തിരൂര്‍ തുഞ്ചന്‍പറമ്പിലെ ഒരു പൊതു പരിപാടിയില്‍ പ്രസംഗിച്ച ഒരു വ്യക്തി, അയ്യപ്പസ്വാമിയെയും മാളികപ്പുറത്തമ്മയെയും ബന്ധിപ്പിച്ച് നടത്തിയ നിന്ദ്യമായ പരാമര്‍ശങ്ങള്‍ സമൂഹത്തില്‍ വിദ്വേഷം ജനിപ്പിക്കുന്നതാണ്. ഇസ്ലാമിക മതമൗലികവാദികളുടെ ചേരിയില്‍ നിലയുറപ്പിച്ചുകൊണ്ട് ഹിന്ദുക്കളെ ജാതിയുടെ പേരില്‍ ഭിന്നിപ്പിക്കാനും തമ്മിലടിപ്പിക്കാനും നിരന്തരം ശ്രമിക്കുന്ന, സണ്ണി എം കപിക്കാട് എന്ന ഈ വ്യക്തിയുടെ പരാമര്‍ശങ്ങള്‍ ആസൂത്രിതമാണെന്ന് തന്നെ കരുതേണ്ടിയിരിക്കുന്നു. മുന്‍കാലത്തും ഇയാള്‍ ശബരിമല ക്ഷേത്രത്തിനും അയ്യപ്പസ്വാമിക്കും എതിരെ ഇത്തരം പരാമര്‍ശങ്ങള്‍ നടത്തിയിട്ടുണ്ട്. ഇപ്പോഴത്തെ വിവാദ പ്രസംഗം കേള്‍ക്കുന്ന ആര്‍ക്കും ഒരു തരത്തിലും അതിനോട് യോജിക്കാനാവില്ല. കാരണം അതൊരു വിയോജിപ്പോ വിമര്‍ശനമോ അല്ല. അക്ഷരാര്‍ത്ഥത്തില്‍ അയ്യപ്പനിന്ദയാണ്. ലോകമെമ്പാടുമുള്ള കോടിക്കണക്കായ അയ്യപ്പ ഭക്തരെ അധിക്ഷേപിക്കുന്നതും ഹിന്ദുക്കളുടെ സഹിഷ്ണുതയെ വെല്ലുവിളിക്കുന്നതുമാണ്.
ആചാരാനുഷ്ഠാനങ്ങളെ വിമര്‍ശിക്കാം, പരിഷ്‌കരിക്കണമെന്ന് ആവശ്യപ്പെടാം. അതിനായി നിയമത്തിന്റെ മാര്‍ഗം സ്വീകരിക്കാം. ഇക്കാര്യത്തില്‍ വിശാലമായ മനോഭാവമാണ് ഹിന്ദുക്കള്‍ എക്കാലവും സ്വീകരിച്ചു പോന്നിട്ടുള്ളത്. പക്ഷേ ഹിന്ദുക്കളെ ശത്രുക്കളായി മുദ്രകുത്തി അവരുടെ ആരാധനാ ബിംബങ്ങളെയും ആരാധനാ രീതികളെയും അപഹസിക്കുന്നത് അങ്ങേയറ്റം അപലപനീയം എന്നേ പറയാനുള്ളൂ. അതാണ് ഈ വ്യക്തി ചെയ്തിരിക്കുന്നത്.
അയ്യപ്പന്റെ ബ്രഹ്‌മചര്യമെന്ന സങ്കല്പത്തെയും അതുമായി ബന്ധപ്പെട്ട ആചാരങ്ങളെയുമാണ് കടന്നാക്രമിക്കുന്നത്. കോടിക്കണക്കിനാളുകള്‍ ആരാധിക്കുന്ന ദേവസ്വരൂപത്തെ ബലാത്സംഗം പോലുള്ള അധമകൃത്യത്തോട് സമീകരിക്കുന്നത് ഭക്തരുടെ വികാരങ്ങളെ വ്രണപ്പെടുത്തും. മാപ്പര്‍ഹിക്കാത്ത കുറ്റകൃത്യമാണിത്.
പ്രസംഗിക്കുമ്പോള്‍ സംഭവിക്കുന്ന നാക്കു പിഴയോ ശ്രദ്ധക്കുറവോ അല്ല ഇതെന്ന്, ബുദ്ധിജീവിയെന്ന് നടിക്കുന്ന ഈ വ്യക്തിയെ അറിയുന്നവര്‍ക്ക് മനസ്സിലാവും. ജാതിജന്യമായ പല അവഗണനയ്‌ക്കും പീഡനങ്ങള്‍ക്കും ഇരയായവരാണ് ദളിത് വിഭാഗങ്ങള്‍. ഇപ്പോഴും വിവേചനങ്ങള്‍ അനുഭവിക്കുന്നവരുമായിരിക്കാം. സാമൂഹ്യ പരിഷ്‌കരണത്തിലൂടെയും നിയമപരമായ മാര്‍ഗങ്ങളിലൂടെയും ഇതൊക്കെ ഇല്ലായ്‌മ ചെയ്യേണ്ടതുമാണ്. പക്ഷേ അതിന്റെ പേരില്‍ ഹിന്ദുക്കളുടെ പൊതുവായ മതവിശ്വാസത്തെ നിന്ദിക്കുന്നതും, ആരാധനാ വൈവിധ്യത്തെ പരിഹസിക്കുന്നതും ആരും കയ്യുംകെട്ടി നോക്കിനിന്നെന്നു വരില്ല. മാത്രമല്ല, ദളിതരുടെ പേരില്‍ ഇങ്ങനെയൊരു സ്വാതന്ത്ര്യമെടുക്കാന്‍ ആരും ആരെയും ചുമതലപ്പെടുത്തിയിട്ടില്ല.
കേരളത്തിലെ മഹാഭൂരിപക്ഷം ദളിതരും അയ്യപ്പഭക്തരാണ്. അവരാരും ഈ മനോഭാവത്തെയും നീചമായ അഭിപ്രായ പ്രകടനങ്ങളെയും അംഗീകരിക്കില്ല. ദളിതരുടെ ആശയപ്രചാരണത്തെയും അഭിപ്രായസ്വാതന്ത്ര്യത്തെയും പിന്തുണയ്‌ക്കുമ്പോഴും ഇതിന്റെ പേരില്‍ മറ്റുള്ളവരെ അപമാനിക്കാനുള്ള അവകാശം ആര്‍ക്കുമില്ല. അന്ധവിശ്വാസത്തിന്റെ പേരിലും അനാചാരത്തിന്റെ പേരിലും ഹിന്ദുക്കളുടെ പേരില്‍ കുതിരകേറുന്ന ഇത്തരക്കാര്‍ ഇതര മതങ്ങളിലെ അനാചാരങ്ങള്‍ക്കു നേരെയും അപരിഷ്‌കൃതമായ മതാചാരങ്ങള്‍ക്കു നേരെയും കണ്ണടയ്‌ക്കുകയും നിശ്ശബ്ദത പാലിക്കുകയും ചെയ്യുന്നതാണ് വിചിത്രവും പരിഹാസ്യവും. അംബേദ്കറുടെ അനന്തരാവകാശികളാണെന്ന് അവകാശപ്പെടുന്ന ഇക്കൂട്ടര്‍, അംബേദ്കര്‍ നടത്തിയിട്ടുള്ള ഇസ്ലാം വിമര്‍ശനത്തെക്കുറിച്ച് ഒരക്ഷരം മിണ്ടാറില്ല. അതിനെക്കുറിച്ച് എന്തെങ്കിലുമൊന്ന് പറഞ്ഞുപോയാല്‍ പ്രത്യാഘാതം ഗുരുതരമായിക്കുമെന്ന് ഇവര്‍ക്ക് നന്നായി അറിയുകയും ചെയ്യാം.
ഹിന്ദുക്കള്‍ക്കെതിരായ മതപരവും സാംസ്‌കാരികവുമായ കടന്നാക്രമണങ്ങളെ കേരളത്തിലെ മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിക്കും. അയ്യപ്പ സ്വാമിക്കെതിരെ നടന്ന ഈ അധിക്ഷേപ പരാമര്‍ശങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായിട്ടും വാര്‍ത്തയാക്കാന്‍ പല മാധ്യമങ്ങളും തയ്യാറായില്ല. കേരളത്തില മാധ്യമങ്ങളുടെ ഹിന്ദു വിരോധമാണ് ഇതിന് കാരണമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. സമാനമായ എന്തെങ്കിലും പരാമര്‍ശങ്ങള്‍ ഇസ്ലാം- ക്രൈസ്തവ മതവിശ്വാസങ്ങള്‍ക്ക് നേരെയാണ് നടത്തിയിരുന്നതെങ്കില്‍ മാധ്യമങ്ങള്‍ സ്വീകരിക്കുന്ന നിലപാട് എന്തായിരിക്കുമെന്ന് കേരളത്തില്‍ ജീവിക്കുന്നവര്‍ക്ക് ഊഹിക്കാന്‍ കഴിയും. വലിയ അക്രമങ്ങള്‍ തന്നെ നടന്നെന്നിരിക്കും. മാധ്യമങ്ങള്‍ അതിനെ ന്യായീകരിക്കുകയും ചെയ്യും. മാധ്യമങ്ങളുടെ ഈ മതേതര കാപട്യം ഹിന്ദുക്കള്‍ തിരിച്ചറിയാതെ പോകുന്നത് ആത്മഹത്യാപരമായിരിക്കും.
അയ്യപ്പ നിന്ദയുടെ പേരില്‍ നിയമനടപടി ആവശ്യപ്പെട്ട് പരാതികള്‍ ഉണ്ടാവുകയും, പോലീസ് കേസെടുക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഈ മാന്യന്റെ ഖേദപ്രകടനമെന്നത് കാണാതെ പോകരുത്. ഖേദപ്രകടനത്തിലൂടെ അവസാനിക്കുന്ന പ്രശ്‌നമല്ലിത്. തെറ്റാണെന്ന് അറിഞ്ഞുകൊണ്ടു തന്നെ ഹിന്ദു സമൂഹത്തിനു നേരെ കടന്നാക്രമണം നടത്തുകയും, നിയമനടപടി നേരിടേണ്ടി വരുമ്പോള്‍ ഖേദം പ്രകടിപ്പിച്ച് രക്ഷപ്പെടുകയും ചെയ്യുന്നത് കുറെയേറെ കണ്ടതാണ്. ഈ തന്ത്രത്തില്‍ ഹിന്ദുക്കള്‍ വീഴാന്‍ പാടില്ല. കുറ്റക്കാര്‍ ശിക്ഷിക്കപ്പെടുകതന്നെ വേണം. എങ്കില്‍ മാത്രമെ ഹിന്ദുക്കള്‍ക്കെതിരായ ഇത്തരം കടന്നാക്രമണങ്ങളും അവഹേളനങ്ങളും അവസാനിക്കുകയുള്ളൂ.










