ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷയും സംഭരണശേഷിയും വിലയിരുത്തി ദേശീയ അണക്കെട്ട് സുരക്ഷാ അതോറിറ്റി ഉപസമിതി അംഗങ്ങള്‍. കേരളത്തിന്റെയും തമിഴ്‌നാടിന്റെ രണ്ട് പ്രതിനിധികള്‍ ഉള്‍പ്പെട്ട സംഘം കേന്ദ്ര ജലകമ്മീഷന്‍ ദക്ഷിണ മേഖല ഡയറക്ടര്‍ ആര്‍. ഗിരിധറിന്റെ നേതൃത്വത്തിലാണ് പ്രധാന അണക്കെട്ട്, ബേബി ഡാം, ഗാലറി ഏരിയ, സംഭരണ നില, നീരൊഴുക്ക് , ഷട്ടര്‍ പ്രവര്‍ത്തനം തുടങ്ങിയവ പരിശോധിച്ചത്. അണക്കെട്ടിലെ ജലനിരപ്പ് 123 അടിയിലെത്തിയ സാഹചര്യത്തിലാണിത്. അണക്കെട്ടില്‍ നിന്നുള്ള സീപ്പേജ് വാട്ടര്‍ സംഘം പരിശോധിച്ചു. മിനിറ്റില്‍ 35.038 ലീറ്റര്‍ എന്ന തോതിലാണ് ചോര്‍ച്ച രേഖപ്പെടുത്തിയത്.
അതേസമയം ബേബി ഡാം ശക്തിപ്പെടുത്തണമെന്നും തകര്‍ന്ന റോഡ് നന്നാക്കണമെന്നും പിന്നീടു ചേര്‍ന്ന അവലോകന യോഗത്തില്‍ തമിഴ്നാട്ടില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ നിര്‍ദേശിച്ചു.
















