കൊച്ചി : സ്ത്രീവിരുദ്ധ പരാമർശം നടത്തിയ കാന്തപുരത്തിനെതിരെ കോണ്‍ഗ്രസ് നേതാവ് ജിന്റോ ജോണ്‍. പഠിച്ചവരെന്ന് അവകാശപ്പെടുന്നവര്‍ മതവും വിശ്വാസവും വ്യാഖ്യാനിക്കുന്നതിന്റെ മറവില്‍ സ്ത്രീവിരുദ്ധത പറഞ്ഞാല്‍ അത് എതിര്‍ക്കുമെന്ന് ജിന്റോ പറഞ്ഞു. ജീവിക്കുന്ന നാടിന്റെ ഭരണഘടന പറയുന്നത് മാനിക്കാനുള്ള മിനിമം മര്യാദ ഏത് ‘മതപണ്ഡിതര്‍’ക്കുമുണ്ടെന്നും ജിന്റോ ജോണ്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
‘പഠിച്ചവ’വരെന്ന് അവകാശപ്പെടുന്നവർ മതവും വിശ്വാസവും വ്യാഖ്യാനിക്കുന്നതിന്റെ മറവിൽ സ്ത്രീവിരുദ്ധത പറഞ്ഞാൽ അത് എതിർക്കുക തന്നെ ചെയ്യും. കാരണമത് തുല്യാവകാശ ബോധത്തിന്റെ ഭരണഘടനാ മൂല്യങ്ങളെ എതിർക്കുന്ന വൃത്തികേട് തന്നെയാണ്. ജീവിക്കുന്ന നാടിന്റെ ഭരണഘടന പറയുന്നത് മാനിക്കാനുള്ള മിനിമം മര്യാദ ഏത് ‘മതപണ്ഡിതർ’ക്കുമുണ്ട്. അല്ലാത്തവരൊക്കെ ഏത് മതം പഠിച്ച പണ്ഡിതനെന്ന് സ്വയം അവകാശപ്പെട്ടാലും പരമ പാമരൻ തന്നെ. സ്ത്രീക്കും പുരുഷനും സ്വാതന്ത്ര്യത്തിൽ പക്ഷപാതിത്വം കാണിക്കുന്ന ദൈവവിചാരം എന്തൊരു അനീതിയുടെ കൂടാരമാണ്! പണ്ഡിതനല്ലെങ്കിലും ഞാൻ എന്റെ ചുരുങ്ങിയ വായനയിൽ അങ്ങനെയാണ് ഇസ്ലാമിനേയും ക്രൈസ്തവതയേയും മറ്റ് മതവിചാരങ്ങളേയും മനസ്സിലാക്കിയതും.
‘സ്ത്രീകളെ രംഗത്തിറക്കിയാൽ വലിയ നാശമാണ്’ എന്ന് പറയുന്ന ഉസ്താദേ, സ്ത്രീകളെ നിങ്ങൾ രംഗത്തിറക്കണ്ട കാര്യമൊന്നുമില്ല. രംഗത്തിറക്കാനും അണിയറയിൽ ഒളിപ്പിക്കാനും ഇത് നാടകാവതരണം ഒന്നുമല്ലല്ലോ. നിങ്ങൾക്ക് രംഗത്ത് വരാനുള്ളത് പോലെ തന്നെ അവകാശം സ്ത്രീകൾക്കുമുണ്ട്. അങ്ങയുടെ മകൻ പറഞ്ഞത് പോലെ ‘അടുക്കളയിൽ പാചകം ചെയ്തും മക്കളെ പ്രസവിച്ചും മഹത്തായ കർമ്മം നിർവഹിക്കുന്ന സ്ത്രീകൾ’ എന്ന് പറഞ്ഞ് കുപ്പിയിൽ അടച്ച് അടുക്കളയിൽ സൂക്ഷിക്കേണ്ടതുമല്ല. അവരും നിങ്ങളെ പോലെ തന്നെ തുല്യ അവകാശങ്ങളുള്ള മനുഷ്യരാണ്. അവർ മക്കളെ പെറ്റുകൂട്ടാനും ബാക്കിയുള്ളവർക്ക് വെച്ചു വിളമ്പാനും മാത്രമുള്ള യന്ത്രങ്ങൾ ആണെന്നുള്ള കാഴ്ചപ്പാട് മാറ്റണം. മാറ്റേണ്ടിയിരിക്കുന്നു.
സ്ത്രീകൾ രംഗത്ത് വന്നാൽ നാശം ഉണ്ടാകുമെന്ന് പറയുന്ന നിങ്ങൾക്ക് എങ്ങനെയാണ് ഓപ്പറേഷൻ സിന്ദൂറിന്റെ മുന്നണിയിൽ ഉണ്ടായിരുന്ന സോഫിയ ഖുറേഷി എന്ന പട്ടാളക്കാരിയുടെ തലയെടുപ്പിന്റെ അഭിമാനം അവകാശപ്പെടാവുക? സ്ത്രീകള്‍ രംഗത്ത് വന്നതുകൊണ്ട് നാശമുണ്ടായെങ്കിൽ ഇന്ദിരാഗാന്ധിയും ദ്രൗപതി മുർമുവും സോണിയ ഗാന്ധിയും പ്രതിഭ പാട്ടീലും സുഷമ സ്വരാജും ജയലളിതയും മമത ബാനർജിയും മായവതിയും രംഗത്ത് വന്നപ്പോൾ രാജ്യത്തിന് പ്രത്യേകമായി എന്തെങ്കിലും നാശം ഉണ്ടായിട്ടുണ്ടോ? ബേനസീർ ഭൂട്ടോ പ്രധാനമന്ത്രിയായത് കൊണ്ട് പാക്കിസ്ഥാനിൽ വല്ല പ്രത്യേക നാശവും വന്നിട്ടുണ്ടോ? ലോകമെമ്പാടും പുരുഷ മേധാവിന്മാർ ഉണ്ടാക്കിയ നാശങ്ങളോളം വലുതൊന്നും സ്ത്രീകൾ അധികാര സ്ഥാനത്ത് എത്തുന്നത് കൊണ്ടുണ്ടായിട്ടില്ലല്ലോ. ഉണ്ടെങ്കിൽ തന്നെ ഭരണക്രമത്തിന്റെ, സാമൂഹിക സ്ഥിതിയുടെ കുഴപ്പമല്ലേ അത്? സ്ത്രീകളുടെ പ്രത്യേക കുഴപ്പം കൊണ്ടാകാൻ തരമില്ലല്ലോ?
സ്ത്രീകൾ അടങ്ങിയൊതുങ്ങി വീട്ടിൽ ഇരിക്കണം എന്ന് തിട്ടൂരമിറക്കാൻ ഇത് നിങ്ങളുടെ നാട്ടുരാജ്യമല്ല. തുല്യാവകാശവും അവസരങ്ങളും ഉറപ്പ് നൽകുന്ന ഭരണഘടന അംഗീകരിച്ച സ്വതന്ത്ര ഇന്ത്യ എന്ന റിപ്പബ്ലിക്കാണ്. ബാക്കിയുള്ള തിട്ടൂരങ്ങളൊക്കെ മനസ്സിൽ വെച്ച് അടങ്ങിയൊതുങ്ങി ഇരിക്കുന്നതായിരിക്കും അഭികാമ്യം. അങ്ങയുടെ കാഴ്ചപ്പാട് കാലികമല്ല. സ്ത്രീകൾ പൊതുരംഗത്തോ, അടുക്കളയിൽ നിന്ന് പുറത്തോട്ടോ വന്നാൽ അവരെ കാണുമ്പോൾ തകർന്നുപോകുന്ന അധികാരം നിങ്ങളുടെ പുരുഷാധിപത്യ മനോഭാവത്തിന്റെ മാത്രം കുറവാണ്. ഇളകിപ്പോകുന്ന മനസ്സ് വൈകൃത വൈകല്യവും.
വ്യക്തിപരമായ മാനസീക വളർച്ചക്കുറവിന് മതത്തേയും ദൈവത്തേയും കൂട്ടുപിടിക്കരുത്. പരമകാരുണ്യവാനായ ദൈവം എല്ലാവരോടും തുല്യനാണ്. സൂര്യവെളിച്ചം എല്ലാവർക്കും തുല്യമായല്ലേ വിതരണം ചെയ്യപ്പെടുന്നത്. മഴയുടെ നനവും കാറ്റിന്റെ കുളിരും പ്രകൃതിയിലെ ഓരോന്നും എല്ലാവരിലും തുല്യതയോടെ വിതരണം ചെയ്യപ്പെടുന്നതിന്റെ ജനാധിപത്യബോധം പഠിക്കണം പണ്ഡിതരേ നിങ്ങൾ. ഇസ്‌ലാമിക ചരിത്രത്തിൽ തന്നെ കച്ചവടം നടത്തിയിരുന്ന, യുദ്ധം നയിച്ച പ്രവാചക പത്നിമാരുടെ പാഠഭാഗങ്ങൾ കൂടി പഠിച്ചിട്ട് വേണം പണ്ഡിതക്കുപ്പായം എടുത്തണിയാൻ.
സ്ത്രീവിരുദ്ധതയുടെ ഇത്തരം അഭ്യാസങ്ങൾ ഈ കാലത്തും പറഞ്ഞാൽ എതിർക്കപ്പെടുക തന്നെ ചെയ്യും. ‘എന്റെ ഭാര്യയേയും മക്കളേയും ഞാൻ തല്ലിയാൽ നിനക്കെന്താ’ എന്ന് ചോദിക്കുന്ന തെമ്മാടി അയൽക്കാരന്റെ അതേ മാനസികാവസ്ഥ തന്നെയാണ് ഇത്. അതുകൊണ്ട്, നിങ്ങളുടെ സ്വകാര്യ സ്വത്താണ് വീട്ടിലെ സ്ത്രീകൾ എന്ന തെറ്റിദ്ധാരണ വേണ്ട. അതവരുടെ വ്യക്തിത്വത്തെ, പൗരാവകാശങ്ങളെ ഹനിക്കുന്ന കുറ്റമാണ്. നിങ്ങൾ മത പഠനങ്ങൾ നടത്തിയിട്ടുണ്ടാകാം. പക്ഷേ വ്യാഖ്യാനിക്കുന്നത് ദൈവത്തിന്റേയും രാജ്യത്തിന്റെ ഭരണഘടനയുടേയും നീതിക്ക് വിരുദ്ധമായാണ്. സ്ത്രീപുരുഷ വ്യത്യാസമില്ലാതെ ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ട ഭരണകർത്താക്കളാൽ ഭരിക്കപ്പെടുന്ന നാട്ടിൽ വ്യത്യസ്തമായ കാഴ്ചപ്പാടുള്ള മനുഷ്യരുണ്ടാകാം. പക്ഷേ മനുഷ്യാന്തസ്സിനേയും പൗരാവകാശ ബോധത്തേയും മാനിക്കാത്ത വിധം സ്ത്രീവിരുദ്ധ പറയുന്നത് കാലികമല്ല. നിയമവിരുദ്ധവുമാണ്. ഈമാതിരി സ്ത്രീവിരുദ്ധതയും വൃത്തികേടുകളും ആവർത്തിച്ച് വിളംബരം ചെയ്യുന്നവർക്കെതിരെ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുക്കണം. സ്ത്രീകളെ അടിമയാക്കി വയ്‌ക്കാമെന്ന ഇത്തരം ‘അടുക്കള അടിമ സമ്പ്രദായ’ ബോധത്തിനെതിരെ വനിതാ ശിശുക്ഷേമ വകുപ്പ് കൂടി നിലപാട് പറയണം.
മാറ്റപ്പെടേണ്ട മതിൽക്കെട്ടുകൾ ഉണ്ടെങ്കിൽ പൊളിച്ചുമാറ്റപ്പെടുക തന്നെ വേണം. മനസ്സിനകത്തെ മതിൽക്കെട്ടിനുള്ളിലെ ഇരുട്ടിൽ നിന്ന് മതില് പൊളിച്ചു വെട്ടം കാണാൻ നോക്കണം ഉസ്താദുമാരേ. പൗരോഹിത്യത്തിന്റെ വികൃതഭാവനകളിൽ തളക്കപ്പെടേണ്ട അടിമകളല്ല സ്ത്രീകളെന്ന് ‘പഠിച്ച്’ പുരാതന വാർദ്ധക്യത്തിന്റെ കൊടുമുടിയിൽ നിന്ന് പറയുന്ന പ്രാകൃത സ്ത്രീവിരുദ്ധതയുടെ കോളാമ്പികൾ ഓഫ് ചെയ്യണം. പിന്തിരിപ്പൻ വർത്തമാനങ്ങളുടെ പേരിൽ പരിഹാസ്യമാക്കാനുള്ളതല്ല ഇസ്‌ലാമെന്ന മഹത്തായ ദൈവീക ബോധമെന്ന് ഓർത്തേക്കണം – എന്നാണ് ജിന്റോ ജോണിന്റെ വാക്കുകൾ.















