World

യു.എസ് ഡോളറിനെ പൂർണ്ണമായും ഒഴിവാക്കാൻ ഇറാൻ; പ്രാദേശിക കറൻസികളും യൂറോയും ഉപയോഗിച്ച് പുതിയ സാമ്പത്തിക മുന്നേറ്റം

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ടെഹ്റാൻ: വ്യാപാര ഇടപാടുകളിൽ നിന്ന് യു.എസ് ഡോളറിനെ പൂർണ്ണമായും ഒഴിവാക്കാനുള്ള കടുത്ത നീക്കങ്ങളുമായി ഇറാൻ മുന്നോട്ട് പോകുന്നു. തങ്ങളുടെ എണ്ണ വ്യാപാരത്തിനും അന്താരാഷ്‌ട്ര സാമ്പത്തിക കൈമാറ്റങ്ങൾക്കും ഡോളറിന് പകരം മറ്റ് പ്രാദേശിക കറൻസികളോ യൂറോയോ ഉപയോഗിക്കാനാണ് ഇറാന്റെ തീരുമാനം. ഷാങ്ഹായ് കോപ്പറേഷൻ ഓർഗനൈസേഷൻ (SCO), ബ്രിക്സ് (BRICS) തുടങ്ങിയ കൂട്ടായ്‌മകളിലൂടെ ചൈന, റഷ്യ ഉൾപ്പെടെയുള്ള രാജ്യങ്ങളുമായി ചേർന്ന് ഡോളറിന്റെ ആധിപത്യം തകർക്കാനും ബദൽ സാമ്പത്തിക സംവിധാനം രൂപീകരിക്കാനും ഇറാൻ ശ്രമിക്കുന്നുണ്ട്.

ഇറാനെ പൂർണ്ണമായും ഒറ്റപ്പെടുത്താൻ ട്രംപ് ഭരണകൂടം കടുത്ത ഉപരോധങ്ങളും നാവിക ഉപരോധവും ഏർപ്പെടുത്തിയിട്ടുണ്ട്. ഇറാനുമായി സാമ്പത്തിക ഇടപാടുകൾ നടത്തുന്ന രാജ്യങ്ങളെ ഡോളർ വിനിമയ ശൃംഖലയിൽ (US Dollar System) നിന്ന് പുറത്താക്കുമെന്ന് അമേരിക്കൻ ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെൻ്റ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇതാണ് ഡോളർ ഒഴിവാക്കാനുള്ള ഇറാന്റെ നീക്കത്തിന് പിന്നിലെ പ്രധാന കാരണങ്ങളിലൊന്ന്.

ഉപരോധങ്ങൾ ശക്തമായതോടെ ഇറാന്റെ കറൻസിയായ റിയാലിന്റെ മൂല്യം ചരിത്രത്തിലെ ഏറ്റവും വലിയ തകർച്ചയിലാണ്. നിലവിൽ അനൗദ്യോഗിക വിപണിയിൽ ഒരു യു.എസ് ഡോളറിന് 20 ലക്ഷത്തിലധികം റിയാൽ നൽകേണ്ട അവസ്ഥയാണ്. അമേരിക്കൻ ഭീഷണികൾക്കിടയിലും ഒമാനുമായി ചേർന്ന് ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണവും വരുമാനവും പങ്കിടാൻ ഇറാൻ ധാരണയിലെത്തിയിട്ടുണ്ട്. കൂടാതെ ചൈന, തുർക്കി തുടങ്ങിയ രാജ്യങ്ങളുമായി സ്വന്തം കറൻസികളിൽ വ്യാപാരം നടത്താനും ഇറാൻ ശ്രമിക്കുന്നു.

ഇറാനുമായുള്ള ബിസിനസ്സുകൾ അവസാനിപ്പിക്കാൻ എല്ലാ രാജ്യങ്ങൾക്കും അമേരിക്ക ഒരു നിശ്ചിത സമയപരിധി നൽകിയിട്ടുണ്ട്. ഇത് പാലിക്കാത്ത രാജ്യങ്ങളെ യു.എസ് ഡോളർ വിപണിയിൽ നിന്നും അന്താരാഷ്‌ട്ര സാമ്പത്തിക ശൃംഖലയിൽ നിന്നും പുറത്താക്കുമെന്നാണ് മുന്നറിയിപ്പ്. അതേസമയം ഡോളറിനെ ഒഴിവാക്കാനുള്ള ഇറാന്റെ നീക്കവും അതിന്മേലുള്ള കടുത്ത അമേരിക്കൻ ഉപരോധങ്ങളും ഇന്ത്യയുമായുള്ള വ്യാപാരത്തെ സങ്കീർണ്ണമായ അവസ്ഥയിലാണ് എത്തിച്ചിരിക്കുന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 2018-19 കാലഘട്ടത്തിലെ 17 ബില്യൺ ഡോളറിൽ നിന്ന് 2025-26 ആയപ്പോഴേക്കും 1.6 ബില്യൺ ഡോളറായി കുത്തനെ ഇടിഞ്ഞിട്ടുണ്ട്.

മുമ്പ് അമേരിക്കൻ ഉപരോധങ്ങൾ മറികടക്കാൻ ഇന്ത്യയും ഇറാനും ചേർന്ന് യുസിഒ (UCO) ബാങ്ക് വഴി രൂപ-റിയാൽ വിനിമയ സംവിധാനം രൂപീകരിച്ചിരുന്നു. ഇന്ത്യ ഇറാനിൽ നിന്ന് എണ്ണ വാങ്ങുകയും, ആ പണം ഇന്ത്യൻ രൂപയായി ബാങ്കിൽ നിക്ഷേപിക്കുകയും, ആ രൂപ ഉപയോഗിച്ച് ഇറാൻ ഇന്ത്യയിൽ നിന്ന് അരിയും മരുന്നും വാങ്ങുകയുമായിരുന്നു പതിവ്.

Recent Posts