
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പോലീസ് മെഡലുകൾ ഇന്ന് പ്രഖ്യാപിക്കില്ല. സാധാരണ സ്വാതന്ത്ര്യ ദിനത്തിന്റെ തലേ ദിവസമാണ് പോലീസ് മെഡലുകൾ പ്രഖ്യാപിക്കുക. എന്നാൽ ആഭ്യന്തര വകുപ്പ് ഉദ്യോഗസ്ഥരുടെ ഗുരുതര വീഴ്ച മൂലം പട്ടികയിലെ പരിശോധന പൂർത്തിയാക്കാത്തതാണ് കാരണം. കഴിഞ്ഞ മാർച്ച് മാസത്തിൽ തന്നെ പോലീസ് ആസ്ഥാനത്ത് നിന്നും മെഡലുകൾക്ക് അർഹരായവരുടെ പട്ടിക കൈമാറിയിരുന്നു.
പട്ടികയിൽ പരാതി വന്നതോടെ മടക്കി അയച്ചുവെന്നും പിന്നീട് നടപടി ഉണ്ടായില്ലെന്നുമാണ് പുറത്തുവരുന്ന വിവരം. പട്ടിക പുനപരിശോധിക്കാൻ ആഭ്യന്തര വകുപ്പ് പോലീസ് ആസ്ഥാനത്തേയ്‌ക്ക് മടക്കി അയയ്‌ക്കുകയായിരുന്നു. പട്ടിക അംഗീകരിക്കാൻ ആഭ്യന്തര സെക്രട്ടറി ഈ മാസം 20ന് യോഗം ചേരുമെന്നാണ് വിവരം. അതേസമയം, അവാർഡ് ഇന്നുതന്നെ പ്രഖ്യാപിക്കാനുള്ള തിരക്കിട്ട നീക്കവും നടക്കുന്നുണ്ട്.