Kerala

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ചു; രണ്ടാനച്ഛന് 120 വര്‍ഷം കഠിന തടവും പിഴയും

Published by
ജന്മഭൂമി ഓണ്‍ലൈന്‍

മലപ്പുറം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗിക പീഡനത്തിനിരയാക്കിയ രണ്ടാനച്ഛന് 120 വർഷം കഠിന തടവും 90,000 രൂപ പിഴയും. 11, 12 വയസുള്ള സഹോദരികളെ പീഡിപ്പിച്ച കേസിലാണ് കോടതി വിധി. രണ്ട് പോക്സോ കേസുകളിലായി മഞ്ചേരി സ്പെഷ്യൽ പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്. രണ്ട് കേസുകളിലും പ്രതിക്ക് 60 വർഷം വീതം കഠിന തടവാണ് വിധിച്ചത്. മഞ്ചേരി സ്പെഷ്യൽ പോക്സോ കോടതി ജഡ്‌ജി കെഎസ് വരുണാണ് ശിക്ഷ വിധിച്ചത്.

കൊണ്ടോട്ടി പോലീസ് സ്‌റ്റേഷനിൽ രജിസ്‌റ്റർ ചെയ്‌ത ക്രൈം 725/25 കേസിലാണ് ആദ്യ വിധി. 2023 സെപ്റ്റംബർ മുതൽ 2025 ജൂൺ 8 വരെയുള്ള കാലയളവിൽ പ്രതി താമസിച്ചിരുന്ന വീട്ടിൽവച്ച് 12 വയസുകാരിയായ കുട്ടിയെ പലതവണ ലൈംഗിക പീഡനത്തിനിരയാക്കിയെന്നാണ് കേസ്.

പോക്സോ നിയമത്തിലെ 3(a), 4(2), 5(p), 5(l) വകുപ്പുകൾ പ്രകാരം 20 വർഷം വീതം കഠിന തടവും 15,000 രൂപ വീതം പിഴയുമാണ് കോടതി വിധിച്ചത്. ഇതോടെ ഈ കേസിൽ ആകെ 60 വർഷം കഠിന തടവും 45,000 രൂപ പിഴയും ശിക്ഷയായി. പിഴ അടച്ചില്ലെങ്കിൽ ഒമ്പത് മാസം അധിക കഠിന തടവ് അനുഭവിക്കണം.

ക്രൈം 726/25 കേസിലും പ്രതിക്ക് 60 വർഷം കഠിന തടവും 45,000 രൂപ പിഴയും വിധിച്ചു. 2025 മാർച്ച് 27 മുതൽ ജൂൺ 8 വരെയുള്ള കാലയളവിൽ പ്രതിയും കുട്ടിയും ഒരുമിച്ച് താമസിച്ചിരുന്ന വാടക ക്വാർട്ടേഴ്‌സിലെ കിടപ്പുമുറിയിൽ ഉറങ്ങിക്കിടക്കുകയായിരുന്ന 12 വയസുകാരിയെ രണ്ടുതവണ ലൈംഗിക പീഡനത്തിനിരയാക്കിയെന്നാണ് കേസ്.

ഇരുകേസുകളിലുമായി 120 വർഷം കഠിന തടവും 90,000 രൂപ പിഴയുമാണ് പ്രതിക്ക് ലഭിച്ചത്. പിഴ അടച്ചില്ലെങ്കിൽ ആകെ 18 മാസം അധിക തടവ് അനുഭവിക്കണം. പ്രതിയുടെ റിമാൻഡ് കാലയളവ് ശിക്ഷയായി പരിഗണിക്കും. പ്രതി പിഴ അടച്ചാൽ തുക അതിജീവിതയ്‌ക്ക് നൽകാനും കോടതി ഉത്തരവിട്ടു. വിക്‌ടിം കോമ്പൻസേഷൻ സ്‌കീം പ്രകാരം കൂടുതൽ നഷ്‌ടപരിഹാരം നൽകുന്നതിനായി ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയോടും കോടതി നിർദേശിച്ചു.

കൊണ്ടോട്ടി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടറായിരുന്ന ഷമീർ പി.എം. ആണ് കേസുകൾ രജിസ്‌റ്റർ ചെയ്‌ത് അന്വേഷണംനടത്തിയത്. പ്രതിയെ അറസ്‌റ്റ് ചെയ്‌ത് കുറ്റപത്രം സമർപ്പിച്ചു. ഒരു കേസിന്റെ അന്വേഷണത്തിൽ സിവിൽ പോലീസ് ഓഫിസർ ശുഭ കെ.വിയും സഹായിച്ചു.

ക്രൈം 725/25 കേസിൽ പ്രോസിക്യൂഷൻ 18 സാക്ഷികളെ വിസ്‌തരിക്കുകയും 16 രേഖകൾ ഹാജരാക്കുകയും ചെയ്‌തു. ക്രൈം 726/25 കേസിൽ 15 സാക്ഷികളെ വിസ്‌തരിക്കുകയും 11 രേഖകൾ ഹാജരാക്കുകയും ചെയ്‌തു. സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. എ.സോമസുന്ദരൻ പ്രോസിക്യൂഷന് വേണ്ടി ഹാജരായി. പ്രോസിക്യൂഷൻ ലൈസൺ വിങ്ങിലെ അസിസ്‌റ്റൻ്റ് സബ് ഇൻസ്പെക്‌ടർ സൽമ എൻ. പ്രോസിക്യൂഷനെ സഹായിച്ചു.

Recent Posts