തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് അര്‍ഹമായ ആനുകൂല്യങ്ങള്‍ നല്‍കാതിരിക്കുന്നത് നിയമവിരുദ്ധവും ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 300 എ യുടെ ലംഘനവുമാണെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ്.
സര്‍ക്കാരിന് വേണ്ടി ഗതാഗതവകുപ്പ് സെക്രട്ടറി, കെഎസ്ആര്‍ടിസി മാനേജിംഗ് ഡയറക്ടര്‍, ലാ ഓഫീസര്‍, ജീവനക്കാരുടെ യൂണിയന്‍ പ്രതിനിധികള്‍ എന്നിവരെ ഉള്‍പ്പെടുത്തി യോഗം വിളിച്ച് ചര്‍ച്ചചെയ്ത് കെഎസ്ആര്‍ടിസി ജീവനക്കാരുടെ അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ വിതരണം ചെയ്യുന്ന കാര്യത്തില്‍ തീരുമാനമെടുക്കണമെന്നും കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.
തീരുമാനം അനുസരിച്ചുള്ള നിര്‍ദ്ദേശങ്ങള്‍ കാലതാമസം കൂടാതെ രേഖാമൂലം ഗതാഗത വകുപ്പ് സെക്രട്ടറി കെഎസ്ആര്‍ടിസി മാനേജിങ് ഡയറക്ടര്‍ക്ക് നല്‍കണം. നിര്‍ദ്ദേശങ്ങള്‍ എം ഡി കൃത്യമായി പാലിക്കണമെന്ന് കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. ഗതാഗതവകുപ്പ് സെക്രട്ടറിയുടെയോ കെഎസ്ആര്‍ടിസി എംഡിയുടെയോ തീരുമാനത്തില്‍ പരാതി ഉണ്ടെങ്കില്‍ പരാതിക്കാര്‍ അധികാരപ്പെട്ട കോടതിയെ സമീപിക്കണം. ക്രമരഹിതമായ ശമ്പള വിതരണം, ഡി എ നിഷേധം, ജീവനക്കാരില്‍ നിന്ന് റിക്കവറി നടത്തിയ എന്‍പിഎസ് തുക അടയ്‌ക്കാതിരിക്കുക, എന്‍പിഎസ് പെന്‍ഷനിലെ അനിശ്ചിതത്വം, പിഎഫ് തുക വൈകിപ്പിക്കല്‍ തുടങ്ങിയ വിഷയങ്ങളില്‍ പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്. ജീവനക്കാരുടെ സംഘടനാ നേതാവ് എസ്. അജയകുമാര്‍ സമര്‍പ്പിച്ച പരാതിയിലാണ് നടപടി.
















