മാണ്ഡ്യ: കർണാടകയിലെ മാണ്ഡ്യയിൽ ഭിക്ഷാടനം നടത്തി ജീവിച്ചിരുന്ന 68-കാരി മരണപ്പെട്ടതിന് പിന്നാലെ അവരുടെ വീട്ടിൽ നാട്ടുകാർ നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് ലക്ഷങ്ങൾ. മുപ്പതിലധികം ചാക്കുകളിൽ നിറയെ നാണയങ്ങളും കറൻസി നോട്ടുകളുമായിരുന്നു അവർ സൂക്ഷിച്ചിരുന്നത്. ഹൂർ എന്ന് പേരുള്ള വയോധികയാണ് മരിച്ചത്. വർഷങ്ങളായി തെരുവുകളിൽ ഭിക്ഷാടനം നടത്തി ലഭിച്ച പണമാണ് ഇത്തരത്തിൽ ചാക്കുകളിലാക്കി സൂക്ഷിച്ചിരുന്നത്.
10 രൂപയുടെയും 20 രൂപയുടെയും നോട്ടുകളായിരുന്നു ഇതിൽ കൂടുതലായും ഉണ്ടായിരുന്നത്. നാട്ടുകാർ ചേർന്ന് ഈ പണം എണ്ണിത്തിട്ടപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ പണം എണ്ണിത്തീർന്നപ്പോൾ ആകെ 8.4 ലക്ഷം രൂപയുണ്ടെന്ന് വ്യക്തമായി.
സഹോദരിക്കൊപ്പമായിരുന്നു ഹൂർ ഈ വാടക വീട്ടിൽ ദീർഘകാലമായി താമസിച്ചിരുന്നത്. ഇരുവരും അവിവാഹിതരായിരുന്നു. രണ്ട് വർഷം മുൻപ് ഹൂറിന്റെ സഹോദരി മരണപ്പെട്ടിരുന്നു. ഇതിന് ശേഷവും ഹൂർ ഇതേ വീട്ടിൽ തന്നെ ഒറ്റയ്‌ക്ക് താമസിക്കുകയും ഭിക്ഷാടനത്തിലൂടെ തന്നെ ഉപജീവനം കണ്ടെത്തുകയും ചെയ്തു. വീട്ടിൽ നിന്നും കണ്ടെടുത്ത തുക അവരുടെ രണ്ട് സഹോദരന്മാർക്ക് കൈമാറിയതായി അധികൃതർ അറിയിച്ചു.
















