കഴിഞ്ഞ ദശകത്തില്‍ ഭാരതത്തിന്റെ കാര്‍ഷിക മേഖല ഗണ്യമായ പുരോഗതി കൈവരിച്ചു. അഞ്ചു വര്‍ഷത്തിനിടെ ശരാശരി 4 ശതമാനത്തിലേറെ വളര്‍ച്ച നേടിയതായി 2025-26 ലെ സാമ്പത്തിക സര്‍വേ വ്യക്തമാക്കുന്നു. ആധുനിക സാങ്കേതികവിദ്യ, മെച്ചപ്പെട്ട ജലസേചനം, കൃത്യസമയത്തുള്ള വളലഭ്യത തുടങ്ങിയ സര്‍ക്കാര്‍ നയങ്ങളുടെ പിന്തുണയോടെ കര്‍ഷകര്‍ കൂടുതല്‍ ഭക്ഷ്യധാന്യങ്ങളും പഴം-പച്ചക്കറികളും എണ്ണക്കുരുക്കളും ഉത്പാദിപ്പിക്കുന്നു. ഹോര്‍ട്ടികള്‍ച്ചര്‍ മേഖലയിലും ഉയര്‍ന്ന വളര്‍ച്ചയുണ്ട്.
രാസവള പ്രയോഗവും മണ്ണിന്റെ തകര്‍ച്ചയും
രാസവളങ്ങളുടെ അമിത ഉപയോഗം മണ്ണിന്റെ ഗുണനിലവാരം കുറയ്‌ക്കുകയും വിള ഉത്പാദനക്ഷമത പരിമിതപ്പെടുത്തുകയും ചെയ്യുന്നു. മണ്ണിലെ നൈട്രജന്‍ ഉപയോഗ കാര്യക്ഷമത കുറയുന്നത് രാസവളങ്ങള്‍ കൂടുതല്‍ പ്രയോഗിക്കാന്‍ കര്‍ഷകരെ നിര്‍ബന്ധിതരാക്കുന്നു; ഇത് നാമമാത്ര വളര്‍ച്ച മാത്രം നല്‍കുന്ന വിഷമചക്രമായി മാറുന്നു.
ജൈവ കാര്‍ബണിന്റെ കുറവും മണ്ണിലെ പ്രതിസന്ധിയും
മണ്ണു പരിശോധനാ പദ്ധതി വഴി 26 കോടി മണ്ണു ആരോഗ്യ കാര്‍ഡുകള്‍ വിതരണം ചെയ്തു. ഇതുവഴി ലഭിച്ച ഡാറ്റ ആശങ്കാജനകമാണ്. പല പ്രദേശങ്ങളിലും ജൈവ കാര്‍ബണും സൂക്ഷ്മ പോഷകങ്ങളും തീരെ കുറവാണ്. ആരോഗ്യമുള്ള മണ്ണില്‍ 1 ശതമാനത്തിലേറെ ജൈവ കാര്‍ബണ്‍ വേണമെന്നിരിക്കെ, ഭാരതത്തില്‍ ഇതിന്റെ ശരാശരി 0.5 ശതമാനവും ചിലയിടങ്ങളില്‍ 0.3 ശതമാനവുമാണ്.
ജലലഭ്യതയിലെ കുറവും പോഷക ആഗിരണശേഷിയും
ജൈവ കാര്‍ബണ്‍ കുറയുമ്പോള്‍ മണ്ണിന്റെ സുഷിരങ്ങള്‍ അടയുകയും വെള്ളം താഴേക്ക് ഇറങ്ങാതാവുകയും ചെയ്യുന്നു. തത്ഫലമായി മഴവെള്ളവും ജലസേചന ജലവും ഉപരിതലത്തിലൂടെ ഒലിച്ചുപോയി മേല്‍മണ്ണ് നഷ്ടപ്പെടുന്നു; ഭൂഗര്‍ഭ ജലനിരപ്പും ഉയരുന്നില്ല. സസ്യങ്ങള്‍ക്ക് ആവശ്യത്തിന് വെള്ളവും പോഷകങ്ങളും ലഭിക്കാതെ വരുമ്പോള്‍ കൂടുതല്‍ രാസവളം വേണ്ടിവരുന്നു. ഇത് ചെലവു കൂട്ടുന്നതിനൊപ്പം അസംസ്‌കൃത വസ്തുക്കളുടെ ഇറക്കുമതിക്കായി വിദേശനാണ്യം നഷ്ടപ്പെടുത്തുകയും ചെയ്യുന്നു.
പാരിസ്ഥിതിക ആഘാതവും ഭക്ഷ്യസുരക്ഷാ ഭീഷണിയും
രാസവളങ്ങളും കീടനാശിനികളും മണ്ണിലെ ഉപകാരികളായ സൂക്ഷ്മാണുക്കളെയും ജീവികളെയും നശിപ്പിക്കുന്നു. ഭക്ഷ്യവിളകളില്‍ ദോഷകരമായ രാസ അവശിഷ്ടങ്ങള്‍ അടങ്ങുന്നത് ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ഇടയാക്കും. വിഷാംശം അനുവദനീയമായ അളവില്‍ കൂടുതലായതിനാല്‍ അന്താരാഷ്‌ട്ര വിപണിയില്‍ ഭാരതത്തിന്റെ ഉല്‍പ്പന്നങ്ങള്‍ നിരസിക്കപ്പെട്ട സംഭവങ്ങളുമുണ്ട്. ഇത് സാമ്പത്തിക നഷ്ടമുണ്ടാക്കുകയും ‘ബ്രാന്‍ഡ് ഇന്ത്യ’യുടെ പ്രതിച്ഛായയെ ബാധിക്കുകയും ചെയ്യുന്നു.
ദേശീയ പ്രകൃതിദത്ത കൃഷി ദൗത്യം
ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ 2024-ല്‍ സര്‍ക്കാര്‍ ‘ദേശീയ പ്രകൃതിദത്ത കൃഷി ദൗത്യം’ ആരംഭിച്ചു. രാസകൃഷിക്ക് പകരം പശു ആധാരിത പ്രകൃതിദത്ത കൃഷിരീതികള്‍ പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം. മണ്ണിലെ ജൈവ കാര്‍ബണ്‍ കൂട്ടുക, പോഷക ആഗിരണം വര്‍ദ്ധിപ്പിക്കുക, രാസ ആശ്രിതത്വം കുറയ്‌ക്കുക എന്നിവയാണ് ദൗത്യത്തിന്റെ പ്രധാന ലക്ഷ്യങ്ങള്‍.
സീറോ ബജറ്റ് ഫാമിങ്ങും പ്രകൃതിദത്ത കൂട്ടുകളും
‘സീറോ ബജറ്റ് ഫാമിങ്’ എന്നും അറിയപ്പെടുന്ന പ്രകൃതിദത്ത കൃഷി, നാടന്‍ പശുക്കളുടെ ചാണകവും ഗോമൂത്രവും പ്രാദേശിക സാമഗ്രികളും ഉപയോഗിച്ചുള്ള ചെലവുകുറഞ്ഞ രീതിയാണ്.
ബീജാമൃത്: വിത്തു സംസ്‌കരണത്തിനും മികച്ച മുളയ്‌ക്കലിനും.
ജീവാമൃത്, ഘന്‍-ജീവാമൃത്, സപ്തായങ്കൂര്‍: സൂക്ഷ്മാണുക്കളെ വര്‍ദ്ധിപ്പിച്ച് മണ്ണു ഫലഭൂയിഷ്ഠമാക്കാന്‍.
സൗന്താസ്ത്ര, ഖട്ടി ലസ്സി: ബാക്ടീരിയ, ഫംഗസ് രോഗ പ്രതിരോധത്തിന്.
നീമാസ്ത്ര, ബ്രഹ്മാസ്ത്ര, അഗ്‌നിയാസ്ത്ര, ദശപാണി അര്‍ക്ക്: ജൈവ കീടനിയന്ത്രണത്തിന്.
നടപ്പാക്കല്‍ രീതികളും പരിശീലനവും
7.5 ലക്ഷം ഹെക്ടര്‍ കൃഷിഭൂമിയും 18 ലക്ഷം കര്‍ഷകരെയും ലക്ഷ്യമിടുന്ന ദൗത്യം, 50 ഹെക്ടര്‍ വിസ്തൃതിയുള്ള ക്ലസ്റ്ററുകളായാണ് നടപ്പാക്കുന്നത്. കൃഷി വിജ്ഞാന കേന്ദ്രങ്ങള്‍ വഴി ശാസ്ത്രജ്ഞര്‍ കര്‍ഷകര്‍ക്ക് പരിശീലനം നല്‍കുന്നു.
ബയോ-ഇന്‍പുട്ട് റിസോഴ്‌സ് സെന്ററുകള്‍
സ്വന്തമായി അസംസ്‌കൃത വസ്തുക്കള്‍ തയ്യാറാക്കാന്‍ കര്‍ഷകരെ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം, ഇവ കുറഞ്ഞ ചെലവില്‍ ലഭ്യമാക്കാന്‍ ‘ബയോ-ഇന്‍പുട്ട് റിസോഴ്‌സ് സെന്ററുകളും’ സ്ഥാപിച്ചിട്ടുണ്ട്.
ശാസ്ത്രീയ സ്ഥിരീകരണവും ഗവേഷണവും
കര്‍ഷകരുടെ സംശയങ്ങള്‍ ദൂരികരിക്കാന്‍ ഐസിഎആര്‍ സ്ഥാപനങ്ങളും കാര്‍ഷിക സര്‍വ്വകലാശാലകളും ശാസ്ത്രീയ പഠനങ്ങള്‍ നടത്തുന്നുണ്ട്. പരീക്ഷണ ഫലങ്ങള്‍ പ്രോത്സാഹജനകമാണ്.
വിപണന സാധ്യതകളും സര്‍ട്ടിഫിക്കേഷനും
ഉല്‍പ്പന്നങ്ങള്‍ക്ക് മികച്ച വില ഉറപ്പാക്കാന്‍ നാഷണല്‍ സെന്റര്‍ ഫോര്‍ ഓര്‍ഗാനിക് ആന്‍ഡ് നാച്ചുറല്‍ ഫാമിങ് മാനദണ്ഡങ്ങള്‍ വികസിപ്പിച്ചിട്ടുണ്ട്. പങ്കാളിത്ത ഗ്യാരണ്ടി സിസ്റ്റം സര്‍ട്ടിഫിക്കേഷന്‍ നേടുന്നതിലൂടെ കര്‍ഷകര്‍ക്ക് ഉയര്‍ന്ന വിലയില്‍ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാനാകുന്നു.
മാതൃകാപരമായ ഹൈബ്രിഡ് സമീപനം
രാസവളം പെട്ടെന്ന് ഒഴിവാക്കാതെ ക്രമേണ കുറച്ചുകൊണ്ടുവരുന്ന ഹൈബ്രിഡ് മാതൃകയും സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുന്നു. ഇത് വിളവും വരുമാനവും കുറയാതെ തന്നെ പ്രകൃതിദത്ത കൃഷിയിലേക്ക് മാറാന്‍ കര്‍ഷകരെ സഹായിക്കുന്നു.
സുസ്ഥിര ഭാവിയിലേക്കുള്ള പ്രയാണം വെസ്റ്റ് ഏഷ്യന്‍ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി മുന്നോട്ടുവെച്ച നിര്‍ദ്ദേശങ്ങളിലും പ്രകൃതിദത്ത കൃഷി ഉള്‍പ്പെടുന്നു. ഇത് കൃഷിയെ സുസ്ഥിരമാക്കുകയും, കന്നുകാലികളുടെ സാമ്പത്തിക മൂല്യം കൂട്ടുകയും, സുരക്ഷിതമായ ഭക്ഷണം ഉറപ്പാക്കി വിദേശനാണ്യം ലാഭിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.
(ഭാരത സര്‍ക്കാരിന്റെ കൃഷി, കര്‍ഷകക്ഷേമ മന്ത്രാലയം മുന്‍ സെക്രട്ടറിയാണ് ലേഖകന്‍)











