Kerala

എബിവിപി നേതാവിന്റെ കൊലപാതകം; അഡ്വ. പി. പ്രേമരാജന്‍ സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കണ്ണൂര്‍: എബിവിപി നേതാവ് കണ്ണവത്തെ ശ്യാമപ്രസാദിനെ കൊലപ്പെടുത്തിയ കേസില്‍ അഡ്വ. പി. പ്രേമരാജനെ സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ചു. 2018 ജനുവരി 19 ന് വൈകുന്നേരം അഞ്ച് മണിക്കാണ് കാറിലെത്തിയ പോപ്പുലര്‍ ഫ്രണ്ട് സംഘം കൊമ്മേരി ഗവണ്‍മെന്റ് ഗോട്ട് ഫാമിന് സമീപത്ത് വെച്ച് ശ്യാമപ്രസാദിനെ ബൈക്ക് തടഞ്ഞ് വെട്ടിക്കൊലപ്പെടുത്തിയത്. അക്രമം കഴിഞ്ഞ് കാറില്‍ രക്ഷപ്പെടുകയായിരുന്ന ഒന്ന് മുതല്‍ നാലു വരെ പ്രതികളെ വയനാട് അതിര്‍ത്തിയില്‍ വെച്ച് രക്തംപുരണ്ട ആയുധങ്ങളും കാറുമായി പോലീസ് പിടികൂടുകയായിരുന്നു.

കേസില്‍ ആകെ 14 പ്രതികളാണുള്ളത്. പത്താം പ്രതിയായ സഫീര്‍ കോളജ് അദ്ധ്യാപകനായ ജോസഫ് മാഷിന്റെ കൈവെട്ടിയ കേസില്‍ പ്രതികളെ ഒളിപ്പിച്ചതിന് എന്‍ഐഎ കോടതിയുടെ വിചാരണയിലാണ്.

മുഹമ്മദ് ഷമീം, പി.വി. മുഹമ്മദ്, സലീം, സമീര്‍, ഫൈസല്‍, നിസാമുദ്ദീന്‍, സഹോദരന്‍ സലാഹുദ്ദീന്‍, അഷ്‌കര്‍, സലിം, സഫീര്‍, സി.എച്ച്. അഷ്‌കര്‍, അജ്മല്‍, നൗഷാദ്, മര്‍ഷൂദ് തുടങ്ങിയവരാണ് പ്രതികള്‍. സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കണം എന്നാവശ്യപ്പെട്ട് ശ്യാമപ്രസാദിന്റെ അമ്മ ഷൈമ കഴിഞ്ഞ ഇടത് സര്‍ക്കാറിന്റെ കാലത്ത് മുഖ്യമന്ത്രിക്കും ആഭ്യന്തരവകുപ്പിനും അപേക്ഷ നല്‍കിയെങ്കിലും പരിഗണിച്ചില്ല. തുടര്‍ന്ന് ഹൈക്കോടതിയെ സമീപിച്ചപ്പോള്‍ അപേക്ഷ പരിഗണിക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു. എന്നാല്‍ സര്‍ക്കാര്‍ ആവശ്യം നിരാകരിച്ചു. തുടര്‍ന്ന് ഹൈക്കോടതി ഉത്തരവിന്റെ പ്രാബല്യത്തില്‍ തനിക്ക് നീതി ലഭിക്കണമെന്ന് ആഭ്യന്തരവകുപ്പിന് ശ്യാമപ്രസാദിന്റെ അമ്മ നല്‍കിയ അപേക്ഷ പരിഗണിച്ചാണ് പുതിയ സര്‍ക്കാര്‍ തലശ്ശേരി ബാറിലെ അഡ്വ. പി. പ്രേമരാജനെ സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ചത്.

നിലവില്‍ തലശ്ശേരി ജില്ലാ സെഷന്‍സ് കോടതിയില്‍ വിചാരണയിലിരിക്കുന്ന കാസര്‍കോട് ബാറിലെ അഭിഭാഷകനായ സുഹാസിന്റെ കൊലപാതക കേസില്‍ സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ ആയും പയ്യന്നൂരില്‍ 2016 ബിഎംഎസ് നേതാവ് രാമചന്ദ്രന്‍ കൊലചെയ്യപ്പെട്ട കേസില്‍ സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറായും പ്രവര്‍ത്തിച്ചു വരികയാണ്. നേരത്തെ മുഴപ്പിലങ്ങാട് സൂരജ് വധക്കേസിലും ന്യൂമാഹി ഇരട്ടക്കൊലപാതക കേസിലും സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ആയി പ്രവര്‍ത്തിച്ചിരുന്നു. കേന്ദ്രസര്‍ക്കാര്‍ അഭിഭാഷകനായും, കസ്റ്റംസ്, ഇന്‍കം ടാക്‌സ്, ഡിഐര്‍ഐ എന്നിവയുടെ അഭിഭാഷകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

Recent Posts