
ന്യൂദല്‍ഹി: സ്വാതന്ത്ര്യദിനാഘോഷത്തിലെ ഭീകരാക്രമണ പദ്ധതിക്കായി ഷെഹ്‌സാദ് ഭാട്ടി സംഘം റിക്രൂട്ടിങ് നടത്തിയത് സോഷ്യല്‍ മീഡിയയിലൂടെ. യുവാക്കള്‍ക്ക് പുറമേ സ്ത്രീകളെയും 15 വയസ് കഴിഞ്ഞ കുട്ടികളെയും റിക്രൂട്ട് ചെയ്തു. പണത്തിനും ലഹരിക്കും പുറമേ മത വിശ്വാസത്തെയും ദുരുപയോഗം ചെയ്താണ് റിക്രൂട്ടിങ് നടത്തിയത്. കേരളത്തിലുള്ള നിരവധി പേര്‍ക്ക് ഷെഹ്‌സാദ് ഭാട്ടി സംഘവുമായി ബന്ധമുണ്ടെന്നും അന്വേഷണത്തില്‍ വ്യക്തമായി.
യുഎഇയില്‍ നിന്നും കൈകാര്യം ചെയ്യുന്ന ഷെഹ്‌സാദ് ഭാട്ടിയുടെ നാല് ലക്ഷത്തോളം ഫോളോവേഴ്സുള്ള ഇന്‍സ്റ്റ, എഫ്ബി സോഷ്യല്‍ മീഡിയ അക്കൗണ്ടുകളാണ് റിക്രൂട്ടിങ്ങിന് ഉപയോഗിച്ചത്. ലൈക്കും കമന്റും ചെയ്യുന്നവരെ കേന്ദ്രീകരിച്ചായിരുന്നു റിക്രൂട്ടിങ്. പണത്തിന് ആവശ്യമുള്ളവര്‍, തീവ്രമതവികാരമുള്ളവര്‍, ലഹരി ആവശ്യമുള്ളവര്‍ തുടങ്ങിയവരെ തെരഞ്ഞെടുത്തു. അതിനുശേഷം സോഷ്യല്‍ മീഡിയ വഴിതന്നെ ഗ്രനേഡുകളും ബോംബുകളും എറിയാനും വിവിധ കേന്ദ്രങ്ങള്‍ നിരീക്ഷിക്കാനും അവയുടെ ചിത്രങ്ങളും വീഡിയോകളും ലഭ്യമാക്കാനും സിസിടിവികള്‍ സ്ഥാപിക്കാനും
പരിശീലനം നല്കി. ഉന്നത ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ യുവതികളെ ഹണിട്രാപ്പിനായി ഉപയോഗിച്ചു. മധ്യേഷ്യന്‍ രാജ്യങ്ങളിലെ തീവ്രവാദ ബന്ധമുള്ളവരുടെ അക്കൗണ്ടുകള്‍ വഴിയാണ് പണമെത്തിച്ചത്. 5000 മുതല്‍ ഒരുലക്ഷം വരെയുള്ള തുകകളായാണ് കൈമാറിയത്. ഇവര്‍ നല്കിയ വിവരങ്ങളും ദൃശ്യങ്ങളും പാകിസ്ഥാനിലെ ഐഎസ്ഐ- ജെയ്ഷെ മുഹമ്മദ് ഭീകരര്‍ക്ക് കൈമാറി.
പഞ്ചാബിലെ അതിര്‍ത്തി കേന്ദ്രങ്ങളിലെ യുവാക്കളെയും സ്ത്രീകളെയും കൗമാരക്കാരെയും കേന്ദ്രീകരിച്ചാണ് സോഷ്യല്‍ മീഡിയ റിക്രൂട്ടിങ് ആരംഭിച്ചത്. പിന്നീട് ഉത്തര്‍പ്രദേശ്, ഹരിയാന, ദല്‍ഹി, പഞ്ചാബ്, രാജസ്ഥാന്‍, മഹാരാഷ്‌ട്ര, ഉത്തരാഖണ്ഡ്, കര്‍ണാടക, ഗുജറാത്ത്, ബീഹാര്‍, തെലങ്കാന, ഹിമാചല്‍ , ജമ്മുകശ്മീര്‍, കേരളം എന്നിങ്ങനെ 14 സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിച്ചു.
പാകിസ്ഥാന്‍ ഐഎസ്ഐ- ജെയ്ഷെ മുഹമ്മദ് ഭീകര സംഘങ്ങള്‍ എത്തിക്കുന്ന പിസ്റ്റളുകള്‍, വെടിക്കോപ്പുകള്‍, മയക്കുമരുന്നുകള്‍ എന്നിവ അതിര്‍ത്തി കടത്താന്‍ യുവാക്കളെ ഉപയോഗിച്ചു. കേരളത്തിലും പണം കൈപ്പറ്റിയവരും പരിശീലനം ലഭിച്ചവരുമുണ്ടെന്ന് അന്വേഷണ ഏജന്‍സികള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. സ്വാതന്ത്ര്യദിനാഘോഷത്തില്‍ ഭീകരാക്രമണ പദ്ധതി തയാറാക്കിയതിന് പിടിയിലായ 253 പേരില്‍ രണ്ട് പേര്‍ കേരളത്തില്‍നിന്നുള്ളവരാണ്. കേരളത്തിലെ ലഹരി, ഗുണ്ടാ സംഘങ്ങളും ചില വ്ളോഗര്‍മാരും ഇതര സംസ്ഥാനത്ത് നിന്നുള്ള വിദ്യാര്‍ത്ഥികളും തൊഴിലാളികളും ഭാട്ടി സംഘത്തിന്റെ വലയിലുണ്ട്. ദേശീയ അന്വേഷണ ഏജന്‍സി ഉള്‍പ്പെടെ അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.