Kerala

ആരിഫ് മുഹമ്മദ് ഖാനുള്ളതും അനിയനില്ലാത്തതും ഒന്നാണ് , തന്റേടം ; ഇനി ന്യായീകരിച്ച് മെഴുകാതെ, സ്റ്റാൻഡ് വിട്ടോളൂ

അനിയനെക്കൊണ്ട് ഇതിനൊന്നും ആവില്ലെന്ന് ഈ ചേട്ടനും നാട്ടുകാർക്ക് മൊത്തവും അറിയാം

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കൊച്ചി : മതവിധി പോസ്റ്റ് പങ്ക് വച്ച എസ് എഫ് ഐ നേതാവ് ശിവപ്രസാദിനെ ട്രോളി രാഷ്‌ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ . സ്ത്രീകളെ ആഘോഷങ്ങളിൽ പങ്കെടുപ്പിക്കരുതെന്ന സമസ്ത കാന്തപുരം വിഭാഗത്തിന്റെ നിർദേശങ്ങൾക്കെതിരെയെന്ന പേരിൽ ശിവപ്രസാദ് പങ്ക് വച്ച ഫേസ്ബുക്ക് പോസ്റ്റ് ഏറെ വിവാദമായിരുന്നു.

കാന്തപുരത്തിന്റെ പേരോ, മുസ്ലീമെന്ന വാക്കോ പരാമർശിക്കാതെയായിരുന്നു ശിവപ്രസാദിന്റെ പോസ്റ്റ്. ശ്രീജിത്ത് പണിക്കർ അടക്കം ശിവപ്രസാദിനെ ട്രോളുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ താൻ ഉദ്ദേശിച്ചത് സമസ്തയെ മാത്രമല്ല മനുസ്മൃതി പിന്തുടരുന്നവരെയുമാണെന്നാണ് ശിവപ്രസാദ് പറഞ്ഞത് . പോസ്റ്റിൽ രാജേന്ദ്ര അർലേക്കറെയും , ആരിഫ് മുഹമ്മദ് ഖാനെയുമൊക്കെ ശിവപ്രസാദ് കുറ്റപ്പെടുത്തിയിരുന്നു.

ശിവപ്രസാദിന്റെ ഈ ന്യായീകരണത്തെ പരിഹസിച്ച് ശ്രീജിത്ത് പണിക്കർ പങ്ക് വച്ച ഫേസ്ബുക്ക് കുറിപ്പാണിപ്പോൾ ചർച്ചയാകുന്നത്. ‘ഇന്ന് ബാധകമല്ലാത്ത, ക്രിസ്തുവിനും മുൻപത്തെ ഗ്രന്ഥത്തെ മാത്രമേ താങ്കൾക്ക് ഉദ്ധരിക്കാൻ കഴിയുന്നുള്ളൂ; അല്ലാതെ കാന്തപുരത്തിന്റെ മിനിഞ്ഞാന്നത്തെ സ്ത്രീവിരുദ്ധ, പുരുഷാധിപത്യ പ്രസ്താവന എടുത്തെഴുതാൻ പോലും താങ്കൾക്ക് കഴിയുന്നില്ല, പിന്നെയല്ലേ വിമർശിക്കുന്നത് .

ഇനി ന്യായീകരിച്ച് മെഴുകാതെ, മനുസ്മൃതിക്കെതിരെ രണ്ടും ഉസ്താദിനു വേണ്ടി നാലും മുദ്രാവാക്യം നീളത്തിലും താളത്തിലും വിളിച്ചിട്ട് സ്റ്റാൻഡ് വിട്ടോളൂ അനിയാ. അനിയനെക്കൊണ്ട് ഇതിനൊന്നും ആവില്ലെന്ന് ഈ ചേട്ടനും നാട്ടുകാർക്ക് മൊത്തവും അറിയാം ‘ എന്ന് ശ്രീജിത്ത് പണിക്കർ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം….

പ്രിയപ്പെട്ട ശിവപ്രസാദ് അനിയാ, താങ്കളുടെ മതവിധി പോസ്റ്റിന് യാതൊരു അന്തവും കുന്തവും ഇല്ലെന്ന് തോന്നിയതു കൊണ്ടാണ് അതെന്തിനെ കുറിച്ചാണെന്ന് അറിയാൻ എഐയോട് ചോദിക്കേണ്ടി വന്നത്.
എന്റെ ചോദ്യവും എഐയുടെ മറുപടിയും ഈ പോസ്റ്റിലെ കമന്റിലുണ്ട്. താങ്കൾക്ക് സ്വയം നോക്കി ബോധ്യപ്പെടാം.
ഇങ്ങനെ തലയും വാലുമില്ലാതെ പോസ്റ്റ് ഇട്ടതുകൊണ്ടാണ് ഈ ഏട്ടനെപ്പോലെ മറ്റ് നിരവധി പേർക്കും ആ പോസ്റ്റ് എന്തിനെ കുറിച്ചാണെന്ന് സംശയം ഉണ്ടായത്.
അതിനെകുറിച്ച് ഒരു വിശദീകരണം എഴുതുമ്പോഴും “കാന്തപുരം എപി ഉസ്താദ് പറഞ്ഞ പ്രസ്താവന മാത്രം ഉദ്ദേശിച്ചല്ല” താങ്കൾ അതെഴുതിയതെന്ന ജാമ്യവും, മനുസ്മൃതിയെ കൂട്ടുപിടിച്ചു കളിച്ച ബാലൻസ് കെ നായർ കളിയും സൂചിപ്പിക്കുന്നത് എന്താണെന്ന് തന്നെയാണ് ഞാൻ എന്റെ പോസ്റ്റിൽ പറഞ്ഞത് — എന്റെ കോളേജ് കാലഘട്ടത്തിലെ എസ് എഫ് ഐ നേതാക്കളിൽ നിന്ന് താങ്കളിലേക്ക് വന്നപ്പോഴുണ്ടായ നേതൃത്വ അപചയം സുവ്യക്തമാണ് എന്ന്.
അതിന്റെ മറ്റൊരു ഉദാഹരണമാണ് മനുസ്മൃതിയിലെ 9:3 വാക്യം മൊത്തമായി പോസ്റ്റ് ചെയ്തിട്ടും കാന്തപുരത്തിന്റെ സർക്കുലറിലെ “പൊതുനിരത്തുകളിലും സ്റ്റേജുകളിലും അന്യപുരുഷന്മാർക്കിടയിൽ യുവതികളെ പ്രദർശിപ്പിക്കുന്നത് അനുവദനീയമല്ല” എന്ന ഭാഗം എടുത്തെഴുതാനോ വിമർശിക്കാനോ താങ്കൾക്ക് കഴിയാതെ വരുന്നത്.
ഇന്ന് ബാധകമല്ലാത്ത, ക്രിസ്തുവിനും മുൻപത്തെ ഗ്രന്ഥത്തെ മാത്രമേ താങ്കൾക്ക് ഉദ്ധരിക്കാൻ കഴിയുന്നുള്ളൂ; അല്ലാതെ കാന്തപുരത്തിന്റെ മിനിഞ്ഞാന്നത്തെ സ്ത്രീവിരുദ്ധ, പുരുഷാധിപത്യ പ്രസ്താവന എടുത്തെഴുതാൻ പോലും താങ്കൾക്ക് കഴിയുന്നില്ല, പിന്നെയല്ലേ വിമർശിക്കുന്നത്!
അതിന് ആദ്യം വേണ്ടത് താങ്കൾ സൂചിപ്പിച്ച ഗവർണർമാർക്കുള്ള ധൈര്യത്തിന്റെ പത്തിലൊന്നെങ്കിലുമാണ്. എന്നെ കേരളാ ലോക്ഭവനിൽ ക്ഷണിച്ച് വിരുന്ന് തന്നിട്ടുള്ള രണ്ട് ഗവർണർമാരുണ്ട് എന്നത് ശരി തന്നെയാണ്.
അതിലൊരാൾ താങ്കൾ പറഞ്ഞ, ഗോവയിൽ നിന്നു വന്ന നിലവിലെ ഗവർണർ രാജേന്ദ്ര ആർലേക്കർ ആണ്. താങ്കളുടെ പാർട്ടി ഭരിച്ചപ്പോൾ ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്ന് നീക്കാൻ ശ്രമിച്ചതിന്റെയും അന്തങ്ങളെ വൈസ് ചാൻസലർമാർ ആക്കാൻ ശ്രമിച്ചതിന്റെയും ഫലമാണ് എല്ലാം. അനുഭവിക്കുക തന്നെ; അല്ലാതെന്ത് ചെയ്യാൻ?
എനിക്ക് വിരുന്ന് നൽകിയ മറ്റൊരു കേരളാ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ആണ്. മുസ്ലീം സ്ത്രീകൾക്ക് ജീവനാംശത്തിന് അർഹതയുണ്ടെന്ന ഷാ ബാനോ കേസിലെ സുപ്രീംകോടതി വിധിയെ മറികടക്കാൻ, മുസ്ലീം മതസംഘടനകളുടെ സമ്മർദത്തെ തുടർന്ന്, പ്രധാനമന്ത്രി രാജീവ് ഗാന്ധി പുതിയ സ്ത്രീവിരുദ്ധ നിയമം കൊണ്ടുവന്നപ്പോൾ അതിനെ എതിർത്ത് രാജിവച്ച ആരിഫ് മുഹമ്മദ് ഖാന് ഉള്ളതും സ്ത്രീവിരുദ്ധതയെ എതിർക്കുന്ന കാര്യത്തിൽ താങ്കൾക്ക് ഇല്ലാതെ പോയതും ഒരേ ഗുണമാണ് — തന്റേടം.
ആരിഫ് മുഹമ്മദ് ഖാൻ മുസ്ലിം സ്ത്രീകളുടെ സ്വാതന്ത്ര്യം, ലിംഗനീതി, സമത്വം, തുല്യാവകാശം എന്നിവയ്‌ക്ക് വേണ്ടിയാണ് നിന്നത്. അല്ലാതെ രാജീവ് ഗാന്ധിയുടെ പ്രീണന രാഷ്‌ട്രീയത്തിന് വേണ്ടിയല്ല.
കാന്തപുരത്തിന്റെ സർക്കുലറിലെ ലിംഗ അനീതി, അസമത്വം, സ്വാതന്ത്ര്യ നിഷേധം എന്നിവയെ കുറിച്ചെഴുതാൻ ധൈര്യമില്ലാത്ത
താങ്കൾ സ്ത്രീസ്വാതന്ത്ര്യത്തിന് ഒപ്പമാണോ മതപ്രീണനത്തിന് ഒപ്പമാണോ നിൽക്കുന്നതെന്ന് ഞാൻ പ്രത്യേകം പറഞ്ഞു തരേണ്ടല്ലോ, അല്ലേ?
പിന്നെ, എന്നോട് ഈ ബാലൻസ് കെ നായർ വിശദീകരണം നടത്തിയിട്ട് നാല് മണിക്കൂർ കഴിഞ്ഞപ്പോൾ എസ് എഫ് ഐ സമസ്തയെ എതിർത്ത് പോസ്റ്റിട്ടല്ലോ. അനിയന്റെ പോസ്റ്റിലെ കമന്റുകൾ കണ്ട് പ്രസിഡന്റിന്റെ ന്യായീകരണം ചീറ്റിയെന്ന് സംഘടനയ്‌ക്ക് ബോധ്യം വന്നപ്പോൾ ഇട്ടതാണ്, അല്ലേ? 😂
അതിനെയും ഇനി ന്യായീകരിച്ച് മെഴുകാതെ, മനുസ്മൃതിക്കെതിരെ രണ്ടും ഉസ്താദിനു വേണ്ടി നാലും മുദ്രാവാക്യം നീളത്തിലും താളത്തിലും വിളിച്ചിട്ട് സ്റ്റാൻഡ് വിട്ടോളൂ അനിയാ. അനിയനെക്കൊണ്ട് ഇതിനൊന്നും ആവില്ലെന്ന് ഈ ചേട്ടനും നാട്ടുകാർക്ക് മൊത്തവും അറിയാം. അപ്പോ ശരി. ലേശം വൈകിയാണെങ്കിലും, ഹാപ്പി ഓണം

 

 

 

 

Recent Posts