
കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാര്‍സ് താരങ്ങള്‍ പരിശീലനത്തില്‍
തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിന്റെ (കെസിഎല്‍) മൂന്നാം സീസണിനായുള്ള തങ്ങളുടെ ആദ്യ പരിശീലന സെഷന്‍ തിരുവനന്തപുരം തുമ്പ കെസിഎ സെന്റ് സേവ്യേഴ്സ് കോളേജ് ഗ്രൗണ്ടില്‍ പൂര്‍ത്തിയാക്കി കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സ്. വെള്ളിയാഴ്ച നടന്ന പരിശീലനത്തോടെ ടീം ടൂര്‍ണമെന്റിനായുള്ള ഒരുക്കങ്ങള്‍ക്ക് തുടക്കമിട്ടു.
ഹെഡ് കോച്ച് ബിജുമോന്‍ എന്‍.പിയുടെ നേതൃത്വത്തില്‍ നടന്ന ആദ്യ സെഷനില്‍ ടീമിലെ 16 അംഗങ്ങളും പങ്കെടുത്തു. കളിക്കാരെ കായികമായും മാനസികമായും മത്സരസജ്ജരാക്കുന്നതിലാണ് ആദ്യദിനം കോച്ചിങ് സ്റ്റാഫ് ശ്രദ്ധ കേന്ദ്രീകരിച്ചത്. ഫിറ്റ്നസ് ട്രെയിനിംഗ്, ഫീല്‍ഡിങ് ഡ്രില്ലുകള്‍, പ്രത്യേക പരിശീലനങ്ങള്‍ എന്നിവയ്‌ക്ക് പുറമെ കളിക്കാര്‍ക്കിടയില്‍ സൗഹൃദവും ടീം ബോണ്ടിങ്ങും വളര്‍ത്തുന്നതിനായുള്ള വിവിധ ആക്റ്റിവിറ്റികളും ക്യാമ്പിന്റെ ഭാഗമായി നടന്നു.
20ന് തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ടൂര്‍ണമെന്റിലെ ഉദ്ഘാടന മത്സരത്തില്‍ തൃശൂര്‍ ടൈറ്റന്‍സാണ് ഗ്ലോബ്സ്റ്റാര്‍സിന്റെ എതിരാളികള്‍. ഓഗസ്റ്റ് 20 മുതല്‍ സെപ്റ്റംബര്‍ 5 വരെയാണ് കേരള ക്രിക്കറ്റ് ലീഗിന്റെ മൂന്നാം പതിപ്പ് അരങ്ങേറുന്നത്.
ആദ്യ മത്സരത്തിന് രണ്ടാഴ്ചയില്‍ താഴെ മാത്രം സമയമുള്ള സാഹചര്യത്തില്‍, വരും ദിവസങ്ങളിലെ കഠിനമായ പരിശീലനത്തിലൂടെ ടീമിനെ മികച്ച രീതിയില്‍ സജ്ജമാക്കുകയാണ് പരിശീലകര്‍ ലക്ഷ്യമിടുന്നത്. മത്സരത്തിനുള്ള ഒരുക്കങ്ങള്‍, പ്ലെയര്‍ കോമ്പിനേഷനുകള്‍, സാങ്കേതിക മികവ്, ടീമിന്റെ മൊത്തത്തിലുള്ള സന്തുലിതാവസ്ഥ എന്നിവയിലാകും വരും സെഷനുകളില്‍ കോച്ചിംഗ് സ്റ്റാഫ് പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുക.