Football

‘ബ്രസീലുമായി കളിക്കണം’ ഭാരതം ആസിയാന്‍ കപ്പില്‍ നിന്ന് പിന്മാറി

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ന്യൂദല്‍ഹി: ഫിഫയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന അസിയാന്‍ കപ്പില്‍ നിന്നും ഭാരത ടീം പിന്മാറുന്നതായി അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍(എഐഎഫ്എഫ്). ലോക ഫുട്‌ബോളില്‍ പകരംവയ്‌ക്കാനില്ലാത്ത പാരമ്പര്യമുള്ള ബ്രസീലുമായി അന്താരാഷ്‌ട്ര സൗഹൃദ മത്സരം സംഘടിപ്പിക്കുന്നതിന് പ്രാധാന്യം നല്‍കിയാണ് ഭാരതത്തിന്റെ പിന്മാറ്റം.

ആസിയാന്‍ കപ്പില്‍ കളിച്ചാല്‍ ബ്രസീലുമായി നിശ്ചയിച്ചിരിക്കുന്ന സൗഹൃദ മത്സരം റദ്ദാക്കേണ്ടി വരും. സപ്തംബറിലെ അന്താരാഷ്‌ട്ര വിന്‍ഡോയില്‍ കൊല്‍ക്കത്തയിലെ സാള്‍ട്ട് ലേക്ക് സ്‌റ്റേഡിയത്തിലാണ് ബ്രസീല്‍-ഭാരതം പോരാട്ടം നടക്കുക. ഇതേ അന്താരാഷ്‌ട്ര വിന്‍ഡോയിലാണ് അസിയാന്‍ കപ്പും നടക്കുക. ഫിഫ മുന്‍കൈയെടുത്ത് സംഘടിപ്പിക്കുന്ന ടൂര്‍ണമെന്റില്‍ പ്രത്യേക താല്‍പര്യമെടുത്ത് ഭാരതത്തിന് അവസരം നല്‍കുകയായിരുന്നു. ഇത് വേണ്ടെന്നുവച്ചാണ് ബ്രസീലുമായുള്ള പോരാട്ടവുമായി മുന്നോട്ട് പോകുന്നത്.

അന്താരാഷ്‌ട്ര വിന്‍ഡോയില്‍ രണ്ട് മത്സരങ്ങള്‍ വരെ ഒരു ദേശീയ ടീം കളിക്കും. ഭാരതത്തിന് നിലവില്‍ ബ്രസീലുമായുള്ള മത്സരം മാത്രമേ ഷെഡ്യൂള്‍ ചെയ്തിട്ടുള്ളൂ. മറ്റൊരു ടീമിനെതിരെ കൂടി മത്സരത്തിന് അവസരമുണ്ട്. ഇക്കഴിഞ്ഞ ലോകകപ്പില്‍ കളിച്ച ഏതെങ്കിലും ടീമിനെ തന്നെ പങ്കെടുപ്പിക്കാന്‍ എഐഎഫ്എഫ് ശ്രമം നടത്തുന്നുണ്ട്. ലോകകപ്പില്‍ മിന്നും പ്രകടനം കാഴ്‌ച്ചവച്ച കേപ്പ് വെര്‍ദെയുമായും ഇറാനുമായും ചര്‍ച്ചകള്‍ നടന്നുവരികയാണെന്ന് എഐഎഫ്എഫ് അറിയിച്ചു.

Recent Posts