തിരുവനന്തപുരം ; വിസിമാർക്കെതിരായ എസ് എഫ് ഐയുടെ നിഷേധാത്മക സമീപനം തുടരുന്നു. കേരള സർവകലാശാല ആസ്ഥാനത്തേക്ക് ഓണാഘോഷ റാലി നടത്തിയ എസ്എഫ്ഐ പ്രവർത്തകർ വൈസ് ചാൻസലർ മോഹനൻ കുന്നുമ്മലിനെ പ്രതീകാത്മകമായി ചവിട്ടിത്താഴ്‌ത്തുന്നതായാണ് കാട്ടിയത്. അദ്ദേഹം ആർ എർ എസ് പരിപാടിയിൽ വന്ദേമാതരം ആലപിക്കുന്നതിനെ അനുകൂലിച്ച് സംസാരിച്ചതിന് പിന്നാലെയാണ് എസ് എഫ് ഐയുടെ പുതിയ നീക്കം .
കാലടി സംസ്‌കൃത സർവകലാശാലയിൽ വൈസ് ചാൻസലറുടെ പ്രതീകാത്മക ശവസംസ്‌കാരം നടത്തിയത് വിവാദമായതിനു പിന്നാലെയാണ് പുതിയ സമരരീതി.സർവകലാശാല കവാടത്തിന് മുന്നിലും ക്യാംപസിനുള്ളിലും ഉണ്ടായിരുന്ന വൻ പൊലീസ് സംഘത്തിന്റെ സാന്നിധ്യത്തിലായിരുന്നു ചവിട്ടിത്താഴ്‌ത്തൽ.
മൂല്യനിർണയത്തിലെ അപാകതകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് നിയമ വിദ്യാർഥികളുടെ സമരത്തിന് പിന്തുണയുമായാണ് ഇവർ എത്തിയത്. യൂണിവേഴ്‌സിറ്റി കോളജിലെ ഓണാഘോഷ റാലിയാണ് ഉച്ചയോടെ സമീപത്തെ വാഴ്സിറ്റി ആസ്ഥാനത്ത് പ്രവേശിച്ചത്. വിസിയുടെ മുഖംമൂടി ധരിച്ച് പ്രധാന കെട്ടിടത്തിനു മുന്നിൽ നിന്ന വിദ്യാർഥിയെ പ്രതീകാത്മകമായി മാവേലി വേഷധാരികൾ ചവിട്ടിത്താഴ്‌ത്തുന്നതായിരുന്നു സമരരീതി.
















