
കണ്ണൂർ: എസ്എഫ്ഐ അഖിലേന്ത്യ ജോയിൻറ് സെക്രട്ടറി ഐഷി ഘോഷ് പങ്കെടുക്കുന്ന ഷീ ഫെസ്റ്റിന് കണ്ണൂർ സർവകലാശാല അനുമതി നിഷേധിച്ചെങ്കിലും വിലക്ക് ലംഘിച്ച് പരിപാടി സംഘടിപ്പിച്ച് ക്യാമ്പസ് യൂണിയൻ. അനുമതി നിഷേധിച്ച പാലയാട് ക്യാമ്പസിലെ സെമിനാർ ഹാളിലാണ് എസ്എഫ്ഐ നേതൃത്വം നൽകുന്ന കോളേജ് യൂണിയൻ ഷീ ഫെസ്റ്റ് നടത്തിയത്. പരിപാടിയിൽ മുഖ്യാതിഥിയായി പങ്കെടുത്ത് ഐഷി ഘോഷ് സംസാരിക്കുകയും ചെയ്തു.
ഷീ ഫെസ്റ്റ് നടത്താൻ സെമിനാർ ഹാൾ അനുവദിക്കില്ലെന്നും പരിപാടിക്ക് വിസിയുടെ അനുമതി ഇല്ലെന്നും കാണിച്ച് ക്യാമ്പസ് ഡയറക്ടർ എസ്എഫ്ഐ യൂണിയൻ ഭാരവാഹികൾക്ക് ഞായറാഴ്ച അറിയിപ്പ് നൽകിയിരുന്നു. ജന്തർമന്തറിൽ വിദ്യാർഥി പ്രക്ഷോപങ്ങൾക്ക് നേതൃത്വം നൽകിയ ഐഷി ഘോഷ് പങ്കെടുക്കുന്നു എന്ന ഒറ്റ കാരണത്താലാണ് പരിപാടിക്ക് അനുമതി നിഷേധിച്ചതെന്ന് എസ്എഫ്ഐ കണ്ണൂർ ജില്ലാ സെക്രട്ടറി ജോയൽ തോമസ് പറഞ്ഞു.
കഴിഞ്ഞദിവസമാണ് ഷീ ഫെസ്റ്റിന് അനുമതി നിഷേധിച്ചെന്ന അറിയിപ്പ് ലഭിച്ചത്. സെമിനാർ ഹാളിൽനിന്ന് പ്രചാരണ സാമഗ്രഹികൾ ഉൾപ്പെടെ നീക്കം ചെയ്യണമെന്നും നിർദേശിച്ചു. ക്യാമ്പസിൽ എന്ത് പരിപാടി നടത്തണമെന്ന് തീരുമാനിക്കുന്നത് യൂണിയനാണ്. അല്ലാതെ വിസി അല്ല. വിസിക്ക് ഇക്കാര്യത്തിൽ യാതൊരു റോളുമില്ല എന്നാണ് എസ് എഫ് ഐയുടെ വാദം.