പത്തനംതിട്ട: വന്‍ പ്രളയങ്ങളെ ചെറുക്കാന്‍ അണക്കെട്ടുകളുടെ സംഭരണ ശേഷി കൂട്ടണമെന്ന 2018ലെ നിര്‍ദേശം എട്ട് വര്‍ഷം കഴിഞ്ഞിട്ടും നടപ്പായില്ല. മഹാപ്രളയശേഷം ഡാമുകളുടെ പ്രവര്‍ത്തനം വിലയിരുത്താനും പ്രളയം പ്രതിരോധിക്കാനും സെന്‍ട്രല്‍ വാട്ടര്‍ കമ്മിഷനും അമിക്കസ് ക്യൂറിയും പ്രധാനമായും നിര്‍ദേശിച്ചത് റൂള്‍ കര്‍വ് പുനഃപരിശോധിക്കുക, ഡാമുകളുടെ സംയോജിത പ്രവര്‍ത്തനം നടപ്പാക്കുക, കൃത്യമായ പ്രളയ മുന്നറിയിപ്പ് സംവിധാനങ്ങള്‍ ഒരുക്കുക എന്നിവയാണ്. പക്ഷേ ഇതേവരെ ഒന്നു പോലും കാര്യക്ഷമമായി നടന്നിട്ടില്ലെന്ന് രേഖകള്‍ വ്യക്തമാക്കുന്നു.
ഓരോ റിസര്‍വോയറിലും വിവിധ സമയങ്ങളില്‍ സൂക്ഷിക്കേണ്ട ജലനിരപ്പ് സംബന്ധിച്ച റൂള്‍ കര്‍വ് ശാസ്ത്രീയമായി പരിഷ്‌കരിക്കാന്‍ കഴിയാത്തത് ഗുരുതര പ്രശ്നമാണെന്ന് വൈദ്യുതി ബോര്‍ഡ് ഉദ്യോഗസ്ഥര്‍ തന്നെ വ്യക്തമാക്കുന്നു. ശക്തമായ മഴ ലഭിക്കുന്ന അവസരങ്ങളില്‍ ഡാമുകളിലെ ജലനിരപ്പ് മുന്‍കൂട്ടി നിയന്ത്രിക്കാനും അണക്കെട്ടുകള്‍ തുറക്കുന്നതില്‍ ഏകോപനമുണ്ടാക്കാനുമുള്ള നയവും ആവിഷ്‌കരിച്ചിട്ടില്ല.
അണക്കെട്ടുകളില്‍ എക്കല്‍ അടിയുന്നത് തടയാനും സംഭരണശേഷി വര്‍ദ്ധിപ്പിക്കാനും ശ്രമിക്കാത്തതിനു പിന്നില്‍ ക്വാറി, പാറമട ലോബിയുടെ സമ്മര്‍ദമാണെന്ന ആക്ഷേപവും ശക്തമാണ്. കേന്ദ്ര ജല കമ്മിഷന്റെ സഹായത്തോടെ നദികളിലെ നീരൊഴുക്ക് മുന്‍കൂട്ടി കാണുന്നതിനുള്ള സംവിധാനങ്ങള്‍ ശക്തിപ്പെടുത്തണമെന്ന നിര്‍ദേശവും പ്രാവര്‍ത്തികമായിട്ടില്ല.
സംസ്ഥാനത്തെ പ്രധാന ജലസംഭരണികളുടെ സംയുക്ത സംഭരണ ശേഷി ഏകദേശം 5,058 ദശലക്ഷം ക്യൂബിക് മീറ്ററാണ്. ഇതില്‍ ഭൂരിഭാഗവും വൈദ്യുതി ബോര്‍ഡിന്റെയും ജലസേചന വകുപ്പിന്റെയും നിയന്ത്രണത്തിലാണ്. ഇതില്‍ വൈദ്യുതി വകുപ്പിന്റെ ഡാമുകളുടെ സംഭരണശേഷി 3547.6 ദശലക്ഷം ക്യുബിക് മീറ്റര്‍ വരും. ഇത് ആകെ സംഭരണത്തിന്റെ 70.1% മാണ്.
ജലസേചന വകുപ്പിന്റെ ഡാമുകളുടെ ശേഷി 1,441.9 ദശലക്ഷം ക്യൂബിക് മീറ്ററും ( 28.5%), ജല അതോറിറ്റിയുടെ സംഭരണ ശേഷി 68.4 ദശലക്ഷം ക്യൂബിക് മീറ്ററും ആണെന്നാണ് കണക്ക്. എന്നാല്‍ വര്‍ഷങ്ങളായി തുടര്‍ന്നു വരുന്ന മണ്ണിടിച്ചില്‍ മൂലം ജലസംഭരണികളുടെ സംഭരണശേഷിയില്‍ 15% കുറവു വന്നതായാണ് പമ്പാ പരിരക്ഷണ സമിതി നടത്തിയ പഠനങ്ങളില്‍ വ്യക്തമായത്.
കേരളത്തില്‍ ആകെ 81 അണക്കെട്ടുകളും ജലസംഭരണികളുമുണ്ട്. ആകെ സംഭരണശേഷിയുടെ 48 ശതമാനവും ഇടുക്കി, ഇടമലയാര്‍ അണക്കെട്ടുകളിലാണ്. ഇടുക്കി ഡാമിന്റെ മാത്രം സംഭരണശേഷി 70.5 ടിഎംസി വരും. അതായത് ഏകദേശം 1996 ദശലക്ഷം ക്യുബിക് മീറ്റര്‍. മുല്ലപ്പെരിയാര്‍ ഡാമിന്റെ സംഭരണ ശേഷി 618.4 ദശലക്ഷം ക്യുബിക് മീറ്ററാണ്. സംസ്ഥാനത്തെ രണ്ടാമത്തെ വലിയ ജല വൈദ്യുത പദ്ധതിയായ മൂഴിയാര്‍ ശബരിഗിരിയുടെ കക്കി, ആനത്തോട് ഡാമുകളുടെ സംഭരണശേഷി 447.76 ദശലക്ഷം ഘനമീറ്ററും പമ്പ റിസര്‍വോയറിന്റേത് 31.45 ദശലക്ഷം ഘനമീറ്ററുമാണ്.
എന്നാല്‍ 1966ല്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ഈ ഡാമുകളുടെ സ്‌ളൂയിഡ് വാല്‍വുകള്‍ ഒരിക്കല്‍ പോലും തുറന്നുവിട്ട് ചെളിയും മണലും ഒഴുക്കി കളഞ്ഞിട്ടില്ല. അണക്കെട്ടുകളിലെ മണല്‍ ഖനനം ചെയ്ത് വില്‍ക്കണമെന്ന നിര്‍ദേശവും നടപ്പായില്ല. കടുത്ത വേനലിനെ തുടര്‍ന്ന് 20%-ല്‍ താഴെ മാത്രം ജലമുണ്ടായിരുന്ന ഡാമുകള്‍ നാലു ദിവസം തുടര്‍ച്ചയായി മഴ പെയ്തതോടെ 50% ജലം ശേഖരിച്ചു എന്നത് തന്നെ സംഭരണ ശേഷി നഷ്ടമായതിന് തെളിവാണ്.














