
ശബരിയുടെ നിര്‍ദേശപ്രകാരം ശ്രീരാമനും ലക്ഷ്മണനും ഋശ്യമൂകപര്‍വതത്തിലേക്ക് യാത്രയായി. അവിടെ വാനരരാജാവായ സുഗ്രീവന്‍, സഹോദരനായ
ബാലിയെ ഭയന്ന് അഭയം തേടി കഴിയുകയായിരുന്നു. അകലെനിന്ന് രാമനെയും ലക്ഷ്മണനെയും കണ്ട സുഗ്രീവന്‍ ഭയപ്പെട്ടു. അവരുടെ ഉദ്ദേശം അറിയാന്‍ തന്റെ വിശ്വസ്തനായ ഹനുമാനെ അയച്ചു.
ബ്രാഹ്‌മണവേഷത്തില്‍ എത്തിയ ഹനുമാന്‍ രാമനെയും ലക്ഷ്മണനെയും സമീപിച്ചു. വിനയത്തോടെയും വിവേകത്തോടെയും അദ്ദേഹം അവരോടു കാര്യം അന്വേഷിച്ചു. ഹനുമാന്റെ സംസാരം കേട്ടപ്പോള്‍ രാമന്‍ ലക്ഷ്മണനോട് പറഞ്ഞു: ‘വേദങ്ങള്‍ നന്നായി അഭ്യസിച്ചവന് മാത്രമേ ഇങ്ങനെ തെറ്റില്ലാതെ സംസാരിക്കാന്‍ കഴിയൂ.’ ആ കൂടിക്കാഴ്ച ഒരു പരിചയപ്പെടല്‍ മാത്രമായിരുന്നില്ല; ലോകം കണ്ട ഏറ്റവും മഹത്തായ ഭക്തിബന്ധത്തിന്റെ തുടക്കമായിരുന്നു.
ചില കൂടിക്കാഴ്ചകള്‍ ജീവിതം മാറ്റിമറിക്കും. പരസ്പരവിശ്വാസവും സത്യസന്ധതയും ചേര്‍ന്നാല്‍ അവ കാലാതീതമായ ബന്ധങ്ങളായി മാറും.