോസംരക്ഷണയജ്ഞത്തിന്റെ ഭാഗമായി രൂപവത്കരിച്ച ഗോസമ്മാന്‍ ആവാഹന്‍ അഭിയാന്‍ അഖിലേന്ത്യ കാര്യകാരിയാണ് മഹാമണ്ഡലേശ്വര്‍. ചെറുകോട് ആഞ്ജനേയാശ്രമം മഠാധിപതി സ്വാമി ഹനുമല്‍ പാദാനന്ദസരസ്വതി, ഗോസമ്മാന്‍ ആവാഹന്‍ അഭിയാന്‍ കേരള കോ – ഓര്‍ഡിനേറ്റര്‍ ശിവരാജ് സിങ് എന്നിവര്‍ക്കൊപ്പമാണ് എത്തിയത്.
നാടന്‍ പശുക്കളെ സംരക്ഷിക്കണമെന്നും സര്‍ക്കാര്‍, ഗോവധ നിരോധനം ഏര്‍പ്പെടുത്തി ഗോരക്ഷാബോര്‍ഡ് സ്ഥാപിക്കണമെന്നും പശുവിനെ രാഷ്‌ട്രമാതാവായി പ്രഖ്യാപിക്കണമെന്നു മറ്റുമുള്ള വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ഗോസമ്മാന്‍ ആവാഹന്‍ അഭിയാന്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കാനാണ് മഹാമണ്ഡലേശ്വര്‍ കേരള പര്യടനം നടത്തുന്നത്. ചത്ത പശുക്കളുടെ മാംസംകള്ളക്കടത്തായി കേരളത്തില്‍ വന്‍ തോതില്‍എത്തുന്നുണ്ടെന്നും ഇത് തടയണമെന്നും സംഘടന ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിക്കും ഗവര്‍ണര്‍ക്കും ഇതിന്റെ ഭാഗമായി ഭീമഹര്‍ജി സമര്‍പ്പിക്കുന്നുണ്ട്. സംസ്ഥാനത്തെ എല്ലാ ജില്ലകളില്‍ നിന്ന് എത്തുന്ന ഗോസമ്മാന്‍ ആവാഹന്‍ അഭിയാന്‍ പ്രവര്‍ത്തകര്‍ ഡിസംബര്‍ 17ന് തിരുവനന്തപുരത്ത് മുഖ്യമന്ത്രിയേയും ചീഫ് സെക്രട്ടറിയേയും കണ്ട് ഹര്‍ജി സമര്‍പ്പിക്കുമെന്നും മഹാമണ്ഡലേശ്വര്‍ അറിയിച്ചു.
കണ്ണൂരിലെ വിവിധ ക്ഷേത്രങ്ങളിലും ഗുജറാത്തി, രാജസ്ഥാന്‍ സ്വദേശികളുടെ സത്സംഗ കൂട്ടായ്‌മകളിലും മഹാമണ്ഡലേശ്വര്‍ സ്വാമികള്‍ പങ്കെടുക്കുന്നുണ്ട്. കണ്ണൂര്‍ ആറാട്ട് റോഡില്‍ നടന്ന സത്സംഗത്തില്‍ സ്വാമി ഹനുമല്‍ പാദാനന്ദ സരസ്വതി അധ്യക്ഷത വഹിച്ചു. അവനിഷ് പുരോഹിത്, നാരായണ്‍ സിങ്, ജാനുരാം, വി.കെ. ശ്രീരാജ് പ്രശാന്ത് അഗസ്ത്യ തുടങ്ങിയവര്‍ സംസാരിച്ചു.