മലപ്പുറം : കുടവയർ ഉള്ളവർക്ക് മികച്ച വരുമാനം കിട്ടുന്ന അവസരമാണ് ഓണക്കാലം . കണ്ടും കേട്ടും മലയാളികളുടെ മനസിൽ പതിഞ്ഞ് പോയ മാവേലി രൂപത്തിന് കുടവയറും , കൊമ്പൻ മീശയും മസ്റ്റാണ് . ഓണക്കാലമായാൽ മികച്ച വരുമാന മാർഗമാണ് ഈ വേഷം.
ദിവസം 3000 – 4500 രൂപ വരെയാണ് ലഭിക്കുന്നത്. ചിലർക്കു ജോലി സ്ഥാപനങ്ങൾക്കു മുന്നിലാകും. ചിലർക്ക് ഘോഷയാത്രയ്‌ക്കൊപ്പം പോകേണ്ടി വരും. ചിലരെ വാഹനങ്ങളിൽ കൊണ്ടുനടന്ന് പ്രദർശിപ്പിക്കും. ചിലർക്കാകട്ടെ ഓണാഘോഷ പരിപാടികളിലാണ് ഡ്യൂട്ടി. എവിടെ പോയാലും ചെയ്യേണ്ടതൊന്നു മാത്രം. കയ്യുയർത്തി അനുഗ്രഹം നൽകുക.
ഓലക്കുട ചൂടി, തലയിൽ കിരീടം വച്ച് ദേഹമാസകലം ആഭരണങ്ങളണിഞ്ഞ് മേക്കപ്പിട്ട് ഇങ്ങനെ നിൽക്കുന്നത് ചില്ലറ കാര്യമൊന്നുമല്ലെന്നാണ് സ്ഥിരമായി വേഷം ധരിക്കുന്നവർ പറയുന്നത്. പല സ്ഥാപനങ്ങളും 10 – 20 ദിവസത്തേക്ക് കരാർ ഉറപ്പിച്ചാണ് വിളിക്കുന്നത്. ഓണക്കാലത്ത് മാവേലി വേഷം വാടകയ്‌ക്കു നൽകുന്നതും മികച്ച വരുമാന മാർഗമാണ്. വില കൊടുത്തു വാങ്ങുകയാണെങ്കിൽ 10,000 രൂപയോളം വരും. വാടകയ്‌ക്കാണെങ്കിൽ 1,000 രൂപ മുതൽ ആരംഭിക്കും.
















